പൊലീസുകാരന്റെ മോതിരവിരല്‍ പ്രതി കടിച്ചുമുറിച്ചു;സംഭവം സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിനിടെ

അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്‌റ്റേഷനില്‍ നിന്ന് പ്രതിയായ കണ്ണന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് പിടികൂടുമ്പോഴായിരുന്നു പൊലീസുകാരന്റെ മോതിര വിരല്‍ കടിച്ചെടുത്തത്. അറ്റുപോയ വിരല്‍ കൂട്ടിച്ചേര്‍ക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

പൊലീസുകാരന്റെ മോതിരവിരല്‍ പ്രതി കടിച്ചുമുറിച്ചു;സംഭവം സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിനിടെ

സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞ പൊലീസുകാരന്റെ വിരല്‍ പ്രതി കടിച്ചുമുറിച്ചെടുത്തു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം കിഷോറിന്റെ മോതിരവിരലാണ് കാക്കാഴം സ്വദേശി കണ്ണന്‍ കടിച്ചുമുറിച്ചത്. അറ്റുപോയ കിഷോറിന്റെ വിരല്‍ തുന്നി ചേര്‍ക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് പൊലീസുകാരനായ കിഷോര്‍.

ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു പ്രതിയുടെ ആക്രമണം. ബുധനാഴ്ച രാത്രി കണ്ണന്‍ ഭാര്യയുടെ കോമനയിലെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. അവിടെ നിന്ന് ഒരു ലക്ഷം രൂപയും ഭാര്യാസഹോദരന്റെ ബൈക്കും ഇയാള്‍ കൊണ്ടുപോയി. നാല് വയസ്സുള്ള മകളേയും ഇയാള്‍ കൂടെ കൊണ്ടുപോയിരുന്നു.തുടര്‍ന്ന് രാത്രി തന്നെ കണ്ണന്റെ ഭാര്യ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പൊലീസ് വിളിപ്പിച്ചതനുസരിച്ച് ഇന്നലെ പുലര്‍ച്ചെയോടെയാണ് കണ്ണന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

ഇയാള്‍ കടുത്ത മദ്യലഹിരിയായിരുന്നുവെന്ന് പൊലീസുകാര്‍ പറയുന്നു. കണ്ണനെ പൊലീസുകാര്‍ ലോക്കപ്പിനു സമീപം ഇരുത്തുകയായിരുന്നു. ഏഴുമണിയോടെ സ്‌റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പാറാവ് നിന്ന കിഷോര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് വിരല്‍ കടിച്ചുമുറിച്ചത്. കണ്ണന്‍ ക്വട്ടേഷന്‍ സംഘാംഗമാണെന്നാണ് പൊലീസ് പറയുന്നത്.