ജോസ് തെറ്റയിലിന്റെ അങ്കമാലി കേസ് ഡയറി ഓര്‍ക്കുന്നുണ്ടോ? വിധി വന്നപ്പോള്‍ തെറ്റയിലല്ല തെറ്റുകാരനായത്

മംഗളം ചാനല്‍ പുറത്തുവിട്ട ഓഡിയോയ്ക്ക് പിന്നാലെ എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ച പശ്ചാത്തലത്തില്‍ ലൈംഗികാരോപണത്തിന്റെ പേരില്‍ രാഷ്ട്രീയഭാവി ഇല്ലാതായ മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട കേസിനെക്കുറിച്ച് ഒരു അവലോകനം

ജോസ് തെറ്റയിലിന്റെ അങ്കമാലി കേസ് ഡയറി ഓര്‍ക്കുന്നുണ്ടോ? വിധി വന്നപ്പോള്‍ തെറ്റയിലല്ല തെറ്റുകാരനായത്

എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനം നഷ്ടമാക്കിയ മംഗളം ചാനലിന്റെ എക്‌സ്‌ക്ലുസീവ് ഓഡിയോ വിവാദമായ പശ്ചാത്തലത്തില്‍ മറ്റൊരു മുന്‍ മന്ത്രിയായ ജോസ് തെറ്റയിലുള്‍പ്പെട്ട ലൈംഗിക ആരോപണത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചും ഒന്നുകൂടി പരിശോധിക്കാം. കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച കേസ് സുപീം കോടതി വരെയെത്തിയെങ്കിലും അന്തിമ വിധി തെറ്റയിലിന് അനുകൂലമായിരുന്നു.

എന്നാല്‍ തെറ്റയിലിന്റെ രാഷ്ട്രീയഭാവിയ്‌ക്കേറ്റ തിരിച്ചടിയായി മാറി ലൈംഗികാരോപണം. അങ്കമാലിയില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരുന്ന തെറ്റയിലിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും തഴഞ്ഞു. അദ്ദേഹം തന്നെ അങ്കമാലിയില്‍ നിന്നിരുന്നെങ്കില്‍ ജനവിധി മറ്റൊന്നാകുമെന്ന് നിരവധിപ്പേര്‍ ഇന്നും അഭിപ്രായപ്പെടുന്നുണ്ട്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിട്ടും ജോസ് തെറ്റയിലിനെതിരെ യുവതി കോടതികളെ സമീപിച്ചു. സുപ്രീം കോടതി വരെ നടന്ന നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ തെറ്റയില്‍ കുറക്കാരനല്ലെന്ന് വിധി വന്നു.

2014 ജനുവരി 3ന് സംസ്ഥാന സര്‍ക്കാര്‍ തെറ്റയിലിനെതിരെ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു. നേരത്തെ ഹൈക്കോടതിയും തെറ്റയിലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട ഹരജി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തെറ്റയിലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന വാഗ്ദാനത്തില്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പരാതി നല്‍കിയത്. തെറ്റയിലിന്റെ മകനേയും പ്രതി ചേര്‍ത്താണ് യുവതി പരാതി നല്‍കിയത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ലൈംഗികാരോപണക്കേസുകള്‍ ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ടെങ്കിലും ഈ സംഭവം പല കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുകയും പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ചില വസ്തുതകളിലേക്ക്

ആദ്യമായി ചാനലിലൂടെ നഗ്ന വീഡിയോ പുറത്തുവിട്ട സംഭവം\

മലയാളം ചാനലുകളുടെ ചരിത്രത്തിലാദ്യമായി കിടപ്പറ രംഗം പുറത്തുവിട്ടത് തെറ്റയില്‍ സംഭവത്തിലാണ്. യുവതിയുടേയും തെറ്റയിലിന്റേയും സ്വകാര്യ രംഗങ്ങള്‍ ഇന്ത്യാ വിഷന്‍ ഒഴികെ എല്ലാ വാര്‍ത്താ ചാനലുകളും പുറത്തുവിട്ടു. മംഗളം വിഷയത്തില്‍ നൈതികത തിരയുന്ന പല പ്രമുഖ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ ചാനലുകള്‍ വ്യക്തികളുടെ സ്വകാര്യ രംഗങ്ങള്‍ പുറത്തിവിട്ടതിനെക്കുറിച്ച് മൗനം പാലിക്കുകയായാണ് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ മാധ്യമങ്ങള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. സ്വകാര്യ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്ത ചാനലുകളുടെ നടപടികളെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങളുണ്ടായി.

