തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം കുട്ടിക്കളി; നടൻ ജ​ഗദീഷിന്റെ ഭാര്യ ഡോ. രമ മേധാവിയായ ഫൊറൻസിക് വിഭാ​ഗം പ്രതിക്കൂട്ടിൽ

ഇത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തിയവയിൽ സംശയകരമായ സാഹചര്യത്തില് മരിച്ചവരുടേതടക്കമുള്ള മൃതദഹം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം കുട്ടിക്കളി; നടൻ ജ​ഗദീഷിന്റെ ഭാര്യ ഡോ. രമ മേധാവിയായ ഫൊറൻസിക് വിഭാ​ഗം പ്രതിക്കൂട്ടിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ​ വിവാദ കേസുകളിൽ പോലും പോസ്റ്റ്മോർട്ടം നടപടികളുടെ മേൽനോട്ടം വഹിക്കുന്നത് സർജ്ജന്മാരുടെ മേൽനോട്ടത്തിലല്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു നാളുകളായി മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്തിയ കേസുകളിലേതടക്കം പോസ്റ്റ്മോർട്ട നടപടികൾ നിർവ​ഹിച്ചത് പോസ്റ്റ് ​ഗ്രാജുവേറ്റ് വിദ്യാർത്ഥികളാണെന്ന് മെഡിക്കൽ കോളേജ് വൃത്തങ്ങൾ നാരദയോട് വെളിപ്പെടുത്തി.

ഇത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്തിയവയിൽ സംശയകരമായ സാഹചര്യത്തില് മരിച്ചവരുടേതടക്കമുള്ള മൃതദഹം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം വട്ടപ്പാറയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത 24 വയസുകാരി അഖിലയുടെ പോസ്റ്റ്മോർട്ടം നിർവ്വഹിച്ചത് പി.ജി വിദ്യാർത്ഥികളായ രണ്ടുപേർ ചേർന്നാണ്. അതുപോലെ വെഞ്ഞാറമൂടിൽ ഇതേ ദിവസം ആത്മഹത്യചെയ്ത 20 കാരി സൽഷയുടെ ശരീരം പോസ്റ്റ്മോർട്ടം നടത്തിയതും രണ്ട് പിജി വിദ്യാർത്ഥികളാണ്. ഭർതൃവീട്ടുകാരുടെ പീഡനത്തെത്തുടർന്നാണ് സൽഷ ആത്മഹത്യ ചെയ്തത്. യുവതി വിവാഹത്തിനു മുമ്പേതന്നെ ​ഗർഭിണിയായിരുന്നെന്നാരോപിച്ച് ഭർതൃവീട്ടുകാർ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അതിനാൽത്തന്നെ വെഞ്ഞാറമൂട് എക്സിക്യൂട്ടിവ് തഹസിൽദാറെത്തിയാണ് യുവതിയുടെ ഇൻക്വസ്റ്റ് നടപടികൾ‍ പൂർത്തിയാക്കിയത്. ​വെഞ്ഞാറമൂട് പൊലീസ് നാരദാ ന്യൂസിനോട് പറഞ്ഞു.

സിനിമാ നടൻ ജ​ഗദീഷിന്റെ ഭാര്യ ഡോ. രമയാണ് സ്റ്റേറ്റ് മെഡിക്കോ ലീഗൽ ഇസ്റ്റിറ്റ്യൂട്ടിന്റെ മേധാവി. കുറച്ച് ദിവസങ്ങളായി അവരുടെ അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാൽ ഡോ. രമ അവധിയിലായിരുന്നു. ഡോ. രമയുടെ അമ്മ മരിച്ചതിനേ തുടർന്ന് കോളജിന്റെ ഉത്തരവാദിത്വമുണ്ടായിരുന്ന മറ്റ് അധ്യാപകരും ഫോറൻസിക് സർജ്ജന്മാരും അവിടേയ്ക്ക് പോയിരുന്നു. ഈ സാഹചര്യത്തിലാണ് സമീപകാലത്തെ പോസ്റ്റ്മോർട്ടങ്ങളുടെ മേൽനോട്ടം പിജി വിദ്യാർത്ഥികൾ നിർവ്വഹിച്ചത്. കൂടാതെ എംബിബിഎസ് (2014 ബാച്ച്) മൂന്നാം വർഷ വിദ്യാർത്ഥികളുടെ ഇന്റേണൽ പരീക്ഷയുടെ ചുമതല വഹിച്ചതും പി.ജി വിദ്യാർത്ഥികളായിരുന്നുവെന്ന ​ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്. എന്നാൽ താൻ ഒരു മാസമായി അവധിയിലാണെന്നും ഇതേപ്പറ്റി കൂടുതൽ അറിയില്ലെന്നും ഡോ. രമ നാരദാ ന്യൂസിനോട് പറഞ്ഞു.

ജിഷ്ണു പ്രണോയി, ജിഷ എന്നിവരുടെ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയത് പി.ജി വിദ്യാർത്ഥികളായിരുന്നുവെന്നുള്ള ആരോപണം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.


Read More >>