ഘർവാപ്പസി പീഡനകേന്ദ്രത്തിലെ ക്രൂരതകൾ വ്യക്തമാക്കി മറ്റൊരു യുവതിയും: പ്രണയിച്ച മുസ്ലിം യുവാവിനെ വേണ്ടെന്നു പറയുംവരെ ക്രൂര മർദ്ദനം; മാനസികരോ​ഗിയാക്കാൻ കൂട്ടുനിന്ന് അമൃത ആശുപത്രി

ലൗ ജിഹാദാണന്നു ഭീഷണിപ്പെടുത്തിയാണ് തന്നെ യോ​ഗാ കേന്ദ്രത്തിൽ എത്തിച്ചത്. ദിവസങ്ങളോളം അവിടെ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു. മുസ്ലിം യുവാവിനെ ഇഷ്ടപ്പെട്ടതിനു പിന്നാലെ തന്നെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റി യോ​ഗാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. മെഡിസിൻ നൽകി മയക്കിയാണ് അവിടേക്കു കൊണ്ടുപോയത്. അവിടെയെത്തിച്ചതിനു പിന്നാലെ ക്രൂരമായ മർദ്ദനത്തിനു വിധേയയാക്കി- അഷിത വ്യക്തമാക്കുന്നു.

ഘർവാപ്പസി പീഡനകേന്ദ്രത്തിലെ ക്രൂരതകൾ വ്യക്തമാക്കി മറ്റൊരു യുവതിയും: പ്രണയിച്ച മുസ്ലിം യുവാവിനെ വേണ്ടെന്നു പറയുംവരെ ക്രൂര മർദ്ദനം; മാനസികരോ​ഗിയാക്കാൻ കൂട്ടുനിന്ന് അമൃത ആശുപത്രി

തൃപ്പൂണിത്തുറ ഘർവാപ്പസി പീഡനകേന്ദ്രത്തിൽ താൻ നേരിട്ട ക്രൂരപീഡനം വെളിപ്പെടുത്തി മറ്റൊരു യുവതിയും. യോ​ഗാ കേന്ദ്രത്തിൽ നിന്നു രക്ഷപെട്ട് ഒളിവിൽ കഴിയുന്ന അഷിത എന്ന യുവതിയാണ് വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുന്നത്. മുസ്ലിം യുവാവിനെ പ്രണയിച്ചതിനാണ് താൻ പീഡനം നേരിട്ടതെന്ന് യുവതി പറയുന്നു.

ലൗ ജിഹാദാണന്നു ഭീഷണിപ്പെടുത്തിയാണ് തന്നെ യോ​ഗാ കേന്ദ്രത്തിൽ എത്തിച്ചത്. ദിവസങ്ങളോളം അവിടെ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു. മുസ്ലിം യുവാവിനെ ഇഷ്ടപ്പെട്ടതിനു പിന്നാലെ തന്നെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റി യോ​ഗാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. മെഡിസിൻ നൽകി മയക്കിയാണ് അവിടേക്കു കൊണ്ടുപോയത്. അവിടെയെത്തിച്ചതിനു പിന്നാലെ ക്രൂരമായ മർദ്ദനത്തിനു വിധേയയാക്കി.

കെട്ടിയിട്ട് വായിൽ തുണി തിരുകി പാട്ടുവച്ചായിരുന്നു മർദ്ദനമുറകൾ. നിലവിളി ശബ്ദം പുറത്തുകേൾക്കാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. താൻ പ്രണയിച്ച മുസ്ലിം യുവാവിനെ വേണ്ട എന്നു പറയുംവരെ കമ്പിയും വടിയും കൊണ്ട് മർദ്ദിച്ചു. ആറു മാസത്തോളം ഇങ്ങനെ മർദ്ദനം തുടർന്നു. ദിവസേന ഏഴോ എട്ടോ ​ഗുളികകൾ കഴിപ്പിച്ചു. എന്തു ​ഗുളികകളാണെന്നൊന്നും അറിയില്ല- അഷിത വ്യക്തമാക്കുന്നു.

തന്നെ മാനസികരോ​ഗിയാക്കാൻ അമൃത ആശുപത്രി കൂട്ടുനിന്നു എന്നതാണ് യുവതിയുടെ മറ്റൊരു ആരോപണം. ആറ് ആഴ്ചയാണ് അമൃത ആശുപത്രിയിൽ കൊണ്ടുപോയി കിടത്തിയത്. തുടർന്ന് മാനസിക രോ​ഗിയാണെന്ന സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ താൻ പ്രണയിച്ച ആൾ കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു. കോടതിയിൽ വച്ച് വീട്ടുകാർക്കൊപ്പം പോയാൽ മതിയെന്നു പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്നു വരെ ഭീഷണിപ്പെടുത്തി. ഒടുവിൽ ഭീഷണി ഭയന്ന് അവനെ വേണ്ട എന്ന് പറയേണ്ടിവന്നതായും യുവതി വെളിപ്പെടുത്തുന്നു.

വീട്ടിലെത്തിയ ശേഷം പിന്നീട് അവനുമായി ബന്ധം തുടർന്നപ്പോൾ വീണ്ടും യോ​ഗാ കേന്ദ്രത്തിൽ എത്തിച്ചു. ആദ്യത്തേതിലും ക്രൂരമായിരുന്നു പീന്നീടുള്ള മർദ്ദനം. തന്നെ തിരുവനന്തപുരത്തുള്ള യോ​ഗാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും അവിടെയെത്തിയാൽ വെള്ളത്തിൽ തലകീഴായി കെട്ടിത്തൂക്കിയിട്ട് മർദ്ദിക്കുമെന്നും കൈയിൽ ആണി അടിച്ചുകയറ്റുമെന്നും ഭീഷണിപ്പെടുത്തി. അവിടേക്കു പോകാൻ സമ്മതമാണെന്നു കാണിച്ചുള്ള സമ്മതപത്രവും തന്റെ കൈയിൽ നിന്നും എഴുതിവാങ്ങിയിരുന്നു.

ലൗ ജിഹാദാണെന്നാണ് അവർ പറഞ്ഞതെന്നും അഷിത ചൂണ്ടിക്കാട്ടുന്നു. എന്നാൽ താൻ പ്രണയിച്ച വ്യക്തി ഒരിക്കൽ പോലും തന്നോട് മതംമാറാൻ ആവശ്യപ്പെട്ടിരുന്നില്ല. മാത്രമല്ല, ഇവർ അദ്ദേഹത്തെ വിളിച്ച് ഹിന്ദുമതത്തിലേക്കു വരണമെന്നും അങ്ങനെയാണെങ്കിൽ നിങ്ങളുടെ വിവാഹം നടത്തിത്തരാമെന്നും പറഞ്ഞിരുന്നു. എനിക്ക് മതംമാറാതെ കേരളത്തിൽ ജീവിക്കണം- അഷിത വിശദമാക്കുന്നു.

Read More >>