രണ്ടാം ക്ലാസ്സുകാരി അനേല തനിച്ചാണ് ഈ സ്‌കൂളില്‍...

ഒരു വിദ്യാര്‍ത്ഥിയെ പഠിക്കാന്‍ ഉള്ളുവെങ്കിലും സ്‌കൂള്‍ പൂട്ടരുത് എന്ന പുതിയ സര്‍ക്കാര്‍ തീരുമാനം കൊണ്ടാണ് സ്‌കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അനേല കഴിഞ്ഞ വര്‍ഷം ഒന്നില്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഷൊര്‍ണൂര്‍ എസ്. ആര്‍.വി.എല്‍.പി സ്‌കൂളിന് താഴ് വീണേനെ. 1930 ല്‍ തുടങ്ങിയ സ്‌കൂളാണ് ഇപ്പോള്‍ രണ്ടു വര്‍ഷമായി ഒരു കുട്ടിയും അധ്യാപികയുമായി മുന്നോട്ട് പോകുന്നത്.

രണ്ടാം ക്ലാസ്സുകാരി അനേല തനിച്ചാണ് ഈ സ്‌കൂളില്‍...

അനേല രണ്ടാം ക്ലാസ്സില്‍ തനിച്ചാണ്. കുസ്യതി കാണിക്കാനും കളിക്കാനും കൂട്ടുകാര്‍ ആരുമില്ല. ക്ലാസ്സില്‍ എന്നല്ല സ്‌കൂളില്‍ പോലും വേറെ വിദ്യാർത്ഥികള്‍ ഇല്ല. അനേലയും അനേലയെ പഠിപ്പിക്കുന്ന ക്ലാസ്സ് ടീച്ചറും മാത്രമാണ് രണ്ടു വര്‍ഷമായി ഷൊര്‍ണൂര്‍ എസ്. ആര്‍.വി.എല്‍.പി സ്‌കൂളില്‍ ഉള്ളത്.

കഴിഞ്ഞ വര്‍ഷം അനേല ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതു മുതല്‍ ടീച്ചറും അനേലയും തനിച്ചാണ്. അനേല ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന സമയത്ത് നാലില്‍ പഠിച്ചിരുന്ന കുട്ടി പഠിത്തം പൂര്‍ത്തിയാക്കി പോയതോടെയാണ് അനേല ഏക വിദ്യാര്‍ത്ഥിയായി മാറിയത്.

ഒരു വിദ്യാര്‍ത്ഥിയെ പഠിക്കാന്‍ ഉള്ളുവെങ്കിലും സ്‌കൂള്‍ പൂട്ടരുത് എന്ന സര്‍ക്കാര്‍ തീരുമാനം കൊണ്ടാണ് സ്‌കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അനേല കഴിഞ്ഞ വര്‍ഷം ഒന്നില്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം തന്നെ സ്‌കൂളിന് താഴ് വീണേനെ. അനേലക്കായി ഇനി രണ്ടു വര്‍ഷം കൂടി സ്‌കൂള്‍ തുറക്കും. പുതിയ കുട്ടികള്‍ ആരും വന്നില്ലെങ്കില്‍ സ്‌കൂള്‍ പൂട്ടും.

1930 ല്‍ തുടങ്ങിയ ഷൊര്‍ണൂരിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിയ സ്‌കൂളാണ് ഇപ്പോള്‍ രണ്ടു വര്‍ഷമായി ഒരു കുട്ടിയും അധ്യാപികയുമായി മുന്നോട്ട് പോകുന്നത്. നേരത്തെ വിദ്യാലയം കുട്ടികളെ കൊണ്ട് നിറഞ്ഞിരുന്നു. ക്ലാസ്സ് മുറികളില്‍ സ്ഥലം തികയാതെ വന്നപ്പോള്‍ മുറ്റത്ത് പുതിയ ഷെഡ് കെട്ടിയും ക്ലാസ്സുകള്‍ നടത്തിയിരുന്നു. അണ്‍ എയ്ഡഡ്, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കൂടി വന്നപ്പോള്‍ ഇവിടേയും തിരക്ക് കുറഞ്ഞു. പത്ത് വര്‍ഷം മുമ്പ് 25 കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ കുറഞ്ഞത് കാരണം പിന്നീട് വിരമിച്ചു പോകുന്ന അധ്യാപകര്‍ക്ക് പകരം പുതിയ അധ്യാപകരെ നിയമിക്കാതായി.

അനേലയുടെ വീട് സ്‌കൂളിന് തൊട്ടടുത്താണ്. വന്നു പോകാന്‍ സൗകര്യം. മകളുടെ ബോറടി മാറ്റാന്‍ ചില സമയങ്ങളില്‍ അമ്മയും വന്നു പോകും. തനിച്ചാണെങ്കിലും രണ്ട് വര്‍ഷം കൂടി അനേല സ്‌കൂളില്‍ വരും. അടുത്ത വര്‍ഷം ഒന്നാം ക്ലാസ്സില്‍ പുതിയ കുട്ടികള്‍ വന്നാല്‍ സ്‌കൂളിന് പിന്നേയും നാലു കൊല്ലം കൂടി ആയുസ് നീട്ടി കിട്ടും.