ഷെല്ലി ക്രിസ്തുമസ് ട്രീ ആക്കിയ പേരാലിനെ ഓര്‍മ്മയുണ്ടോ? വേരു കത്തിയ ആ പേരാല്‍ ആരെയും ഉപദ്രവിക്കാതെ കടപുഴകി വീണു

കടവന്ത്ര- പനമ്പിള്ളി നഗര്‍ കനാല്‍ റോഡില്‍ 35 വര്‍ഷം പ്രായമുള്ള പേരാല്‍, ചുവട്ടില്‍ ചവറു കൂട്ടിയിട്ട് കത്തിച്ചതിനാല്‍ ആയുസ് പാതിയും തീര്‍ന്ന നിലയിലായിരുന്നു. പനമ്പള്ളിനഗര്‍ ഗിരിനഗര്‍ സ്വദേശിയായ ഷെല്ലി ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് കത്തിക്കല്‍ നിന്നിരുന്നെങ്കിലും അഞ്ച് മാസങ്ങള്‍ക്കിപ്പുറം പേരാല്‍ കാറ്റില്‍ മറിഞ്ഞു വീണു. കത്തിച്ചു കത്തിച്ചു മരത്തിന്റെ കനമുള്ള പേരാലിന്റെ വേരുകള്‍ അടര്‍ന്നു തൂങ്ങിയ നിലയിലായിരുന്നു.

ഷെല്ലി ക്രിസ്തുമസ് ട്രീ ആക്കിയ പേരാലിനെ ഓര്‍മ്മയുണ്ടോ? വേരു കത്തിയ ആ പേരാല്‍ ആരെയും ഉപദ്രവിക്കാതെ കടപുഴകി വീണു

കടക്കല്‍ ചവറു കൂട്ടിയിട്ട് കത്തിച്ചു കത്തിച്ചു വേരുകള്‍ അടര്‍ന്നു തൂങ്ങിയ കടവന്ത്ര-പനമ്പള്ളി നഗര്‍ കനാല്‍ റോഡിലെ പേരാല്‍ കടപുഴകി വീണു. 35 വര്‍ഷത്തോളം പ്രായമുള്ള പേരാലിനു ചുവട്ടില്‍ റോഡ് അടിച്ചു വാരുന്ന തൊഴിലാളികള്‍ ചവറു കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായിരുന്നു. പനമ്പിള്ളി നഗര്‍ ഗിരിനഗര്‍ സ്വദേശിയായ ഷെല്ലിയുടെ ഫേസ്ബുക്കിൽ പോസ്റ്റാണ് പേരാലിനു പുതുജീവന്‍ നല്‍കിയത്. മരത്തെ സംരക്ഷിക്കണമെന്നു കാട്ടി ബോര്‍ഡ് സ്ഥാപിച്ചതിനെ തുടര്‍ന്ന് കത്തിക്കല്‍ നിന്നെങ്കിലും ഇന്നലെ അതിരാവിലെയുണ്ടായ കാറ്റില്‍ പേരാല്‍ വീഴുകയായിരുന്നു.

