നഴ്സുമാരുടെ സമരത്തെ പിന്തുണച്ച എഐവൈഎഫ് നേതാക്കൾക്കെതിരെ ​‍​ക്രിമിനൽ കേസ്; കള്ളക്കേസുണ്ടാക്കിയത് ബാലികയെ പീഡിപ്പിച്ച ഡിവൈഎസ്പി

സാമൂഹിക വിരുദ്ധർക്കും ​ഗുണ്ടകൾക്കുമെതിരെ ചാർത്തുന്ന ഐപിസി 107 വകുപ്പാണ് സംസ്ഥാന നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയത്.

നഴ്സുമാരുടെ സമരത്തെ പിന്തുണച്ച എഐവൈഎഫ് നേതാക്കൾക്കെതിരെ ​‍​ക്രിമിനൽ കേസ്; കള്ളക്കേസുണ്ടാക്കിയത് ബാലികയെ പീഡിപ്പിച്ച ഡിവൈഎസ്പി

ആലപ്പുഴയിലെ കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തെ പിന്തുണച്ച എഐവൈഎഫ് നേതാക്കൾക്കെതിരെ പൊലീസിന്റെ കള്ളക്കേസ്. സാമൂഹിക വിരുദ്ധർക്കും ​ഗുണ്ടകൾക്കുമെതിരെ ചാർത്തുന്ന വകുപ്പാണ് സംസ്ഥാന നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയത്. കെവിഎം മുതലാളിയിൽ നിന്ന് കൈക്കൂലി വാങ്ങി കള്ളക്കേസ് എടുക്കുന്നതിന് നേതൃത്വം നൽകിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ഡിവൈഎസ്പി ആണെന്ന് എഐവൈഫ് സംസ്ഥാന കമ്മിറ്റി അം​ഗമായ ബോബി ശശിധരൻ നാരദ ന്യൂസിനോട് പറഞ്ഞു.


ബോബി ശശിധൻ, ജില്ലാ കമ്മറ്റി അം​ഗങ്ങളായ ശ്യം ചന്ദ്രൻ, പി വി ​ഗിരീഷ് കുമാർ, മണ്ഡലം കമ്മറ്റി അം​ഗങ്ങളായ എസ്. സനീഷ്, സി.ബി. ബെന്നി എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവർ അഞ്ചു പേരും ചേർത്തലയിലെ സ്ഥിരം കുറ്റവാളികളാണ്, അക്രമ വാസനയുള്ള ഇവർ പ്രദേശത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നൊക്കെയാണ് ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം ചേർത്തല എസ്.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.ആലപ്പുഴയിലെ നഴ്സിങ് സമരവുമായി ബന്ധപ്പെട്ട് നിരന്തര ഇടപെടലുകൾ നടത്തിയ സംഘടനയാണ് എഐവൈഎഫ്. ആദ്യത്തെ അമ്പതു ദിവസങ്ങളിൽ സമര പന്തൽ സന്ദർശിച്ച് അഭിവാദ്യം അർപ്പിക്കുക മാത്രമായിരുന്നു സംഘടന നടത്തിയിരുന്നത്. അതിന് ശേഷം മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറാകണം എന്നാവശ്യപ്പെട്ട് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലും ആശുപത്രി അധികൃതർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അതിന് ശേഷം ആശുപത്രി ഉടമയുടെ വീടിന് മുന്നിലും ആശുപത്രിയിലും ധർണ നടത്തി. ഇതെല്ലാം സമാധാനപരമായ സമരങ്ങളായിരുന്നു.ഈ സമരങ്ങൾക്ക് ശേഷമാണ് ചേർത്തല എസ്ഐ കോടതിക്ക് റിപ്പോർട്ട് നൽകുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ഡിവൈഎസ്പി കാശ് വാങ്ങി തങ്ങൾക്കെതിരെ കള്ളക്കേസ് കൊടുത്തതാണന്നാണ് ഐവൈഐഫ് ജില്ലാക്കമ്മറ്റി അം​ഗമായ ശ്യാം ചന്ദ്രൻ പറയുന്നത്. പൊതുപ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നത് ഇടതുപക്ഷ സർക്കാരിന്റെ നയമല്ല, ചേർത്തല ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരമാണ് കള്ളക്കേസ് ചുമത്തിയതെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ശ്യാം ചന്ദ്രൻ പറഞ്ഞു. ഇതിനെതിരെ കേസിലുൾപ്പെട്ടവർ ഹൈക്കോടതിയിലും പൊലീസ് കംപ്ലൈന്റ് അതോറിറ്റിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.


Read More >>