എം.എം.മണിയില്ലാതെ സര്‍വ്വകക്ഷിയോഗം; കയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമാക്കും, എഴുപത്തിയേഴിന് മുമ്പുള്ള കൈവശക്കാരായ ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്നു മുഖ്യമന്ത്രി

1977ന് മുമ്പ് ഭൂമി കൈവശം വച്ചുവരുന്ന ചെറുകിട കര്‍ഷകര്‍ക്ക് രണ്ട് വര്‍ഷത്തിനകം പട്ടയം നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും സര്‍വ കക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറിയ വന്‍കിടക്കാരെയാണ് ആദ്യം ഒഴിപ്പിക്കുക. ഇനിയൊരിക്കലും ഇവര്‍ക്കൊന്നും കയ്യേറാന്‍ തോന്നാത്ത തരത്തിലുള്ള നടപടിയാവും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമവ്യസ്ഥകള്‍ ലംഘിക്കുന്ന വന്‍കിട തോട്ടങ്ങള്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. വാസയോഗ്യമല്ലാത്ത ലയങ്ങളില്‍ കഴിയുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്

എം.എം.മണിയില്ലാതെ സര്‍വ്വകക്ഷിയോഗം; കയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമാക്കും, എഴുപത്തിയേഴിന് മുമ്പുള്ള കൈവശക്കാരായ ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്നു മുഖ്യമന്ത്രി

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1977ന് മുമ്പ് ഭൂമി കൈവശം വച്ചുവരുന്ന ചെറുകിട കര്‍ഷകര്‍ക്ക് രണ്ട് വര്‍ഷത്തിനകം പട്ടയം നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും സര്‍വ കക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയ വന്‍കിടക്കാരെയാണ് ആദ്യം ഒഴിപ്പിക്കുക. ഇനിയൊരിക്കലും ഇവര്‍ക്കൊന്നും കയ്യേറാന്‍ തോന്നാത്ത തരത്തിലുള്ള നടപടിയാവും സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമവ്യസ്ഥകള്‍ ലംഘിക്കുന്ന വന്‍കിട തോട്ടങ്ങള്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകും.

വാസയോഗ്യമല്ലാത്ത ലയങ്ങളില്‍ കഴിയുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കൈവശഭൂമിയില്ലാതെ വീടു നിര്‍മ്മിക്കാന്‍ അഞ്ചും പത്തും സെന്റ് കയ്യേറിയവരുണ്ട്. അതേസമയം ബോധവൂര്‍വം ഹെക്ടര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയവരുമുണ്ട്. ഇത്തരം വന്‍കിടക്കാരെയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

വ്യാജ പട്ടയങ്ങളുടെ പിന്‍ബലത്തില്‍ ഭൂമി കയ്യേറിയവര്‍ക്കതെിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒറ്റക്കെട്ടായി എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സര്‍വ കക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടിയുണ്ടാകും. വീടിനും കൃഷിയാവശ്യത്തിനും ഭൂമിയ്ക്ക് പട്ടയം വാങ്ങുകയും പിന്നീട് ഈ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കയ്യേറ്റത്തെക്കുറിച്ച് സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ വിവരങ്ങളുണ്ട്. അത് അനുസരിച്ച് തന്നെയാവും ഒഴിപ്പിക്കല്‍ നടപടികള്‍. ആരാധനാലയങ്ങളുടെ കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് കാര്യത്തില്‍ ആലോചിച്ച് നടപടിയെടുക്കും. മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മ്മാണം നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മൂന്നാറില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച് സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ചയായിരുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നാറില്‍ അനധികൃതമായി ഭൂമി കൈയ്യേറിയ ചെറുകിടക്കാരെയും വന്‍കിടക്കാരെയും ഒരുപോലെ ഒഴിപ്പിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്ട്രീയ പരിഗണനകള്‍ക്കള്‍ക്കതീതമായി ഭരണകക്ഷിക്കാരുള്‍പ്പെടെയുള്ളവരുടെ കയ്യേറ്റങ്ങളാണ് ആദ്യം ഒഴിപ്പിക്കേണ്ടത്. കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും ഒരുപോലെ കാണരുത്. മൂന്നാറിലെ തൊഴിലാളികളെയും, ചെറുകിട കച്ചവടക്കാരെയും കൈയ്യേറ്റക്കാരായി കാണാനാകില്ലെന്നും യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എം.എല്‍.എ.മാരുടെയും, എം.പി.മാരുടെയും കയ്യേറ്റങ്ങള്‍ ആദ്യം ഒഴിപ്പിക്കണം. ഒഴിപ്പിക്കല്‍ നടപടി സ്തംഭിപ്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. പോലീസ് റവന്യൂവകുപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇതിന് കാരണമായത്. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പരസ്യമായി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സ്തംഭനത്തിന് കാരണമായി. ഭൂമി കയ്യേറി ഷെഡ്കെട്ടിയത് ഒഴിപ്പിക്കാന്‍ പോയ സബ്കളക്ടര്‍ അക്രമം നടത്തിയവരെ തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ അത് നടപ്പാക്കിയില്ലെന്നും

കോണ്‍ഗ്രസ് ഉന്നയിച്ചു.

ജില്ലയുടെ ചുമതലയുള്ള എം എം മണിയില്ലാതെയാണ് സര്‍വ്വകക്ഷി യോഗം നടന്നത്. മുന്നണിയില്‍ ഭിന്നതയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരന്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടിയുടെയും നേതാക്കള്‍ പങ്കെടുത്തു. ഇടുക്കി ജില്ലാ ഭരണകൂടം തയ്യാറാക്കിയ കൈയേറ്റക്കാരുടെ പട്ടികയില്‍ രാജേന്ദ്രന്‍ എംഎല്‍എയുടെ പേരില്ലാത്തതില്‍ വിമര്‍ശനമുയര്‍ന്നു. നിയമങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരായ എം എം മണിയുടെ പരാമര്‍ശങ്ങളും യോഗത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.