ഞാന്‍ തല്ലുകാെണ്ടിട്ടുള്ളത് കോണ്‍ഗ്രസിനും കെഎസ്‌യുവിനും വേണ്ടി; തന്നെ സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാക്കിയ ചെന്നിത്തലയ്ക്ക് ആന്‍ഡേഴ്‌സന്റെ മറുപടി

എന്റെ അപ്പ ഉൾപ്പടെയുള്ളവർ താങ്കളുടെ പാർട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചതാണ്. തലമുറകളായി കോൺഗ്രസ് കുടുംബമാണ് ഞങ്ങളുടേതെന്നും ആൻഡേഴ്സൺ ചൂണ്ടിക്കാട്ടുന്നു.

ഞാന്‍ തല്ലുകാെണ്ടിട്ടുള്ളത് കോണ്‍ഗ്രസിനും കെഎസ്‌യുവിനും വേണ്ടി; തന്നെ സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാക്കിയ ചെന്നിത്തലയ്ക്ക് ആന്‍ഡേഴ്‌സന്റെ മറുപടി

സഹോദരന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം സമരം തുടരുന്ന ശ്രീജിത്തിനെ കാണാനെത്തിയപ്പോൾ ചോദ്യമുന്നയിച്ചതിന്റെ പേരിൽ സിപിഐഎമ്മുകാരുടെ കൂലിത്തല്ലുകാരനായി മുദ്ര കുത്തിയ ചെന്നിത്തലയ്ക്കു മറുപടിയുമായി എഡ്വേഡ് ആൻഡേഴ്സൺ. താനും തന്റെ കുടുംബവും കോൺ​ഗ്രസുകാരാണെന്നും തല്ലുകൊണ്ടിട്ടുള്ളത് ആ പാർട്ടിക്കും കെഎസ്‌യുവിനും വേണ്ടിയാണെന്നും ആൻഡേഴ്സൺ തുറന്നടിച്ചു.

ഫേസ്ബുക്കിലൂടെയാണ് ആൻഡേഴ്സൺ ചെന്നിത്തലയ്ക്കു മറുപടി നൽകിയത്. എന്നെ കൂലിത്തല്ലുകാരൻ എന്നു വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, ഞാൻ അങ്ങയുടെ പാർട്ടിയുടെ വിദ്യാർത്ഥി സം​ഘടനയിലൂടെ ക്ലാസ് ലീഡറായി തുടങ്ങിയതാണെന്നു പറഞ്ഞാണ് ആൻഡേഴ്സൺ പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റിലുടനീളം താനൊരു കോൺ​ഗ്രസുകാരനാണ് എന്ന കാര്യം വ്യക്തമാക്കുന്നതോടെ ആൻഡേഴ്സൺ സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണെന്നും ഡിവൈഎഫ്ഐക്കാരനാണെന്നുമുള്ള രമേശ് ചെന്നിത്തലയുടെയും അണികളുടേയും വാദമാണ് പൊളിയുന്നത്.

കോൺ​ഗ്രസിന്റെ വിദ്യാർത്ഥി യുവജന സമരങ്ങളിൽ താൻ അങ്ങയുടെ പാർട്ടിക്കായി പ്രവർത്തിച്ച് ധാരാളം പൊലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും ആൻഡേഴ്സൺ പറയുന്നു. തന്റെ അപ്പ ഉൾപ്പടെയുള്ളവർ താങ്കളുടെ പാർട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്റെ അപ്പ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചതാണ്. തലമുറകളായി കോൺഗ്രസ് കുടുംബമാണ് തങ്ങളുടേതെന്നും ആൻഡേഴ്സൺ ചൂണ്ടിക്കാട്ടുന്നു.


പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാൻ പോകാത്തതു കൊണ്ട് സംസ്ഥാന നേതാവാകാൻ പറ്റിയില്ല എന്നും ആൻഡേഴ്സൺ തുറന്നടിക്കുന്നു. താൻ ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയിൽ നേരിൽ വന്നു കണ്ടപ്പോൾ കിട്ടിയ മറുപടി ബഹുമാനത്തോടെയാണ് ഓർമിപ്പിച്ചത്. നിലവാരം കുറഞ്ഞ രീതിയിൽ തനിക്ക് മറുപടി തന്നപ്പോൾ താൻ മറുപടി പറഞ്ഞതിൽ വിറളി പൂണ്ടത് എന്തിനാണെന്ന് ആൻഡേഴ്സൺ ചോദിക്കുന്നു.

