എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചു; 'ഒരു തെറ്റും ചെയ്തിട്ടില്ല, അന്വേഷണം വരട്ടെ'

തീരുമാനം ദേശീയനേതൃത്വത്തോടും മുഖ്യമന്ത്രിയോടും ആലോചിച്ചശേഷം. വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം. സാങ്കേതികത്വത്തിലൂന്നി അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ലെന്നും ശശീന്ദ്രന്‍.

എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചു;  ഒരു തെറ്റും ചെയ്തിട്ടില്ല, അന്വേഷണം വരട്ടെ

എ കെ ശശീന്ദ്രന്‍ ഗതാഗതമന്ത്രിസ്ഥാനം രാജിവെച്ചു. മംഗളം ടെലിവിഷന്‍ പുറത്തുവിട്ട ലൈംഗികാരോപണത്തെത്തുടര്‍ന്നാണ് രാജി. കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജിപ്രഖ്യാപനം നടത്തിയത്. ഇതൊരു കുറ്റസമ്മതമായി കാണരുതെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ ആരെക്കുറിച്ചും സംശയമുന്നയിക്കുന്നില്ലെന്നും വാര്‍ത്തയുടെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ദേശീയ നേതൃത്വത്തോടും മുഖ്യമന്ത്രിയോടും ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഭാഗത്തുനിന്ന് അങ്ങനൊരു വീഴ്ച സംഭവിച്ചതായി തോന്നിയിട്ടില്ല. എന്തെങ്കിലുമൊരു തെറ്റ് ചെയ്തതായി തോന്നിയിട്ടില്ല. ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ മനസിലാക്കേണ്ടതുണ്ട്. വസ്തുനിഷ്ഠമായി ഏത് ഏജന്‍സിയെ വച്ച് അന്വേഷിച്ചാലും തന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്റെ പാര്‍ട്ടിയും എല്‍ഡിഎഫും ഞാനും നാളിതുവരെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ധാര്‍മ്മികതയുണ്ട്. എന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരാളും തലകുനിച്ച് നില്‍ക്കേണ്ടതില്ല. അതെന്റെ നിലപാടാണ്. മത്സരിക്കുന്ന സമയത്തും വോട്ടര്‍മാരോട് പറഞ്ഞിട്ടുള്ളത് എന്നെയോര്‍ത്ത് ലജ്ജിക്കേണ്ടിവരില്ല എന്നാണ്. അവരോടുള്ള വിശ്വാസം എനിക്ക് ഊട്ടിയുറപ്പിക്കേണ്ടതുണ്ട്- എ കെ ശശീന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്ന ഗവണ്‍മെന്റാണ്. ആദ്യ കടമ രാഷ്ട്രീയ ധാര്‍മ്മികതയെ സംരക്ഷിക്കലാണ്. ഇതാണ് രാജിക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇതേ വിഷയത്തില്‍ മറ്റുള്ളവരുടെ രാജിക്കുവേണ്ടി ശബ്ദമുയര്‍ത്തിയിട്ടുള്ള താന്‍, രാജിവക്കുന്നതാണ് ശരിയായ നടപടിയെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.