പ്രത്യേക കോടതി, വനിതാ ജഡ്ജി, രഹസ്യ വിചാരണ; ആവശ്യങ്ങളുമായി ആക്രമിക്കപ്പെട്ട നടി

എന്നാൽ ഹരജി സ്വീകരിക്കാൻ കോടതി തയ്യാറായിട്ടില്ല.

പ്രത്യേക കോടതി, വനിതാ ജഡ്ജി, രഹസ്യ വിചാരണ; ആവശ്യങ്ങളുമായി ആക്രമിക്കപ്പെട്ട നടി

നാല് പ്രത്യേക ആവശ്യങ്ങളുമായി ആക്രമിക്കപ്പെട്ട നടിയുടെ പ്രത്യേക ഹരജി. വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. കേസിൻ്റെ വാദം കേൾക്കാൻ വനിതാ ജഡ്ജി വേണമെന്നും രഹസ്യ വിചാരണ വേണമെന്നും അതിവേഗം വിചാരണ പൂർത്തിയാക്കണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പരിഗണിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടിയുടെ അഭിഭാഷകനാണ് ഹരജി സമർപ്പിച്ചത്.

എന്നാൽ ഹരജി സ്വീകരിക്കാൻ കോടതി തയ്യാറായിട്ടില്ല. കേസിൽ നടിയെ സഹായിക്കാൻ സർക്കാർ ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ചിട്ടുണ്ട്. ആ അഭിഭാഷകനുള്ളപ്പോൾ ഒരു പ്രത്യേക അഭിഭാഷകൻ മുഖേന ഹരജി സമർപ്പിക്കാനാവില്ല എന്നതു ചൂണ്ടിക്കാട്ടിയ കോടതി, പ്രോപ്പർ ചാനൽ വഴി സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഹരജി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായും കോടതി അറിയിച്ചു. കേസിൻ്റെ വിചാരണാ നടപടികൾ ഈ മാസം 28ലേയ്ക്കു മാറ്റിയിട്ടുണ്ട്.

അതിനിടെ കേസിൻ്റെ തുടർ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് ആരംഭിച്ചു. കേസിലുൾപ്പെട്ടിട്ടുള്ള 12 പ്രതികളോടും ഇന്നു ഹാജരാവാൻ കോടതി നിർദ്ദേശിച്ചിരുന്നു. ദിലീപ് അടക്കം എല്ലാ പ്രതികളും കോടതിയിൽ ഹാജരായിട്ടുമുണ്ട്.

കേസിൻ്റെ കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിക്കുന്ന തീയതി നിശ്ചയിക്കുക, കേസിൻ്റെ പ്രാരംഭ വാദം എപ്പോൾ നടത്താം എന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക, തുടങ്ങിയ കാര്യങ്ങൾക്കായാണ് കോടതി ഇനു കേസ് പരിഗണിച്ചത്.


Read More >>