ഈശ്വരിരേശന്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ല; സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ്

സുരേഷ് രാജ് ഉൾപ്പെടെയുള്ളവരാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തന്റെ രാജിക്ക് വേണ്ടി വാശി പിടിക്കുന്നതെന്ന് ഈശ്വരിരേശൻ നാരദ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു

ഈശ്വരിരേശന്‍ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ല; സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ്

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പാർട്ടി ആവശ്യപ്പെട്ടു രാജി സമര്‍പ്പിച്ച ആദിവാസി വനിതാ നേതാവ് ഈശ്വരിരേശൻ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെപി.സുരേഷ് രാജ്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുന്‍ സംസ്ഥാന കൌണ്‍സില്‍ അംഗം കൂടിയായ ഈശ്വരിരേശന്‍ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഗൌരവമായി ചര്‍ച്ച പോലും ചെയ്യേണ്ടതില്ല എന്ന നിലപാടാണ് സിപിഐക്കുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി സുരേഷ് രാജിന് പകരം ജോസ് ബേബിക്ക് ഒരവസരം കൂടി കൊടുക്കണമെന്ന് ഈശ്വരിരേശന്‍ പറഞ്ഞിരുന്നു. അന്നു മുതലാണ് ഇവര്‍ പാര്‍ട്ടിയുടെ വിഭാഗിയതയുടെ ഇരയാകുന്നത്. ജില്ലാ എക്സിക്യൂട്ടീവ് അംഗമായ തന്റെ ഫോൺ കോൾ പോലും ജില്ലാ സെക്രട്ടറി എടുക്കാതെയായി എന്നും സംഘടനാപരമായ കാര്യങ്ങൾ പോലും സംസാരിക്കാൻ പറ്റാത്ത അവസ്ഥയാണ് അതിന് ശേഷമുണ്ടായാതെന്നും ഈശ്വരിരേശന്‍ നാരദയോട് പറഞ്ഞിരുന്നു.

ജില്ലാ എക്‌സിക്യൂട്ടീവ് കോമാളിക്കൂട്ടമായി മാറി .ജില്ലാ സെക്രട്ടറി എന്ത് പറഞ്ഞ് പഠിപ്പിക്കുന്നുവോ അത് മാത്രം പറയുകയും ചെയ്യുന്നവരുമാണ് കമ്മറ്റിയിലുള്ള പലരും . അട്ടപ്പാടിയെക്കുറിച്ചോ ,ആദിവാസികളെക്കുറിച്ചോ അറിയാത്തവരും ,അവർക്ക് വേണ്ടി ഒന്നും ചെയ്യാത്തവരുമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും ഈശ്വരിരേശന്‍ വ്യക്തമാക്കിയിരുന്നു.

അജണ്ട പോലും അറിയിക്കാതെ പെട്ടെന്ന് വിളിച്ചു ചേര്‍ത്ത ഒരു എക്സിക്യൂട്ടീവ് കൌന്‍സലിലാണ് തന്റെ നേരെ ആരോപണം ഉന്നയിക്കുന്നത് എന്ന് ഈശ്വരിരേശന്‍ പറയുന്നു. അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കി. ഇത് ബോധ്യപ്പെട്ടതിന് ശേഷവും രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന നേതൃത്വവും തന്റെ ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറായില്ല എന്നും ഈശ്വരിരേശന്‍ പറഞ്ഞു.


'അഭിപ്രായങ്ങള്‍ പറയുന്ന ആദിവാസി സ്ത്രീകളെ അവര്‍ക്ക് ആവശ്യമില്ല. ഇത് ദീര്‍ഘനാളുകളായി തനിക്ക് നേരെ ആരംഭിച്ച ഒരു ഗൂഡാലോചനയാണ്.'

സുരേഷ് രാജിനും ,സിപിഐ മണ്ഡലം സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നാരദന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഈശ്വരി രേശന്‍ നടത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നാണ് രാജി വച്ച ശേഷവും സുരേഷ് രാജ് നാരദ ന്യൂസിനോട് പ്രതികരിച്ചത്.

Read More >>