അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിൽ

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്

അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിൽ

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. ഇവര്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച്‌ അറിവുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകളും ലാപ്ടോപ്പുകളും മൊബെെൽ‌ ഫോണുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ഷാജഹാന്‍ അക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്നയാളുമാണ്. ഇതോടെ കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. വൈകാതെ ഒരാളുടെ കൂടെ അറസ്റ്റ് ഉണ്ടാകും എന്നാണ് സൂചന. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പതിനാല് ദിവസം പിന്നിടുകയാണ്. സംഭവത്തിലെ പ്രധാന പ്രതികളെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. കേസിലെ മുഖ്യപ്രതിയടക്കം മൂന്ന് പേർ‌ രാജ്യം വിട്ടതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പൊലീസ് ഇന്റർപോളിന്റെ സഹായം തേടും. അഭിമന്യുവിന്റെ അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.


Read More >>