'ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരും'; കേരളത്തിലെ സര്‍ക്കാരുകളെ വിമര്‍ശിച്ച് ശ്രീനിവാസന്‍

കേരളത്തിലെ ആളുകള്‍ക്ക് വിവരമുണ്ട്, പക്ഷെ അവര്‍ക്ക് ഓപ്ഷനില്ല. ഈ സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികളെ വീണ്ടും കടന്നാക്രമിച്ച് നടന്‍ ശ്രീനിവാസന്‍. ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരും എന്നതുപോലെയാണ് കേരളത്തില്‍ ഓരോ പാര്‍ട്ടികളും അധികാരത്തിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആളുകള്‍ക്ക് വിവരമുണ്ട്, പക്ഷെ അവര്‍ക്ക് ഓപ്ഷനില്ല. ഈ സ്ഥിതി മാറണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പരിസ്ഥിതി സംഘടനകള്‍ കോഴിക്കോട് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറില്‍ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് ശ്രീനിവാസന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ തുറന്നടിച്ചത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെയാണ്. വലിയ വ്യത്യാസങ്ങളൊന്നും ഇവരുടെ പ്രവര്‍ത്തനത്തിലില്ല. ഗുണ്ടാധിപത്യവും പണാധിപത്യവുമാണ് ഇവരെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ രാഷ്ട്രീയ മുന്നേറ്റമുണ്ടായാല്‍ അതിനൊപ്പമുണ്ടാകാനാണ് താനിഷ്ടപ്പെടുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരും ജൈവകര്‍ഷകരുമടങ്ങുന്ന സമൂഹത്തിലേക്ക് ഭരണമെത്തണം. ഇവരെ സംഘടിപ്പിച്ച് മുന്നേറ്റമുണ്ടാകണം. രാഷ്ട്രീയക്കാരോട് പരിസ്ഥിതി സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.