മണ്ണുമാന്തി യന്ത്രത്തില്‍ വിവാഹ ഘോഷയാത്ര; ആലപ്പുഴയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനു വരന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ പേരില്‍ കേസെടുത്തു

ഘോഷയാത്രമൂലം മൂന്നു കിലോമീറ്ററുകളോളം ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാകുകയായിരുന്നു. യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയും ഘോഷയാത്ര തടയുകയും ചെയ്തു. തുടർന്നാണു മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തത്...

മണ്ണുമാന്തി യന്ത്രത്തില്‍ വിവാഹ ഘോഷയാത്ര; ആലപ്പുഴയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനു വരന്‍ ഉള്‍പ്പെടെ മൂന്നുപേരുടെ പേരില്‍ കേസെടുത്തു

മണ്ണുമാന്തിയന്ത്രത്തില്‍ വിവാഹ ഘോഷയാത്ര നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിനു വരന്റെയും മറ്റു രണ്ടുപേരുടെയും പേരില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ പുന്നപ്ര പറവൂരില്‍ വിവാഹ ഘോഷയാത്രയ്ക്കിടെ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയെന്നു ചൂണ്ടിക്കാണിച്ചാണ് പുന്നപ്ര പൊലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആലപ്പുഴയില്‍ വച്ച് വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ വധൂവരന്‍മാരെ കൂട്ടുകാര്‍ മണ്ണുമാന്തിയാന്ത്രത്തില്‍ കയറ്റി ദേശീയപാതയിലൂടെ ഘോഷയാത്ര നടത്തിയിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ ബക്കറ്റ് പൊക്കിവച്ചു വധുവരന്‍മാരെ അതില്‍കയറ്റി നിര്‍ത്തിയാണ് വിവാഹഘോഷയാത്ര നടത്തിയത്. ഒട്ടനവധി വാഹനങ്ങളും ഘോഷയാത്രയ്ക്കു അകമ്പടിയുണ്ടായിരുന്നു.

ഘോഷയാത്രമൂലം മൂന്നു കിലോമീറ്ററുകളോളം ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാകുകയായിരുന്നു. യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തുകയും ഘോഷയാത്ര തടയുകയും ചെയ്തു. തുടര്‍ന്നു മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ ആലപ്പുഴ സ്വദേശി സാംമോന്‍, ഡ്രൈവര്‍ കര്‍ണാടക സ്വദേശി ചിന്നപ്പന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

വാഹനം വാടകയ്ക്കു വിളിച്ചതാണെന്നു സാംമോന്‍ അറിയിച്ചതനുസരിച്ചാണ് വരന്‍ അരുണ്‍കുമാറിന്റെ പേരില്‍ പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത സാംമോനേയും ചിന്നപ്പനേയും കേസെടുത്ത ശേഷം പൊലീസ് വിട്ടയച്ചു.