ആര്‍എസ്എസ് പരിപാടി; അരുണന് പിന്തുണയുമായി അഡ്വ. ജയശങ്കര്‍

ജനങ്ങളുടെ വോട്ടുവാങ്ങി വിജയിച്ച ജനപ്രതിനിധികള്‍ അവരുടെ പരിപാടികളിലല്ലാതെ പിന്നെ ആരുടെ പരിപാടികളിലാണ് പങ്കെടുക്കുകയെന്നു ജയശങ്കര്‍ ചോദിച്ചു.

ആര്‍എസ്എസ് പരിപാടി; അരുണന് പിന്തുണയുമായി അഡ്വ. ജയശങ്കര്‍

ഇരിങ്ങാലക്കുടയില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത എംഎല്‍എ, കെ യു അരുണന്റെ നടപടിയില്‍ ഒരു തെറ്റുമില്ലെന്ന് അഡ്വ. എ ജയങ്കര്‍ നാരദാന്യൂസിനോട് പറഞ്ഞു. ജനപ്രതിനിധികളായാല്‍ ജനങ്ങളുടെ ചടങ്ങില്‍ പങ്കെടുക്കും. അതിനെ നിഷേധിക്കുന്നത് ശരിയല്ല. താന്‍ പണ്ട് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചവരാണ് സിപിഐഎമ്മുകാര്‍.ഇപ്പോള്‍ അവരുടെ തന്നെ എംഎല്‍എ, ആര്‍എസ്എസുകാരുടെ പരിപാടിയില്‍ പങ്കെടുത്തിരിക്കുന്നു. പക്ഷെ അതിനെ താന്‍ പിന്തുണയ്ക്കുകയാണ്. ആര്‍എസ്എസിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തതിന് കൊല്ലം മേയര്‍ പത്മലോചനനെതിരേ നടപടി സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഐഎം. അത്തരം നടപടികളോട് യോജിക്കാനാവില്ല. ജനങ്ങളുടെ വോട്ടുവാങ്ങി വിജയിച്ച ജനപ്രതിനിധികള്‍ അവരുടെ പരിപാടികളിലല്ലാതെ പിന്നെ ആരുടെ പരിപാടികളിലാണ് പങ്കെടുക്കുകയെന്നും ജയശങ്കര്‍ ചോദിച്ചു.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ അരുണനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ എല്ലാ സംഘടനകളുടെയും പരിപാടികളില്‍ പങ്കെടുക്കണമെന്നു തന്നെയാണ് തന്റെ നിലപാടെന്നും ജയശങ്കര്‍ പറഞ്ഞു. സിപിഐയുടെ അഭിഭാഷക സംഘടനയുടെ സംസ്ഥാനനേതാവായ അഡ്വ ജയശങ്കര്‍ കെ സുരേന്ദ്രന് രാഖി കെട്ടിക്കൊടുക്കുന്ന ചിത്രങ്ങളും ശ്രീകൃഷ്ണ ജയന്തിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. ആര്‍എസ്എസ് പരിപാടികളില്‍ ഇദ്ദേഹം പങ്കെടുക്കുന്ന വീഡിയോകളും പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ഇരിങ്ങാലക്കുട എംഎല്‍എയും സിപിഐഎം ജില്ലാ കമ്മിറ്റിയംഗവുമായ പ്രൊഫ. കെ യു അരുണന്‍ ആര്‍എസ്എസിന്റെ പരിപാടിയില്‍ ഉദ്ഘാടകനായത്.

പുല്ലൂര്‍ ഊരകം വാരിയാട്ട് ക്ഷേത്രഹാളില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബുക്കുകള്‍ വിതരണം ചെയ്യുന്നതായിരുന്നു പരിപാടി. പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങളും എംഎല്‍എ ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അരുണനില്‍നിന്ന് ജില്ലാ കമ്മിറ്റി വിശദീകരണം തേടി. ആര്‍എസ്എസിന്റെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നായിരുന്നു അരുണന്റെ വിശദീകരണം.