വാര്‍ത്തക്ക് പിന്നില്‍ എംഎല്‍എയുടെ ഭാര്യയായ വനിതാ മാധ്യമപ്രവര്‍ത്തക

ജോസ് തെറ്റയില്‍ വിഷയം പുറത്തുകൊണ്ടുവന്നത് ഒരു വനിതാ മാധ്യമപ്രവര്‍ത്തകയായിരുന്നു. കുന്നത്തുനാട് എം എല്‍ എ വി പി സജീന്ദ്രന്റെ ഭാര്യയായ ലേബി സജീന്ദ്രനാണ് മാതൃഭൂമി ചാനലിലൂടെ സംഭവം പുറത്തുവിട്ടത്. മംഗളം പുറത്തുവിട്ട ശശീന്ദ്രന്റെ സംഭാഷണത്തിലുള്‍പ്പെട്ടത് ജീവനക്കാരി തന്നെയാണെന്ന തരത്തിലാണ് ഇപ്പോള്‍ പ്രചാരണങ്ങള്‍. ഈ സാഹചര്യത്തില്‍ വാര്‍ത്തകളുണ്ടാക്കുന്നതിനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇരയാകുന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത്. അതേസമയം ലേബി സജീന്ദ്രന് മറ്റൊരു ഓഡിയോ ക്ലിപ്പില്‍ കുടുങ്ങി മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒരാളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമായതോടെയാണ് ലേബി രാജി പ്രഖ്യാപിച്ചത്. ഈ സംഭാഷണത്തില്‍ മാതൃഭൂമിയിലെ സഹപ്രവര്‍ത്തകനെതിരേയും ലേബി മോശം പരാമര്‍ശം നടത്തിയിരുന്നു.

വിഡിയോ പുറത്തുവിട്ടത് ഉമ്മന്‍ ചാണ്ടിയെന്ന് ആരോപണം

ജോസ് തെറ്റയില്‍ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. എറണാകുളത്തെ ഒരു മുന്‍ എം എല്‍ എ വഴി യുവതിയ്ക്ക് കോടിക്കണക്കിന് രൂപ കൈമാറിയതായും ആരോപണമുണ്ടായിരുന്നു. കേസിന്റെ തുടക്ക കാലത്ത് കോണ്‍ഗ്രസിന് അനുകൂല നിലപാട് സ്വീകരിച്ചുവന്ന യുവതി ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വീഡിയോ പുറത്തുവിട്ടതെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു. താന്‍ പരാതിയുടെ ഭാഗമായാണ് വീഡിയോ കൈമാറിയതെന്നും എന്നാല്‍ ഉമ്മന്‍ ചാണ്ടി അത് പുറത്താക്കുകയുമായിരുന്നു എന്നാണ് യുവതി പരസ്യമായി ആരോപണമുന്നയിച്ചത്. ചാനലുകള്‍ക്കെതിരെ

മനുഷ്യാവകാശ കമ്മീഷന്‍ കേസ്

സ്വകാര്യ രംഗങ്ങള്‍ പുറത്തുവിട്ടതിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മലയാളം ചാനലുകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ പുറത്തിവിടുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കേണ്ടിയിരുന്നെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജെ ബി കോശി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ഒളിച്ചുകളി

മംഗളം വിവാദത്തില്‍ ശക്തമായ നിലപാടെടുക്കുന്ന പല മാധ്യമപ്രവര്‍ത്തകരും അവര്‍ ജോലി ചെയ്യുന്ന ചാനലുകള്‍ ജോസ് തെറ്റയിലുള്‍പ്പെട്ട വീഡിയോ പുറത്തിവിട്ട സംഭവത്തില്‍ നിശബ്ദദത പാലിക്കുകയായിരുന്നു. വീഡിയോ പുറത്തുവിട്ടതിലെ നൈതികതയെക്കുറിച്ച് വേണ്ടവിധം ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയോ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ ചെയ്തില്ല.

Read More >>