മന്ത്രവാദ ചികിത്സയുടെ പേരില്‍ ക്രൂരപീഡനം; ആദിവാസി ബാലനെ തമിഴ്‌നാട്ടിലേക്ക് കടത്തി

മകന് ബുദ്ധിഭ്രമം ഉണ്ടെന്നു പറഞ്ഞ് വീട്ടുകാരാണ് തമിഴ്നാട്ടിലെ പുതുപ്പടിയില്‍ നിന്ന് മന്ത്രവാദിയെ എത്തിച്ച് ചികിത്സ തുടങ്ങിയത്. കുട്ടിയെ തിരികെ എത്തിക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

മന്ത്രവാദ ചികിത്സയുടെ പേരില്‍ ക്രൂരപീഡനം;    ആദിവാസി ബാലനെ തമിഴ്‌നാട്ടിലേക്ക് കടത്തി

മന്ത്രവാദ ചികിത്സയുടെ പേരില്‍ ഒരാഴ്ചയോളം ക്രൂരപീഡനത്തിന് വിധേയനായ ആദിവാസിയായ 16കാരനെ വീട്ടുകാര്‍ തമിഴ്‌നാട്ടിലേക്ക് കടത്തി. പാലക്കാട് വാളയാറിനടുത്ത് നടുപ്പതി ഊരിലെ പ്രതീഷ് എന്ന കുട്ടിക്കാണ് മന്ത്രവാദ ചികിത്സയുടെ പേരില്‍ പീഡനമേറ്റത്. ഭക്ഷണം നല്‍കാതെ മരത്തില്‍ കെട്ടിയിട്ടുള്ള മര്‍ദ്ദനത്തിന് വിധേയനായ പ്രതീഷ് രണ്ടുദിവസമായി സംസാരിക്കാന്‍ പോലും കഴിയാതെ അവശനായിരുന്നു.

സംഭവത്തെക്കുറിച്ച് ഇന്നലെ നാരദ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയിൽപ്പെട്ട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സംഘവും സ്ഥലത്തെത്തിയെങ്കിലും കുട്ടിയുമായി പിതാവ് തമിഴ്‌നാട്ടിലെ പുതുപ്പടിയിലേക്ക് പോയിരുന്നു.

കുട്ടിയെ ഇന്ന് തന്നെ തിരികെ എത്തിക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും വീട്ടിലുണ്ടായിരുന്ന അമ്മയോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. അടുത്ത കാലത്തായി പല രൂപങ്ങളും തന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നതായി കുട്ടി പറയാറുണ്ടെന്നും അതിന് വേണ്ടി മന്ത്രവാദ ചികിത്സ തുടങ്ങിയതായും കുട്ടിയുടെ അമ്മ പറഞ്ഞതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആനന്ദ് നാരദ ന്യൂസിനോട് പറഞ്ഞു. കുട്ടിയെ പാലക്കാടെത്തിച്ച് ചികിത്സ നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മകന് ബുദ്ധിഭ്രമം ഉണ്ടെന്നു പറഞ്ഞ് വീട്ടുകാര്‍ തന്നെയാണ് തമിഴ്നാട്ടിലെ പുതുപ്പടിയില്‍ നിന്ന് മന്ത്രവാദിയെ എത്തിച്ച് ചികിത്സ തുടങ്ങിയത്. ചികിത്സയുടെ ഭാഗമായി മണിക്കൂറുകളോളം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കല്‍, ഒരാഴ്ചയായി ഭക്ഷണം കൊടുക്കാതിരിക്കല്‍ എന്നിവയാണ് നടന്നത്. പൂജ കഴിയുമ്പോള്‍ അവശേഷിക്കുന്ന പൊടികള്‍ കലര്‍ത്തിയ വെള്ളമാണ് കുടിക്കാന്‍ കൊടുക്കുന്നത്. രണ്ട് ദിവസമായി സംസാരിക്കാന്‍ പോലും കഴിയാതെ അവശനായ കുട്ടി ഇന്നലെ വരെ വീടിനകത്ത് വെളളതുണിയില്‍ പുതപ്പിച്ച് കിടത്തിയ നിലയിലായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.

മലബാര്‍ സിമന്റ്സില്‍ കരാര്‍ ജോലിക്കാരനായ രമേശിന്റെ മകനായ പ്രതീഷ് പാലക്കാട് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. രണ്ട് മാസം മുമ്പ് സ്കൂളിൽ നിന്നും ബസ്സിൽ വീട്ടിലേക്ക് വരുമ്പോൾ സ്ഥലം മാറി വളരെ ദൂരെയിറങ്ങിയ പ്രതീഷ് രാത്രി എട്ടുമണിയോടെയാണ് വീടെത്തിയത്. തുടര്‍ന്ന് സമാനമായ വിധത്തില്‍ അസ്വസ്ഥത കാണിച്ച പ്രതീഷിനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് വിധേയനാക്കിയിരുന്നു. ഈ ചികിത്സ തുടരുന്നതിന്നിടെയാണ് ഒരാഴ്ച മുമ്പ് മന്ത്രവാദ ചികിത്സ തുടങ്ങിയത്.

Read More >>