''ഞാൻ പറഞ്ഞതിൽ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്. തെറ്റ് ആരു ചെയ്താലും ഞാൻ ചോദിക്കും. സ്വന്തം തെറ്റ് മറയ്ക്കാൻ എന്നെ കൂലിത്തല്ലുകാരൻ എന്നു വിളിച്ച താങ്കൾ സ്വയം ലജ്ജിക്കുക. കാരണം ഞാൻ എന്റെ ജന്മനാട്ടിൽ കോൺഗ്രസ്സിനും കെഎസ്‌യുവിനും വേണ്ടിയാണ് തല്ലുകാരനായതും കേസുകൾ നേരിട്ടതും. സംശയമുണ്ടെങ്കിൽ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക. ഞാൻ എനിക്ക് കഴിവുള്ളതു കൊണ്ടാണ് കൈരളി ടിവിക്കു വേണ്ടി പ്രോഗ്രാമുകൾ ചെയ്ത് കൊടുത്തത്. കോൺഗ്രസ്സ് നേതാവ് ആർ ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ്. എന്നിട്ടും കോൺഗ്രസ്സിന്റെ ചാനൽ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കുകയായിരുന്നു. എന്തായാലും നിങ്ങളിൽ സത്യസന്ധനായ ഒരു പൊതു പ്രവർത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം''- ആൻഡേഴ്സൺ പറയുന്നു.



ഈ നിമിഷം മുതൽ നിങ്ങൾ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും താനില്ലെന്നും ആൻഡേഴ്സൺ പ്രഖ്യാപിക്കുന്നു. തന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുച്ഛം. ഒരു കാര്യം കൂടി. ശാസ്താംകോട്ട ഡിബി കോളേജിൽ താൻ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല. കൊടി പിടിച്ചതിന്റെ പേരിൽ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരിൽ ശാസ്താംകോട്ടയിൽ ഹർത്താൽ നടത്തിയവർ പിടിച്ചത് മൂവർണക്കൊടിയായിരുന്നുവെന്നു ഓർമിപ്പിച്ചാണ് ആൻഡേഴ്സൺ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതു കൂടാതെ, കെഎസ്‌യു പ്രവർത്തകനായിരുന്ന സമയം നടത്തിയ എസ്പി ഓഫീസ് മാർച്ചിനിടെ താൻ സംഘടനയുടെ കൊടിയും പിടിച്ചിരിക്കുന്ന ചിത്രവും ആൻഡേഴ്സൺ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് പി ജർമിയാസ് ഉദ്ഘാടനം ചെയ്ത മാർച്ചിനിടെ പൊലീസ് വന്നപ്പോൾ ഓടിയത് നേതാക്കളാണെന്നും ആൻഡേഴ്സൺ പറയുന്നു.



ഉമ്മ‍ൻചാണ്ടി സർക്കാരിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിനെ പാറശാല പൊലീസ് മർദ്ദിച്ചുകൊന്നത്. അന്ന് യാതൊരു നടപടിയും സ്വീകരിക്കാത്ത ചെന്നിത്തല ഇന്നലെ ശ്രീജിത്തിന്റെ അടുത്ത് എത്തിയപ്പോഴായിരുന്നു ആൻഡേഴ്സൺ അദ്ദേഹത്തെ ചോദ്യം ചെയ്തത്. എന്നാൽ നിങ്ങൾ ആരാണെന്ന ചെന്നിത്തലയുടെ ചോദ്യത്തിന് പൊതുജനമാണെന്നായിരുന്നു ആൻഡേഴ്സന്റെ മറുപടി. ഇത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ആൻഡേഴ്സൺ കൈരളി ടിവിയിൽ ജോലി ചെയ്തയാളാണെന്നും ഡിവൈഎഫ്ഐക്കാരനാണെന്നുമുള്ള പ്രചാരണങ്ങൾ കോൺ​ഗ്രസുകാരിൽ നിന്നുണ്ടാവുന്നത്. ഇതാണ് രമേശ് ചെന്നിത്തലയും ഏറ്റുപിടിച്ചത്.


Read More >>