ലക്ഷ്മി നായര്‍ക്കെതിരെയുള്ള പരാതി പിന്‍വലിച്ച് എഐഎസ്എഫ് നേതാവ്; ദളിത് പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന പരാതി ഹൈക്കോടതിയില്‍ തീര്‍പ്പാക്കി

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് പേരൂര്‍ക്കട പൊലീസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. ഇരുവരും എഐഎസ്എഫ് നേതാക്കളാണ്. ഈ പരാതിയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നതും തുടര്‍ന്നു കോടതി ഹര്‍ജി തീര്‍പ്പാക്കിയതും...

ലക്ഷ്മി നായര്‍ക്കെതിരെയുള്ള പരാതി പിന്‍വലിച്ച് എഐഎസ്എഫ് നേതാവ്; ദളിത് പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന പരാതി ഹൈക്കോടതിയില്‍ തീര്‍പ്പാക്കി

തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ ജാതി വിളിച്ച് ആക്ഷേപിച്ചെന്നുളള കേസ് ഹൈക്കോടതി തീര്‍പ്പാക്കി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് പൊലീസില്‍ നല്‍കിയ പരാതി വിദ്യാര്‍ത്ഥികള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. അക്കാദമിയിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

ദളിത് വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം ലോ അക്കാദമിയില്‍ സമരം നടക്കുമ്പോള്‍ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന ആരോപണമാണ് ലക്ഷ്മിനായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. 1989ലെ പട്ടിക ജാതി പട്ടിക വര്‍ഗനിയമപ്രകാരമാണ് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തതും അന്വേഷണം നടത്തിയതും. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് നേരത്തെ പൊലീസ് കോടതിയെ അറിയിച്ചിരുന്നതാണ്.

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ വിവേക് വിജയഗിരിയും ശെല്‍വവുമാണ് പേരൂര്‍ക്കട പൊലീസില്‍ ലക്ഷ്മി നായര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. ഇരുവരും എഐഎസ്എഫ് നേതാക്കളാണ്. ഈ പരാതിയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നതും തുടര്‍ന്നു കോടതി ഹര്‍ജി തീര്‍പ്പാക്കിയതും.

ഈ കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് വിധേയയാകാന്‍ താന്‍ തയ്യാറാണെന്നും ആരെയും താന്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ലെന്നും ലക്ഷ്മിനായര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

Read More >>