പാര്‍ട്ടി ആസ്ഥാനമന്ദിരത്തിന്റെ ഫണ്ട് തട്ടിയെടുത്ത് കെഎം ഷാജി എംഎല്‍എ; 25 ലക്ഷം കവര്‍ച്ച ചെയ്തുവെന്ന് ലീഗ് നേതാക്കളുടെ പരാതി

പൂതപ്പാറ ശാഖ കമ്മിറ്റി ഭാരവാഹികളാണ് കെഎം ഷാജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് നാരദാന്യൂസിന് ലഭിച്ചു.

പാര്‍ട്ടി ആസ്ഥാനമന്ദിരത്തിന്റെ ഫണ്ട് തട്ടിയെടുത്ത് കെഎം ഷാജി എംഎല്‍എ; 25 ലക്ഷം കവര്‍ച്ച ചെയ്തുവെന്ന് ലീഗ് നേതാക്കളുടെ പരാതി

അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരേ 25 ലക്ഷത്തിന്റെ കോഴയാരോപണവുമായി കണ്ണൂരില്‍ മുസ്ലീംലീഗ് നേതാക്കള്‍ രംഗത്ത്. പാര്‍ട്ടി ആസ്ഥാനം നിര്‍മ്മിക്കാന്‍ ലഭിച്ച 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ലീഗ് നേതാക്കളുടെ പരാതി. പൂതപ്പാറ ശാഖ കമ്മിറ്റി ഭാരവാഹികളാണ് കെഎം ഷാജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് നാരദാന്യൂസിന് ലഭിച്ചു. പൂതപ്പാറയില്‍ പാര്‍ട്ടിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം നിര്‍മ്മിക്കാനായി പാര്‍ട്ടിക്ക് ലഭിക്കേണ്ടിരുന്ന ഫണ്ട്, കൈക്കലാക്കിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.


പരാതിയെത്തുടര്‍ന്ന് കണ്ണൂരിലെ ലീഗ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. തുടര്‍നടപടി സ്വീകരിച്ചാലും സ്വീകരിക്കാതിരുന്നാലും അത് പാര്‍ട്ടിക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കുന്നതിന് വേണ്ടി ലീഗ് നേതൃത്വം ഇടപെട്ടിരുന്നു. കോഴ്‌സ് അനുവദിച്ചാല്‍ സ്‌കൂള്‍ ഭാരവാഹികള്‍ പൂതപ്പാറയിലെ പാര്‍ട്ടി ആസ്ഥാന നിര്‍മ്മാണ ഫണ്ടിലേക്ക് 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ധാരണ. തുടര്‍ന്ന് 2014 ല്‍ സ്‌കൂളിന് പ്ലസ് ടു കോഴ്‌സ് അനുവദിച്ചു. വാഗ്ദാനപ്രകാരമുള്ള 25 ലക്ഷം രൂപ നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനവുമെടുത്തു.

എന്നാല്‍ മണ്ഡലം എംഎല്‍എ കെഎം ഷാജി ഇടപെട്ട് ഈ തുക നല്‍കേണ്ടെന്നും തുടര്‍നടപടികള്‍ തന്റെ നിര്‍ദേശപ്രകാരം മാത്രം മതിയെന്നും നിര്‍ദേശിച്ചുവെന്ന് ലീഗ് നേതാക്കള്‍ പറയുന്നു. ഇതുപ്രകാരം സ്‌കൂള്‍ മാനേജ്‌മെന്റ് തുക നല്‍കിയില്ല. എന്നാല്‍ 2017 ജൂണ്‍ മാസത്തില്‍ ചേര്‍ന്ന സ്‌കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ പ്ലസ്ടു അനുവദിക്കലുമായി ബന്ധപ്പെട്ട് ചിലവാക്കിയ തുകയുടെ കണക്കുവന്നപ്പോഴാണ് പാര്‍ട്ടിക്കു ലഭിക്കേണ്ട 25 ലക്ഷം രൂപ കെഎം ഷാജി തട്ടിയെടുത്തതായി അറിയുന്നത്. സ്‌കൂള്‍ മാനേജരില്‍ നിന്ന് നേരിട്ട് പണം വാങ്ങുകയായിരുന്നുവെന്നും ലീഗ് നേതാക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ആസ്ഥാനമന്ദിരം എന്ന സ്വപ്‌നം തകര്‍ത്ത് പാര്‍ട്ടിയോട് ആലോചിക്കുകപോലും ചെയ്യാതെ ഭീമമായ തുക കവര്‍ച്ച ചെയ്ത കെഎം ഷാജിക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് നേതാക്കള്‍ പരാതി അവസാനിപ്പിക്കുന്നത്.


Image TitleImage TitleImage Title

Read More >>