കാറ്റില്‍ മറിഞ്ഞു വീണപ്പോഴും പേരാല്‍ ആര്‍ക്കും ഉപദ്രവമുണ്ടാക്കിയില്ല. തൊട്ടപ്പുറത്തെ ഒഴിഞ്ഞ പറമ്പിലേക്കാണ് മരം ചരിഞ്ഞു വീണത്. ഇപ്പുറത്തായിരുന്നെങ്കില്‍ വീട് തകര്‍ന്നേനേ എന്ന് ഷെല്ലി പറയുന്നു. ഇതൊരു മുന്നറിയിപ്പാണ്, നിങ്ങളുടെ വീടിനു സമീപത്തും ഇതു പോലെ മരം കത്തിക്കുന്നത് ആരേലും ചെയ്യുന്നത് കണ്ടാല്‍ പ്രതികരിക്കണമെന്ന് ഷെല്ലിയുടെ വാക്കുകള്‍. ഇക്കഴിഞ്ഞ ഡിസംബറില്‍ പേരാലിനെക്കുറിച്ചും ഷെല്ലിയുടെ ഇടപെടലിനെക്കുറിച്ചും നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റോഡ് അടിച്ചു വാരുന്ന കോര്‍പ്പറേഷന്‍ തൊഴിലാളികളാണ് ഇതിന്റെ ചുവട്ടില്‍ ചപ്പുചവറുകൾ കൂട്ടിയിട്ട് തീയിടുന്നത്. സമീപവാസികള്‍ പലതവണ എതിര്‍ത്തു നോക്കിയെങ്കിലും ഫലം കണ്ടില്ല. അതോടെ അടുപ്പുകല്ലു കൂട്ടിയപോലെ വേരിന്റെ ഉള്ളിലേക്ക് ചവറിനെ തള്ളിയിട്ടു കത്തിക്കലായെന്നായിരുന്നു മുമ്പ് ഷെല്ലി നാരദാ ന്യൂസിനോട് പറഞ്ഞത്.

പേരാലിന്റെ ദുരവസ്ഥയെക്കുറിച്ച് ഷെല്ലി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും സഹായത്തിനെത്തിയിരുന്നു. മരം നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഷെല്ലിയുടെയും സുഹൃത്തുക്കളുടെയും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. മരത്തിനു ചുറ്റും സംരക്ഷണത്തിന്റെ കോട്ട കെട്ടി ചുറ്റും തീയിടുന്നവരെ കാത്ത് ഷെല്ലിയും കൂട്ടരും മരത്തിനു കാവലിരുന്നു. അങ്ങനെ സുഹൃത്തുക്കളായ സിജോയും അര്‍ജുനനും ഒപ്പം ഷെല്ലി കഴിഞ്ഞ തവണത്തെ ക്രിസ്തുമസ് പേരാലിനൊപ്പം ആഘോഷിച്ചു. പകുതി കത്തി മൃതപ്രായമായിരുന്ന പേരാലിനെ ഷെല്ലി ക്രിസ്തുമസ് ട്രീയാക്കി.


കൊച്ചി മെട്രോയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ഷെല്ലി ജോര്‍ജ്ജിന് അഞ്ചു വയസ്സുള്ളപ്പോള്‍ തുടങ്ങിയ ബന്ധമാണ് പേരാലുമായുണ്ടായിരുന്നത്. ചേച്ചിയുമായി വന്ന് ഈ പേരാലില്‍ നിന്ന് ഇല പറിച്ച് ഇരുമ്പാണി എഴുത്താണിയാക്കി ഇല താളിയോലയാക്കി എഴുതിയിരുന്ന കുട്ടിക്കാല ഓര്‍മ്മകള്‍ ആവേശപൂര്‍വ്വമാണ് ഷെല്ലി ഓര്‍ത്തെടുക്കുന്നത്.


ഫോറസ്റ്റ് ഡിപ്പാട്ട്ര്‍ന്റ്‌മെന്റ് കോര്‍പ്പറേഷനില്‍ ഒന്ന് ആഞ്ഞ് പിടിച്ചാല്‍ തീരാവുന്നതേയുള്ളൂ റോഡ് വൃത്തിയാക്കുന്ന കോര്‍പറേഷന്‍ തൊഴിലാളികളുടെ ഈ അതിക്രമം. തമ്മനം - പാലാരിവട്ടത്തുള്ള പൈപ്പ്‌ലൈന്‍ റോഡിലെ 40 വര്‍ഷത്തോളം പ്രായമുള്ള തല്ലിത്തേങ്ങ മരത്തിനു ചുവടും അമ്പത് ശതമാനം കത്തി തീര്‍ന്നു. ഇത് ഒരു വശത്തേക്കു മറിഞ്ഞാല്‍ സമീപവാസിയുടെ വീട് തകരും, മറുവശത്തേക്ക് മറിഞ്ഞാല്‍ കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ തകരും. ഇനീപ്പ എന്തു ചെയ്യാന്‍? - ഷെല്ലി ജോര്‍ജ്ജ്