രാത്രി ഭക്ഷണം വാങ്ങാന്‍ പോയ സഹോദരിമാരായ സ്കൂട്ടര്‍ യാത്രക്കാരികള്‍ കാറിടിച്ചു മരിച്ചു

അമിത വേഗതയില്‍ വന്ന കാറാണ് സഹോദരിമാര്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചത്. ആലപ്പുഴ കരുവാറ്റയിലാണ് സംഭവം- സ്ത്രീകളുടെ വാഹന അപകടങ്ങള്‍ കുറവായ സംസ്ഥാനത്താണ് കാറുകാരന്‍റെ അശ്രദ്ധ സഹോദരിമാരുടെ ജീവന്‍ ഒന്നിച്ചെടുത്തത്.

രാത്രി ഭക്ഷണം വാങ്ങാന്‍ പോയ സഹോദരിമാരായ സ്കൂട്ടര്‍ യാത്രക്കാരികള്‍ കാറിടിച്ചു മരിച്ചു

അമ്മയുടെ മരണത്തോടെ ഒറ്റയ്ക്കായ സഹോദരിമാർ മരണത്തിലേക്ക് നടന്നടുത്തതും ഒരുമിച്ച്. കരുവാറ്റ വഴിയമ്പലം പൂർണ്ണിമ നിവാസിൽ നടരാജന്റെ മക്കളായ പൂർണ്ണിമ (22), ആർദ്ര (15) എന്നിവരാണ് ദേശീയപാതയിൽ കരുവാറ്റ പവർഹൗസിന് സമീപം നടന്ന അപകടത്തില്‍ മരണത്തിനു കീഴടങ്ങിയത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പൂര്‍ണ്ണിമ. ആർദ്ര നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനിയാണ്. പിതാവ് നടരാജന്‍ ജോലി സംബന്ധമായി സൗദി അറേബ്യയിലായതിനാല്‍ അമ്മ മരിച്ചതിനു ശേഷം ഈ സഹോദരിമാര്‍ കരുവാറ്റയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഒന്നര വര്‍ഷം മുന്‍പാണ് ഇവരുടെ അമ്മ ജയ അര്‍ബുദം ബാധിച്ചു മരിച്ചത്.

വീടിന് സമീപമുള്ള തട്ടുകടയില്‍ നിന്നും രാത്രി ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഭക്ഷണം വാങ്ങിയ ശേഷം കിഴക്ക് ഭാഗത്തേക്ക് വരികയായിരുന്ന സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ എതിർ ദിശയിൽ വന്ന ഫോർച്ച്യൂണർ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒറ്റയ്ക്ക് കഴിയേണ്ടി വന്നപ്പോഴും പരസ്പരം താങ്ങും തണലുമായി ജീവിതം സധൈര്യം മുന്നോട്ടു നയിച്ച പൂര്‍ണ്ണിമയെ കുറിച്ചും ആര്‍ദ്രയെ കുറിച്ചും നാട്ടുകാര്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളു. ജോലി കഴിഞ്ഞെത്തുന്ന ചേച്ചിയായിരുന്നു ഗൃഹപരിപാലനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നത്. അനിയത്തിയുടെ പഠനകാര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൂര്‍ണ്ണിമ ശ്രദ്ധ ചെലുത്തിയിരുന്നു.

സഹോദരിമാരുടെ മരണം കരുവാറ്റ ഗ്രാമത്തെയാകെ നടുക്കത്തിലാഴ്ത്തി. നടരാജന്‍ നാട്ടിലെത്തിയതിനു ശേഷം സഹോദരിമാരുടെ ശവസംസ്കാരം നടക്കും.