വീടും നാടും കാണാതെ യത്തീം ഖാനയിൽ പതിനാല് വർഷം, പിന്നെ ഓട്ടിസം ബാധിച്ച യുവാവിന്റെ ഭാര്യയായി ഒമ്പത് വർഷം; പള്ളി കമ്മറ്റി വിവാഹം ചെയ്യിച്ച യുവതി വെളിപ്പെടുത്തുന്നു

ബന്ധുവായി വന്ന സ്ത്രീയും പള്ളികമ്മിറ്റിയിലെ ചിലരും ചേര്‍ന്ന് തന്നെ ഓട്ടിസം ബാധിച്ചയാളുടെ ഭാര്യയാക്കാൻ കൊടുക്കാന്‍ അവരില്‍ നിന്ന് വലിയ തുക തന്നെ വാങ്ങിയിട്ടുണ്ടെന്നാണ് ഈ യുവതി പറയുന്നത്.

വീടും നാടും കാണാതെ യത്തീം ഖാനയിൽ പതിനാല് വർഷം, പിന്നെ ഓട്ടിസം ബാധിച്ച യുവാവിന്റെ ഭാര്യയായി ഒമ്പത് വർഷം; പള്ളി കമ്മറ്റി വിവാഹം ചെയ്യിച്ച യുവതി വെളിപ്പെടുത്തുന്നു

മതം അടിച്ചമർത്തപ്പെട്ട ജനതയുടെ നിശ്വാസവും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവുമാണെന്ന് പറഞ്ഞത് നാസ്തികനായ കാൾ മാർക്സ് ആണ്. നാലര വയസിൽ യത്തീം ഖാനയിലെത്തിയ ഒരു പെൺകുട്ടിയ്ക്ക് ജിവിതമെന്നത് നിത്യനരകമാക്കിയതാവട്ടെ ലോകത്തിന്റെ ഹൃദയമെന്ന് മാർക്സ് വിളിച്ച മതത്തിന്റെ നേതാക്കളും. നാട്ടിലെ പള്ളി കമ്മറ്റിയും ബന്ധുവായ ഒരു സ്ത്രീയും ചേർന്ന് പാലക്കാട്ട് ചെർപ്പുളശ്ശേരിയിലുള്ള 28 കാരിയുടെ ജീവിതം തകർത്തെറിഞ്ഞത് ഇങ്ങനെയാണ്. നാലര വയസ് മുതല്‍ നീണ്ട പതിനഞ്ച് വര്‍ഷംവീട്ടില്‍ നിന്നും ദൂരെയുള്ള യത്തീംഖാനയില്‍, ഇതിനിടിയില്‍ ഒരിക്കല്‍പോലും പെറ്റ ഉമ്മയേയോ ജനിച്ച നാടോ കണ്ടില്ല. പത്താംക്ലാസ് പരീക്ഷ പോലും എഴുതിക്കാന്‍ സമ്മതിക്കാതെ അമ്മായിയെന്ന് പറഞ്ഞ് വന്ന ഒരു സ്ത്രീയും പള്ളികമ്മിറ്റിയും ചേര്‍ന്ന് ഓട്ടിസം ബാധിച്ച ഒരു യുവാവിനെ കൊണ്ട് വിവാഹം ചെയ്യിച്ചു, രണ്ടരവയസുകാരന്റെ ബുദ്ധിയുള്ള മിക്കവാറും നഗ്നനായി നടക്കുന്ന ഭര്‍ത്താവ്, കിടക്കയിലും മുറിയിലും വരെ മലമൂത്രവിസര്‍ജ്ജനവും ചെയ്യുന്ന ഭര്‍ത്താവിനെ സ്വന്തം കുഞ്ഞിനെയെന്നവണ്ണം നോക്കി അയാളുടെ വീടിനുള്ളില്‍ പിന്നെയും ഒമ്പത് വര്‍ഷം, ഒടുവില്‍ അവര്‍ക്കും വേണ്ടെന്ന് തോന്നിയപ്പോൾ ഒരു കാറില്‍ കയറ്റി കൊണ്ട് വന്ന് അവളുടെ നാട്ടില്‍ റോഡില്‍ ഇറക്കി വിട്ട് കടന്നു കളഞ്ഞു. 24 വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടിലെത്തിയ അവള്‍ ഇന്ന് ജീവിക്കുന്നത് മാനസികാസ്ഥ്യം ബാധിച്ച വൃദ്ധയായ ഉമ്മയോടൊപ്പമാണ്.

