ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ആദിവാസി ബാലനെ ഒരാഴ്ച ഭക്ഷണം നൽകാതെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; അവശനായ കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമം

രണ്ട് ദിവസമായി സംസാരിക്കാന്‍ പോലും കഴിയാതെ അവശനായ കുട്ടിയെ വീടിനകത്ത് തന്നെ വെള്ളത്തുണിയില്‍ മൂടി കിടത്തിയിരിക്കുകയാണെന്ന് സമീപവാസികള്‍ പറഞ്ഞു.

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ആദിവാസി ബാലനെ ഒരാഴ്ച ഭക്ഷണം നൽകാതെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; അവശനായ കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമം

ആദിവാസിയായ പതിനാറുകാരന് ഒരാഴ്ചയായി ഭക്ഷണം നല്‍കാതെ ക്രൂരമായ പീഡനം നല്‍കി മന്ത്രവാദ ചികിത്സ. ചികിത്സയ്ക്കിടെ അവശനായ കുട്ടിയെ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ വീട്ടുകാര്‍ ശ്രമം തുടങ്ങി. പാലക്കാട് വാളയാറിനടുത്ത് നടുപ്പതി ഊരിലെ പ്രതീഷ് എന്ന പതിനാറുകാരനാണ് ഒരാഴ്ചയായി മന്ത്രവാദ ചികിത്സയുടെ പേരില്‍ ക്രൂരപീഡനമേല്‍ക്കുന്നത്.

അടുത്ത കാലത്തായി മകന് ചെറിയ തോതില്‍ ബുദ്ധിഭ്രംശം ഉണ്ടെന്ന് പറഞ്ഞു വീട്ടുകാര്‍ തന്നെയാണ് തമിഴ്‌നാട്ടിലെ പുതുപ്പടിയില്‍ നിന്ന് മന്ത്രവാദിയെ കൊണ്ടുവന്ന് ചികിത്സ തുടങ്ങിയത്. മണിക്കൂറുകളോളം മരത്തില്‍ കെട്ടിയിട്ട് ക്രൂരമർദ്ദനം, ഒരാഴ്ച ഭക്ഷണം കൊടുക്കാതിരിക്കല്‍ തുടങ്ങിയവയായിരുന്നു ചികിത്സയുടെ ഭാഗമായി നടന്നത്. പൂജ കഴിയുമ്പോള്‍ അവശേഷിക്കുന്ന പൊടികള്‍ കലര്‍ത്തിയ വെള്ളമാണ് കുടിക്കാന്‍ കൊടുക്കുന്നത്. രണ്ട് ദിവസമായി സംസാരിക്കാന്‍ പോലും കഴിയാതെ അവശനായ കുട്ടിയെ വീടിനകത്ത് തന്നെ വെള്ളത്തുണിയില്‍ മൂടി കിടത്തിയിരിക്കുകയാണെന്ന് സമീപവാസികള്‍ പറഞ്ഞു.

പ്രദേശവാസിയായ അങ്കണവാടി ടീച്ചറും സംഭവം സ്ഥിരികരിച്ചിട്ടുണ്ട്. അവശനായ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കാതെ മന്ത്രവാദിയുടെ താവളമായ തമിഴ്‌നാട്ടിലെ പുതുപ്പടിയിലേക്ക് കടത്താനുളള നീക്കം നടത്തുകയാണെന്നും അയല്‍വാസികള്‍ പറഞ്ഞു.

മലബാര്‍ സിമന്റ്‌സില്‍ കരാര്‍ ജോലിക്കാരനായ രമേശിന്റെ മകനായ പ്രതീഷ് പാലക്കാട് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. രണ്ട് മാസം മുമ്പ് സ്‌കൂള്‍ വിട്ട് പാലക്കാട് നിന്ന് വാളയാറിലേക്ക് ബസ് കയറിയപ്പോള്‍ പ്രതീഷിന് കണ്ടക്ടറോട് ഇറങ്ങേണ്ടത് വാളയാറാണെന്ന് പറയാന്‍ സാധിച്ചില്ല. ബസില്‍ നിന്നും സ്ഥലം തെറ്റി വളരെ ദൂരെയിറങ്ങിയ പ്രതീഷ് രാത്രി എട്ടുമണിയോടെയാണ് വീടെത്തിയത്.

തുടര്‍ന്നും സമാനമായ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പ്രതീഷിനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. ഈ ചികിത്സ തുടരുന്നതിന്നിടെയാണ് ഒരാഴ്ച മുമ്പ് മന്ത്രവാദ ചികിത്സ തുടങ്ങിയത്. ശരീരത്തിലെ ബാധ ഒഴിവാക്കാനായി മരത്തില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിക്കുകയും ഭക്ഷണം കൊടുക്കാതിരിക്കുന്നതുമാണ് ചികിത്സ രീതി. മര്‍ദ്ദനമേറ്റാല്‍ ശരീരത്തിലെ ബാധ വിട്ടുപോകുമെന്ന് മന്ത്രവാദി പറഞ്ഞിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. നാട്ടുകാര്‍ സംഭവം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് വാളയാര്‍ പൊലിസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Read More >>