വീട്ടു വളപ്പില്‍ തന്നെ കയറ്റില്ല ഇവരെ: ചക്ലിയ സമുദായക്കാർക്കു മാത്രമായി ഒരു ചായക്കട, ബാര്‍ബര്‍ ഷോപ്പ്, കേരളത്തെ ലജ്ജിപ്പിക്കുന്ന അയിത്ത കഥകള്‍ പാലക്കാട് നിന്നും

ചക്ലിയ സമുദായകാര്‍ക്ക് മാത്രമായി ചായക്കട, ബാര്‍ബര്‍ ഷോപ്പ്, പ്രത്യേക ക്ഷേത്രം, വെള്ളത്തിന് പ്രത്യേക ടാങ്കുകള്‍, ചക്ലിയ സമുദായകാര്‍ക്ക് മാത്രമായി വീട് വെക്കാന്‍ പ്രത്യേക സ്ഥലവും. മുതലമട പഞ്ചായത്തില്‍ നിന്നും ലജ്ജിപ്പിക്കുന്ന ഈ അയിത്ത കഥകള്‍

വീട്ടു വളപ്പില്‍ തന്നെ കയറ്റില്ല ഇവരെ: ചക്ലിയ സമുദായക്കാർക്കു മാത്രമായി ഒരു ചായക്കട, ബാര്‍ബര്‍ ഷോപ്പ്, കേരളത്തെ ലജ്ജിപ്പിക്കുന്ന അയിത്ത കഥകള്‍ പാലക്കാട് നിന്നും

ഉയര്‍ന്ന ജാതിക്കാരുടെ വീട്ടു വളപ്പിലേയ്ക്ക് ചെരിപ്പിട്ട് പ്രവേശിക്കരുത് , ചെരിപ്പ് പറമ്പിന് പുറത്ത് വഴിയരികില്‍ എവിടെയെങ്കിലും ഊരി വെച്ചേ കയറാവു, മറ്റുള്ളവര്‍ വെള്ളം എടുക്കുമ്പോള്‍ പൊതു ടാപ്പിന് അടുത്ത് വരരുത്, അവര്‍ വെച്ചു പോയ പാത്രത്തില്‍ വെള്ളം നിറഞ്ഞു പോയാലും തൊടാന്‍ പാടില്ല....

പാലക്കാട് മുതലമട പഞ്ചായത്തില്‍ ഗോവിന്ദപുരത്ത് നടക്കുന്ന അയിത്ത കഥകളാണ് ഇത്. ഇവിടെയുള്ള 400 ഓളം ചക്ലിയ സമുദായത്തിൽ പെട്ട കുടുംബങ്ങളാണ് മറ്റ് ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് അയിത്തം നേരിടുന്നത്. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടില്‍ ചില പ്രദേശങ്ങളിലും മാത്രം നടക്കുന്ന തൊട്ടു കൂടായ്മയും തീണ്ടികൂടായ്മയുമാണ് ഗോവിന്ദപുരത്ത് നടക്കുന്നത്.

ചക്ലിയ സമുദായ അംഗമായ ശെല്‍വരാജന്‍ തന്നെ തങ്ങളുടെ സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ പറയുന്നത് കേള്‍ക്കുക:
' നേരം പുലര്‍ന്നാല്‍ ഞങ്ങളുടെ സമുദായത്തിലെ ഭൂരിഭാഗം പേരും ചായക്കടയില്‍ പോയി ചായ കുടിക്കുന്നവരാണ്. ഞങ്ങള്‍ ചായ കുടിക്കാന്‍ പോകുന്ന കടയില്‍ ഉയര്‍ന്ന ജാതിക്കാര്‍ വരില്ല. അതിനാൽ ഞങ്ങള്‍ക്ക് മാത്രമായി ഒരു ചായക്കട. ഞങ്ങളുടെ മുടി ആരും വെട്ടില്ല. വര്‍ഷങ്ങളായി തിരുപ്പൂരില്‍ നിന്ന് വന്ന ഒരാളാണ് ഞങ്ങളുടെ സമുദായക്കാരുടെ മുടി വെട്ടുന്നത്. അയാളുടെ മുടിവെട്ട് കട ചക്ലിയന്‍മാര്‍ക്ക് വേണ്ടി മാത്രമാണ്.

ഉയര്‍ന്ന ജാതിക്കാര്‍ മരിച്ചാല്‍ ഞങ്ങളെ കുഴി എടുക്കാന്‍ വിളിക്കും. പിന്നെ മരണം നടന്നാല്‍ തമിഴ്‌നാട്ടിലെന്ന പോലെ തപ്പട്ട കൊട്ടലും മറ്റും ഉണ്ട്. അതിനും ഞങ്ങള്‍ വേണം. ബാക്കി എല്ലാ കാര്യത്തിനും ഭ്രഷ്ടാണ് ഈ നാട്ടില്‍. ഞങ്ങള്‍ വെള്ളം എടുക്കുന്ന ടാങ്കില്‍ നിന്നും ഉയര്‍ന്ന ജാതിക്കാര്‍ വെള്ളം എടുക്കില്ല. കടുത്ത വേനല്‍ ആയപ്പോള്‍ ഒരു കമ്പനിക്കാര്‍ ഒരു ടാങ്ക് സ്ഥാപിച്ചു തന്നു, ശുദ്ധീകരിച്ച ജലവും എത്തിക്കും. പക്ഷെ ഞങ്ങളുടെ ഭാഗത്ത് വെച്ചത് കൊണ്ട് ഉയര്‍ന്ന ജാതിക്കാര്‍ ആരും വെള്ളത്തിന് വരാറില്ല.'

