''ശിക്ഷ ഇരട്ടിപ്പിക്കുന്ന വകുപ്പുകള്‍ ചേര്‍ത്തില്ല'': ഡിവൈഎസ്‌പി റാങ്കില്‍ അന്വേഷിക്കേണ്ട കേസ്; രണ്ടു ദിവസമായിട്ടും സിഐയുടെ കയ്യില്‍

അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ കേസ് അന്വേഷിക്കേണ്ടത് ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകണം. എന്നാല്‍ സിഐ റാങ്കിലുള്ള കീഴുദ്യോഗസ്ഥനെ കേസ് ഏല്‍പ്പിച്ച് കൈമലര്‍ത്തി കളിക്കുകയാണ് എറണാകുളത്തെ മേലുദ്യോഗസ്ഥര്‍- അവരോട് നാരദ സംസാരിക്കുന്നു

ശിക്ഷ ഇരട്ടിപ്പിക്കുന്ന വകുപ്പുകള്‍ ചേര്‍ത്തില്ല: ഡിവൈഎസ്‌പി റാങ്കില്‍ അന്വേഷിക്കേണ്ട കേസ്; രണ്ടു ദിവസമായിട്ടും സിഐയുടെ കയ്യില്‍

എസ്എഫ്‌ഐയുടെ ആദിവാസി വിദ്യാര്‍ത്ഥി നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ചട്ടവിരുദ്ധമായി. കൊല്ലപ്പെട്ട അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വ്യക്തി ആയതിനാല്‍ പട്ടികജാതി- വര്‍ഗ്ഗ പരിരക്ഷാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചു വേണം കേസ് അന്വേഷിക്കാന്‍. ഡിവൈഎസ്‌പിയില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. എന്നാല്‍ സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് ഏറ്റെടുത്തിട്ടില്ല. മറ്റെല്ലാ കൊലപാതകങ്ങളിലേയും പോലെ കീഴുദ്യോഗസ്ഥനായ സിഐയാണ് അന്വേഷണം നടത്തുന്നത്.

എറണാകുളം സിറ്റിയുടെ ചുമതലയുള്ള രണ്ട് ഓഫീസര്‍മാരോടെ നാരദ ന്യൂസ് സംസാരിച്ചു. ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥനായി വരേണ്ടയാളോടാണ് അദ്യം സംസാരിച്ചത്- ''ഞാന്‍ മറ്റൊരു അന്വേഷണവുമായി പുറത്താണ്. സിഐ അനന്തലാലാണ് അന്വേഷിക്കുന്നത്'' എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അഭിമന്യു ആദിവാസയാണല്ലോ എന്നോര്‍മ്മിപ്പിച്ചപ്പോള്‍ 'അതേ ആദിവാസിയാണല്ലോ'' എന്നു തന്നെ വ്യക്തമാക്കി. സ്വാഭാവികമായി താങ്കളുടെ അടുത്തേയ്ക്ക് അന്വേഷണം വരേണ്ടതല്ലേ എന്ന ചോദ്യത്തിന് 'അതിന്റെ നിയമോപദേശം വാങ്ങാം. ആദിവാസി ആയതുകൊണ്ട് അങ്ങനെ വേണോ എന്നു തിരക്കാം'' എന്നായിരുന്നു ഉത്തരം. അട്രോസിറ്റി ആക്ടിന്റെ പരിധിയില്‍ വരുമ്പോള്‍ ഡിവൈഎസ്‌പി അന്വേഷിക്കണ്ടേ എന്ന് ആവര്‍ത്തിച്ചപ്പോള്‍ 'അതിന്റെ നിയമ വശങ്ങള്‍ കൂടി അന്വേഷിച്ച് ആ വകുപ്പുകള്‍ കൂടി ചേര്‍ക്കും'' എന്നായി മറുപടി.

തുടര്‍ന്ന് സിറ്റിയുടെ ചുമതലയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട് ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു- ''ഞങ്ങളതൊക്കെ നോക്കി ചെയ്യും കെട്ടോ ശരി ശരി' എന്നു പറഞ്ഞ് ഫോണ്‍ സംഭാഷണം വേഗം അവസാനിപ്പിക്കാനായി അദ്ദേഹത്തിന്റെ ശ്രമം. ''ഡിവൈഎസ്പി തലത്തില്‍ അന്വേഷിക്കേണ്ട കേസാണോയെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് നോക്കിയിട്ട് നമുക്ക് ചെയ്യാം കെട്ടോ'- എന്നായി വകുപ്പ് ഓര്‍മ്മിപ്പിച്ചപ്പോള്‍ മറുപടി. സംവരണ സീറ്റില്‍ കോളേജില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥിയാണ് എന്ന വിവരം ധരിപ്പിച്ചപ്പോള്‍- ''അത് അന്വേഷിക്കുന്നുണ്ട്. അന്വേഷിക്കുന്നവരോട് ചോദിക്കു കെട്ടോ' എന്നദ്ദേഹം ആവര്‍ത്തിക്കുകയാണുണ്ടായത്.ഡിവൈഎസ്‌പിയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഇതുസംബന്ധിച്ച് വിവരമില്ലെന്ന് ആവര്‍ത്തിച്ചപ്പോള്‍- ''സിഐയോട് സംസാരിച്ചു നോക്കു'' എന്നായി വീണ്ടും അദ്ദേഹം. ഡിവൈഎസ്‌പി അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യം ആവര്‍ത്തിച്ചപ്പോഴും- 'സിഐയോട് സംസാരിച്ചു നോക്കു. എനിക്ക് വ്യക്തതയില്ല'' എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

