താൻ ആരാണ് എന്ന ചോദ്യത്തിന് ഞാൻ പൊതു ജനമെന്ന് ചെന്നിത്തലയോട് മറുപടി പറഞ്ഞ ആൻഡേഴ്സൺ പ്രതികരിക്കുന്നു

ശ്രീജിത്തിന്റെ സമരം ഏറ്റെടുക്കാൻ ചെന്ന് അപഹാസ്യമായ രമേശ് ചെന്നിത്തലയോട് താൻ ആരാണ് എന്ന ചോദ്യത്തിന് ഞാൻ പൊതു ജനമെന്ന മറുപടി പറഞ്ഞ കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ആൻഡേഴ്സൺ എഡ്വേർഡ് നാരദന്യൂസിനോട് പ്രതികരിക്കുന്നു.

താൻ ആരാണ് എന്ന ചോദ്യത്തിന് ഞാൻ പൊതു ജനമെന്ന് ചെന്നിത്തലയോട് മറുപടി  പറഞ്ഞ ആൻഡേഴ്സൺ പ്രതികരിക്കുന്നു

ശ്രീജിത്തിന്റെ സമരം ഏറ്റെടുക്കാൻ ചെന്ന് അപഹാസ്യമായ രമേശ് ചെന്നിത്തലയോട് താൻ ആരാണ് എന്ന ചോദ്യത്തിന് ഞാൻ പൊതു ജനമെന്ന മറുപടി പറഞ്ഞ കൊല്ലം ശാസ്‌താംകോട്ട സ്വദേശിയായ ആൻഡേഴ്സൺ എഡ്വേർഡ് നാരദന്യൂസിനോട് പ്രതികരിക്കുന്നു.

രണ്ടു വർഷങ്ങൾക്ക് മുൻപ് ഞാനും ശ്രീജിത്തും കൂടിയാണ് അന്നത്തെ ആഭ്യന്തര മന്ത്രികൂടിയായിരുന്ന രമേശ് ചെന്നിത്തലയെ അദ്ദേഹത്തിൻറെ ഓഫീസിൽ പോയി കണ്ടത്. കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പറഞ്ഞ ശേഷം അദ്ദേഹം ഞങ്ങളോട് പറഞ്ഞത് സെക്രട്ടറിയേറ്റിനു മുൻപിൽ കൊതുകുകടിയും പൊടിയും കൊണ്ട് ഇൻഫെക്ഷനോന്നും പിടിക്കാണ്ട് വീട്ടിൽ പോയി കിടക്കാനാണ് അന്ന് പറഞ്ഞത്. ഇന്ന് രമേശ് ചെന്നിത്തല വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സാർ എന്തിനാണിപ്പോൾ ഇങ്ങോട്ട് വന്നതെന്ന്, അപ്പോൾ ചെന്നിത്തല പറഞ്ഞത് ഇത് ചോദിയ്ക്കാൻ നിങ്ങളാരാണ് എന്നാണ്. അപ്പോഴാണ് ഞാൻ ഈ നാട്ടിലെ പൊതു ജനമാണെന്ന പറഞ്ഞത്. അദ്ദേഹത്തിന് ഞങ്ങളെ കൃത്യമായി മനസ്സിലായി. ഞങ്ങൾ അന്ന് ഓഫീസിൽ വന്നത് സാറിനോർമ്മയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഓർമ്മയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ചെന്നിത്തല വളരെ പരുഷമായി താൻ ആരാണ് എന്ന് പിന്നെയും ചോദിക്കുകയായിരുന്നു. തനിക്കിത് പറയാൻ എന്താണധികാരം എന്ന മട്ടിലുള്ള പരുഷമായ ചോദ്യമായിരുന്നു ചെന്നിത്തല ചോദിച്ചത്. അപ്പോഴാണ് ഞാൻ ഈ നാട്ടിലെ പൗരനാണ്, അവന്റെ സുഹൃത്താണ് എനിക്കും സാറിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അധികാരമുണ്ടെന്ന് പറഞ്ഞത്. അവിടെ അത്രയധികം ആളുകൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്നെ മർദ്ദിച്ചേനെ.

ഡിജിപി റാങ്കിൽ കുറയാത്ത ഒരാൾ ഈ കേസ് അന്വേഷിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ പറഞ്ഞിട്ട് ഇരുമുന്നണികളും ആ തീരുമാനത്തെ അട്ടിമറിക്കുകയായിരുന്നു. കൂടാതെ ശ്രീജിവിന്റെ വൃഷണം പിടിച്ച് ഞെരിച്ചുടച്ച ഫിലിപ്പോസ് എന്ന പോലീസുകാരന് പ്രമോഷനോട് കൂടി സ്ഥലമാറ്റം നൽകുകയാണ് ചെയ്തത്. ഭരിക്കുന്ന കാലത്ത് ഈ വിഷയത്തിന് നേരെ കണ്ണടക്കുകയും പിന്നീട് പ്രതിപക്ഷത്തായിരുന്നപ്പോൾ മാത്രം സമരത്തെ ഏറ്റെടുക്കാൻ വരുന്നത് അപഹാസ്യമാണ്.

രമേശ് ചെന്നിത്തലയോട് ആ ഒരു മറുപടി പറഞ്ഞതിന്റെ പേരിൽ എനിക്ക് നേരെ ഈ ഒരു മണിക്കൂറിനുള്ളിൽ മൂന്നു നാല് ഗൾഫ് കോളുകൾ വന്നു. ശാരീരികമായി ഉപദ്രവിക്കും എന്നാണ് ഭീഷണി. എന്നാൽ കേസൊന്നും കൊടുക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും എഡ്‌വേർഡ് നാരദന്യൂസിനോട് പറഞ്ഞു. കൂടാതെ പോലീസിന്റെ ഭാഗത്ത് നിന്ന് എഎസ്എയും സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് പോലീസുകാരും വന്നു എന്താണ് സംഭവം എന്നന്വേഷിച്ചു. എന്നാൽ നാളെ ഇതിന്റെ പേരിൽ എന്തെങ്കിലും കേസ് ഉണ്ടാകുമോ എന്ന് തനിക്കറിയില്ലെന്നും എഡ്‌വേർഡ് നാരദന്യൂസിനോട് പറഞ്ഞു.


Read More >>