ശെല്‍വരാജന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഇതൊക്കെ നടക്കുന്നത് കേരളത്തിലാണോ എന്ന് സംശയം തോന്നും. പക്ഷെ നടക്കുന്നത് കേരളത്തില്‍ തന്നെയാണ്. അയിത്തം നിലനില്‍ക്കുന്ന അംബേദ്കര്‍ കോളനിയില്‍ നിന്ന് 300 മീറ്റര്‍ പോയാല്‍ തമിഴ്‌നാട് എത്തും. അവിടെ നിന്ന് താമസിക്കുന്ന കൗണ്ടര്‍ സമുദായക്കാരാണ് അയിത്ത നടപടികള്‍ ആദ്യം തുടങ്ങിയതെന്നാണ് കോളനിക്കാരുടെ വാദം. കാരണം തമിഴ്‌നാട്ടില്‍ കൗണ്ടര്‍മാരും ചക്ലിയന്‍മാരും ഒന്നിച്ച് ഒരു കാര്യവും ചെയ്യാറില്ല.

അയിത്തം കാരണം അടുത്ത് നില്‍ക്കുക കൂടി ഇല്ല. വീട്ടു വളപ്പില്‍ തന്നെ കയറ്റില്ല. അഥവാ കയറ്റിയാലും മുറ്റം വരെ. ചായ കൊടുക്കേണ്ടി വന്നാല്‍ അത് ചിരട്ടയിലോ മറ്റോ ആകും. അതെ അവസ്ഥയിലേക്ക് അംബേദ്കര്‍ കോളനിയിലുള്ളവരെ കൂടി എത്തിക്കാന്‍ കൗണ്ടര്‍മാര്‍ ശ്രമം നടത്തിയെന്നും ഈഴവന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ അവര്‍ക്കൊപ്പം ചേര്‍ന്നു എന്നുമാണ് കോളനിക്കാരുട പരാതി.

1991 ലാണ് ഇവിടെ അംബേദ്കര്‍ കോളനി തുറന്നത്. കൗണ്ടരും ഈഴവരും തുടങ്ങി ഇതര സമുദായക്കാരും ചേര്‍ന്ന് രണ്ടായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. അംബേദ്കര്‍ കോളനി സ്ഥാപിച്ചപ്പോള്‍ മുതലമട പഞ്ചായത്ത് ഒരു കാര്യം ചെയ്തു. എല്ലാ ചക്ലിയ സമുദായകാര്‍ക്കും വേണ്ടി പ്രത്യേക സ്ഥലം തന്നെ ഉണ്ടാക്കി. ഒരു സ്ഥലത്ത് ചക്ലിയ വിഭാഗക്കാര്‍ മാത്രം താമസിക്കുന്ന സ്ഥലം ആയതിനാല്‍ അയിത്തം നടപ്പിലാക്കാന്‍ മറ്റു സമുദായകാര്‍ക്ക് എളുപ്പവുമായി.

2001ല്‍ അംബേദ്കര്‍ കോളനിയിലെ അയിത്തം സംബന്ധിച്ച പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ടതിന് പതിനാറ് വര്‍ഷത്തിന് ശേഷം ഇവിടെ അയിത്തം കൂടുതല്‍ ശക്തമാവുകയാണ് ചെയ്തത്. ഇന്ന് അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ക്ക് മാത്രമായി ചായക്കടയും ബാര്‍ബര്‍ ഷോപ്പും മാത്രമല്ല, ക്ഷേത്രവുമുണ്ട്. മേല്‍ജാതിക്കാരുടെ ക്ഷേത്രത്തില്‍ ചക്ലിയരെ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്നാണ് ചക്ലിയര്‍ സ്വന്തമായി ക്ഷേത്രം നിര്‍മിച്ചത്.

കഴിഞ്ഞ മാസം ഈഴവ സമുദായത്തില്‍പ്പെട്ട യുവാവ് ചക്ലിയ സമുദായത്തിലെ യുവതി പ്രണയിച്ച് വിവാഹം കഴിച്ചു. കൊല്ലങ്കോട് പൊലിസ് സ്റ്റേഷനില്‍ വെച്ചാണ് കാര്യങ്ങള്‍ തീര്‍പ്പായത്. എന്നാല്‍ ഇതിനു ശേഷം ചക്ലിയരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയാണ് എന്ന് കാണിച്ച് ചക്ലിയ സമുദായത്തില്‍ പെട്ടവര്‍ ജില്ലാ കല്ടക്ടര്‍ക്ക് പരാതി നല്‍കി.

പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് അംബേദ്കര്‍ കോളനിയിലെ അയിത്ത പ്രശ്‌നത്തിനെതിരെ, ജനപ്രതിനിധികളും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ കോളനി സന്ദര്‍ശിച്ചതിനു ശേഷമാണ് പ്രശ്‌നം ഇല്ലാതായത്. എന്നാല്‍ വീണ്ടും അയിത്ത പ്രശ്‌നം തല ഉയര്‍ത്തിയതിനാല്‍ ജില്ലാ കലക്ടര് ഇടപെടണമൊണ് ആവശ്യമുയര്‍ന്നിട്ടുണ്ട്.