അതായത്, കൊലപാതകം നടന്ന് രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിട്ടും പ്രതികള്‍ക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്ന സുപ്രധാന വകുപ്പ് കേസില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല എന്നു തന്നെ. ആ വകുപ്പുകള്‍ പിന്നീട് ചേര്‍ക്കുകയും അന്വേഷണം സിഐ നടത്തുകയും ചെയ്താല്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രത്യാഘാതം ഉണ്ടാകും. പ്രതിഭാഗം അന്വേഷണം ശരിയല്ല എന്നു ചൂണ്ടിക്കാട്ടും. അഭിമന്യു ആദിവാസിയാണ് എന്ന് കോളജില്‍ എല്ലാവര്‍ക്കും അറിയാം. അഭിമന്യുവിനെ കൊലപാതകത്തിനായി പ്രത്യേകം തെരഞ്ഞെടുത്തതാണ് എന്ന് സംഭവങ്ങള്‍ വ്യക്തമാക്കുന്നു. അഭിമന്യുവിനെതിരെ ഗൂഢാലോചന നടന്നുവെന്നും വ്യക്തമാകുന്ന സൂചനകളാണ് ലഭിക്കുന്നത്. ഒരുതരം പ്രകോപനവുമില്ലാതെയാണ് അഭിമന്യുവിനെ 'കൊല്ലാന്‍ പരിശീലനം നേടിയവര്‍' കൊന്നിരിക്കുന്നത്. ഒരു തര്‍ക്കത്തിനിടയില്‍ ഉണ്ടായ ആകസ്മിക സംഭവം എന്ന നിലയ്ക്ക് അന്വേഷണം പൂര്‍ത്തിയാക്കപ്പെടാനുള്ള സാധ്യതകളാണ് ഇരു പൊലീസ് ഓഫീസര്‍മാരുടെയും വാക്കുകളില്‍ വ്യക്തമാകുന്നത്. കേരളം ഞെട്ടിയ കൊലപാതകം സംബന്ധിച്ച്, സാധാരണ സ്റ്റേഷന്‍ നടപടി ക്രമം എന്ന നിലയ്ക്ക് കാര്യങ്ങള്‍ പോവുകയാണ്.

ഉന്നതതല ഗൂഢാലോചന കേസില്‍ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സംഭവത്തിലാണ് കേസ് ആരാണ് അന്വേഷിക്കേണ്ടത് എന്നതില്‍ പോലും അതിഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്- ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം എന്നതു മാത്രമല്ല, ഗൂഢാലോചനയുടെ ആഴവും പുറത്തെത്തേണ്ടതുണ്ട്. കേരളത്തില്‍ ഈ തരത്തില്‍ മറ്റ് കൊലപാതകങ്ങള്‍ക്കും ഇക്കൂട്ടര്‍ പദ്ധതിയിട്ടിട്ടുണ്ടോ എന്നും വ്യക്തമാകണം. കൊല്ലാന്‍ പഠിച്ചവര്‍ കൊന്നുവെങ്കില്‍, ഇവരെ ആരാണ് കൊല്ലാന്‍ പഠിപ്പിച്ചത് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു എന്നിരിക്കെയാണ്, സിഐയ്ക്ക് മുകളില്‍ ഉത്തരവാദപ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ അലംഭാവത്തോടെ കേസ് കൈകാര്യം ചെയ്തത് എന്നു വ്യക്തമാകുന്നത്.

നിലവില്‍ കേസ് അന്വേഷിക്കുന്ന ഓഫീസര്‍ കോളജിലെ എസ്എഫ്‌ഐപ്രവര്‍ത്തകരോട് നിരന്തരം ശത്രുത പുലര്‍ത്തുന്നയാളാണ് എന്ന പരാതികള്‍ വേറെയും. ക്യാംപസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് തന്നെ നിയമ വിരുദ്ധമാണ് എന്നു കരുതുന്ന ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചാല്‍ ''കെവിന്‍ വെള്ളത്തില്‍ വീണ് മരിച്ചു'' എന്നതു പോലൊരു കുറ്റപത്രമാകും ഉണ്ടാവുക എന്ന് എസ്എഫ്‌ഐയ്ക്കുള്ളില്‍ പരാതികള്‍ ഉയരുന്നു. 2011 മുതല്‍ 16 വരെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കൊലപാതകങ്ങള്‍ നടത്തുന്നത് ക്യാംപസ് ഫ്രണ്ടാണ് എന്നിരിക്കെ സമഗ്രമായ ഉന്നതതല അന്വേഷണം അഭിമന്യു കൊലക്കേസ് ആവശ്യപ്പെടുന്നുണ്ട്. ക്യാപസ് ഫ്രണ്ടിനെ നിരോധിക്കണം എന്ന ആവശ്യം ശക്തമാവുകയാണ് എന്നിരിക്കെ അത്തരത്തില്‍ മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘം തന്നെ ചുമതലപ്പെടേണ്ട കേസാണിത്. കൊല്ലാന്‍ പഠിച്ചവര്‍ എങ്ങനെ സംഘടനയില്‍ എത്തിയെന്ന ചോദ്യം മറ്റ് പല ചോദ്യങ്ങളും ഉയര്‍ത്തുന്നു, എന്നിരിക്കെയാണ് എറണാകുളത്തെ രണ്ട് ഓഫീസര്‍മാരും കൈമലര്‍ത്തി കളിക്കുന്നത്.


Read More >>