വണ്ടിയുള്ളവരെല്ലാം പണക്കാർ, പെട്രോൾ വില വർധന പാവപ്പെട്ടവർക്കു വേണ്ടി; പുതിയ സിദ്ധാന്തവുമായി കണ്ണന്താനം

കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോൾ വില വർധന ഉണ്ടായപ്പോൾ കാർ വിറ്റ് സൈക്കിൾ വാങ്ങാൻ പോകുന്നു എന്ന് പ്രഖ്യാപിച്ച ആളാണ് അൽഫോൺസ് കണ്ണന്താനം

വണ്ടിയുള്ളവരെല്ലാം പണക്കാർ, പെട്രോൾ വില വർധന പാവപ്പെട്ടവർക്കു വേണ്ടി; പുതിയ സിദ്ധാന്തവുമായി കണ്ണന്താനം

മോദി സർക്കാരിൽ മന്ത്രിയായതിനു പിന്നാലെ പെട്രോൾ വില വർധനയെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രിയും ബിജെപി നേതാവുമായ അൽഫോൺസ് കണ്ണന്താനം. വണ്ടിയുള്ളവരെല്ലാം പണക്കാരാണെന്നും അവരിൽ നിന്നു പണം പിരിച്ചു വേണം പാവപ്പെട്ടവരെ സഹായിക്കാനെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി കേരള സംസ്ഥാന കമ്മറ്റി ഓഫീസിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അൽഫോൺസ് കണ്ണന്താനം.

ഇവിടെ പാവങ്ങൾക്കു കക്കൂസും വീടും പണിതു കൊടുക്കാൻ ലക്ഷക്കനക്കിനു കോടി രൂപ വേണം. ആ പണം എവിടെ നിന്നു കിട്ടും. എവിറ്റെ നിന്നെങ്കിലും പിരിക്കണ്ടേ, എന്നു പറഞ്ഞുകൊണ്ടാണ് തന്റെ ഏറ്റവും പുതിയ സിദ്ധാന്തം കണ്ണന്താനം അവതരിപ്പിച്ചത്.

പെട്രോൾ ഉപയോഗിക്കുന്നതാരാണ്? വണ്ടിയുള്ളവർ. വണ്ടിയുള്ളവർ പാവപ്പെട്ടവരല്ലല്ലോ. പണമുള്ളവരല്ലേ. അപ്പോൾ അവർ കൂടുതൽ തുക ടാക്സ് നൽകേണ്ടി വരും, അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോൾ വില വർധന ഉണ്ടായപ്പോൾ കാർ വിറ്റ് സൈക്കിൾ വാങ്ങാൻ പോകുന്നു എന്ന് പ്രഖ്യാപിച്ച ആളാണ് അൽഫോൺസ് കണ്ണന്താനം.

ഇന്ത്യയിൽ മുപ്പതു ശതമാനം ആളുകൾ പട്ടിണിപ്പാവങ്ങളാണെന്നും അവരാണ് മോദി സർക്കാരിന്റെ ഉന്നൽ എന്നും കണ്ണന്താനം അവകാശപ്പെട്ടു. ആ പാവപ്പെട്ടവർക്ക് സേവനങ്ങൾ നൽകാനാണ് പെട്രോളിന്റെ വില അടിക്കടി കൂട്ടുന്നത്. പാവങ്ങളെ സഹായിക്കാൻ കഴിവുള്ളവരിൽ നിന്ന് പണം പിരിക്കണമെന്നും കഴിവുള്ളവർ വണ്ടിയുള്ളവരാണെന്നും അൽഫോൺസ് കണ്ണന്താനം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് എണ്ണ വില വർധനയിൽ പ്രതിഷേധിച്ച് ദിനം പ്രതിയെന്നോണം സമരം നടത്തിയിരുന്ന പാർട്ടിയാണ് ബിജെപി. കേരളത്തിൽ നിരവധി ഹർത്താലുകളടക്കം ഒട്ടേറെ സമര പരിപാടികൾ ബിജെപി കൊണ്ടാടിയിട്ടുണ്ട്. എന്നാൽ മോദി സർക്കാരിനു കീഴിലെ പെട്രോൾ- ഡീസൽ വില വർധനയെ ന്യായീകരിക്കുകയല്ലാതെ, ബിജെപി നേതാക്കളാരും ഒരു വാക്കുകൊണ്ടു പോലും വിമർശിക്കുന്നില്ല.

പെട്രോൾ വില തീരുമാനിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കു നൽകാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തെ ഏറ്റവും അധികം എതിർത്തത് മോദിയും ബിജെപിയും ആണ്. എന്നാൽ അതേ മോദി അധികാരത്തിൽ വന്ന ശേഷം ഡീസലിന്റെ വില നിർണയാധികാരം കൂടി എണ്ണക്കമ്പനികൾക്കു നൽകുകയായിരുന്നു ചെയ്തത്. എണ്ണവില ലിറ്ററിന് 40 രൂപയാക്കും എന്ന വാഗ്ദാനം നൽകി കേന്ദ്രത്തിൽ അധികാരത്തിലേറിയ പാർട്ടിയാണ് ബിജെപി.

Read More >>