'അങ്ങനിപ്പോ വേറാരും കത്തിക്കേണ്ട': ശിവഗിരിയിൽ വേദിയിലെ വിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ച് കണ്ണന്താനം; വാക്പോര്

സംഭവം വേദിയിലിരുന്നവർക്കിടയിൽ എതിർപ്പുണ്ടാക്കിയെങ്കിലും ആരും പരസ്യമായി പ്രകടിപ്പിച്ചില്ല.

അങ്ങനിപ്പോ വേറാരും കത്തിക്കേണ്ട: ശിവഗിരിയിൽ വേദിയിലെ വിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ച് കണ്ണന്താനം; വാക്പോര്

സാധാരണ ഒരു പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള നിലവിളക്ക് കത്തിക്കുന്നത് ഉദ്ഘാടകനോടൊപ്പം വേദിയിലുള്ള എല്ലാവരും ചേർന്നാണ്. എന്നാൽ ഇന്ന് ശിവ​ഗിരി തീർത്ഥാടന സർക്യൂട്ട് ഉദ്ഘാടന വേദിയിൽ കണ്ട കാഴ്ച ഇതിൽ നിന്നും വ്യത്യസ്തമാണ്. ഉദ്​ഘാടകനായ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം നിലവിളിക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിച്ചു.

ഉദ്ഘാടന വേദിയിൽ ഉണ്ടായിരുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എ സമ്പത്ത് എംപിക്കുമൊന്നും അവസരം കൊടുക്കാതെയാണ് മുഴുവൻ തിരികളും കണ്ണന്താനം ഒറ്റയ്ക്കു കത്തിച്ചത്. സംഭവം വേദിയിലിരുന്നവർക്കിടയിൽ എതിർപ്പുണ്ടാക്കിയെങ്കിലും ആരും പരസ്യമായി പ്രകടിപ്പിച്ചില്ല.

രാവിലെ ഒമ്പത് മണിയോടെയാണ് ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. പദ്ധതി സംബന്ധിച്ച് സംസ്ഥാന-കേന്ദ്ര വാക്പോരിനും വേദി സാക്ഷിയായി. ഉദ്ഘാടനം നിര്‍വഹിച്ച അൽഫോൺസ് കണ്ണന്താനം പദ്ധതി കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ വേണ്ടിയാണ് ഐടിഡിസിയെ ഏല്‍പ്പിച്ചതെന്നും സംസ്ഥാനവുമായി സഹകരിച്ചുപോകാനാണ് കേന്ദ്രത്തിന്റെ താത്പര്യമെന്നും പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി പദ്ധതിയുടെ മേല്‍നോട്ടം വഹിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ പ്രസംഗിച്ച സ്വാമി വിശുദ്ധാനന്ദ പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപി. ദേശീയ പ്രസിഡന്റ് അമിത്ഷായെയും പ്രശംസിച്ചു.

ഇതിനുശേഷം സംസാരിച്ച മന്ത്രി കടകംപള്ളി തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളെ കേന്ദ്രം ബൈപ്പാസ് ചെയ്യുന്നത് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്നും പറഞ്ഞു. സംസ്ഥാനത്താവിഷ്കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളിൽ കേന്ദ്രം ഏകപക്ഷീയമായ തീരുമാനം എടുക്കരുത്. മഠത്തിലെ സന്യാസിമാരുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം ആശാവഹമല്ലെന്നും മന്ത്രി വിമര്‍ശിച്ചു. എന്നാൽ ഗൂഢനീക്കങ്ങള്‍ സന്യാസിമാരുടെ രീതിയല്ലെന്നും ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്ക് രാഷ്ട്രീയ താൽപര്യങ്ങള്‍ ഇല്ലെന്നുമായിരുന്നു സ്വാമി ശാരദാനന്ദയുടെ പ്രതികരണം.

ഇതോടെ, ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വേദിയാവുകയായിരുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മര്യാദ കാണിക്കുന്നില്ലെന്നും കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും കേ​ര​ള​ത്തി​ലെ ടൂ​റി​സം മ​ന്ത്രി​യെ അ​റി​യി​ക്കാറുണ്ടെന്നും കണ്ണന്താനം പറഞ്ഞിരുന്നു.അങ്ങനിപ്പോ വേറാരും കത്തിക്കേണ്ട: ശിവഗിരിയിൽ വേദിയിലെ വിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്ക് കത്തിച്ച് കണ്ണന്താനം; വാക്പോര്