ജീവിതം അവളുടെ വാക്കുകളിൽ

''നാലര വയസിലാണ് എന്നെ മലപ്പുറം ജില്ലയിലെ യത്തീംഖാനയില്‍ എന്റെ ഉമ്മൂമ്മ കൊണ്ടു വന്നാക്കുന്നത്. ഉമ്മയുടെ ആദ്യവിവാഹത്തിലെ കുട്ടിയായിരുന്നു ഞാന്‍. ചെറിയ തോതില്‍ മാനസികാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഉമ്മയെ വീട്ടിലെ മറ്റു സഹോദരങ്ങളും മറ്റും ചേര്‍ന്ന് പുറത്താക്കി. പലപ്പോഴും വീട്ടില്‍ നിന്ന് ആട്ടിയിറക്കി വിടും. ഉപ്പാക്ക് ഉമ്മയോടും എന്നോടും സ്‌നേഹമായിരുന്നെങ്കിലും ഉപ്പാനെ കാണാനൊന്നും ഉമ്മയുടെ വീട്ടുകാര്‍ അനുവദിച്ചില്ല. പലപ്പോഴും അവര്‍ ഉപ്പയെ ആട്ടിയോടിച്ചിരുന്നു. ഒടുവില്‍ ഉപ്പയും ഉപേക്ഷിച്ചു പോയി. പിന്നീട് നാലര വയസോടെയാണ് എന്നെ മലപ്പുറത്തെ യത്തീംഖാനയില്‍ കൊണ്ടാക്കയത്. ഞാന്‍ ചെല്ലുമ്പോള്‍ പത്ത് പെണ്‍കുട്ടികള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ 200 ഓളം പെണ്‍കുട്ടികളുണ്ട്. പിന്നീട് ഞാന്‍ പതിനഞ്ച് വര്‍ഷത്തോളം എന്റെ വീടോ, നാടോ, ഉമ്മയേയോ കണ്ടിട്ടില്ല. വീട്ടില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉമ്മ നാട്ടില്‍ റോഡിലൂടെ അലയുകയായിരുന്നു. നോമ്പിനും പെരുന്നാളിനുമെല്ലാം യത്തീംഖാനയിലെ കുട്ടികള്‍ വീട്ടില്‍ പോകുമ്പോള്‍ ഞാന്‍ യത്തീംഖാനയില്‍ തന്നെ നില്‍ക്കുമായിരുന്നു. എനിക്ക് ലോകത്ത് ഒരു ബന്ധുക്കളും ഇല്ലെന്ന് മനസിലാക്കിയ ചില ഉസ്താദുമാരും ടീച്ചര്‍മാരും എന്നെ പെരുന്നാളിന് അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു.

മദ്രസയില്‍ പ്ലസ് വണ്‍ വരേയും സ്‌കൂള്‍ വിദ്യാഭ്യാസം പത്ത് വരെയുമാണ് എനിക്കുള്ളത്. രണ്ട് വര്‍ഷത്തോളം വൈകി പതിനെട്ടുവയസിലാണ് എനിക്ക് പത്താംക്ലാസ് പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചത്. പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് എന്റെ ഉപ്പയുടെ സഹോദരി യത്തീംഖാനയില്‍ വന്നു. എനിക്കൊരു കല്യാണ ആലോചനയുമായാണ് അവര്‍ വന്നത്. വലിയ പണക്കാരനായ ഒരാളാണെന്നും പാവങ്ങളെ നോക്കി വിവാഹം ചെയ്യാനാണ് എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. പതിനഞ്ച് വര്‍ഷത്തോളം യത്തീംഖാനയുടെ ചുമരുകള്‍ മാത്രം കണ്ടു വളര്‍ന്ന ഞാന്‍ ഏതെങ്കിലും വീട്ടിലെ ഒരു അന്തരീക്ഷം മോഹിച്ചെന്നത് സത്യമാണ്. പക്ഷെ കല്യാണത്തിന് യത്തീംഖാനക്കാര്‍ സമ്മതിച്ചില്ല അവര്‍ അന്വേഷിച്ചപ്പോള്‍ കാര്യങ്ങള്‍ മനസിലായി കാണും. പക്ഷെ നാട്ടിലെ പള്ളികമ്മിറ്റിയിലെ ചിലര്‍ കല്യാണം നടത്തി കൊടുക്കണം എന്നാവശ്യവുമായി അവിടെ വന്നു. പിന്നെ എതിര്‍ക്കാന്‍ യത്തീംഖാനക്കാര്‍ക്കും കഴിഞ്ഞില്ല. എന്റെ നാട്ടിലെ കച്ചേരിക്കുന്ന് പള്ളിയില്‍ വെച്ചായിരുന്നു നിക്കാഹ്. അതിന് വേണ്ടി യത്തീംഖാനയില്‍ നിന്ന് അവരെന്നെ കാറില്‍ നാട്ടിലേക്ക് കൊണ്ടുവന്നു. പതിനഞ്ച് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയെങ്കിലും വീട്ടിലേക്ക് കൊണ്ടു പോയില്ല. യത്തീംഖാനയിലെ വസ്ത്രങ്ങളുമായി വന്ന എന്റെ വസ്ത്രം നിക്കാഹിന് വേണ്ടി മാറ്റാന്‍ എന്റെ വീടിന് അടുത്ത ഒരു വീട്ടില്‍ എന്നെ കൊണ്ടുപോയി. പത്ത് മിനിറ്റിന് ശേഷം വസ്ത്രം മാറ്റി അവര്‍ എന്നെ മലപ്പുറത്തെ വരന്റെ വീട്ടിലേക്ക് കൊണ്ടു പോയി.

വരന്റെ വീട്ടില്‍ സംഭവിച്ചത്

ഭര്‍ത്താവിന്റെ വീടെത്തിയ ശേഷമാണ് ശരിക്കും ഭര്‍ത്താവിനെ ഞാന്‍ കാണുന്നത്. എന്നെ കണ്ടതും ഭര്‍ത്താവ് ചോദിച്ചത് നീയാരാണ് എന്നായിരുന്നു. ഭാര്യയെന്ന് പറഞ്ഞപ്പോള്‍ എന്താണ് ഭാര്യയെന്ന് ചോദിച്ചു. ഭാര്യയെന്തെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. കൂടെയുള്ളവര്‍ അത് പറഞ്ഞു കൊടുത്തപ്പോള്‍ എനിക്ക് നിന്നെ ഇഷ്ടായില്ല എന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. മുടിയില്‍ പിടിച്ചാണ് അടിയ്ക്കുക. അപ്പോള്‍ തുടങ്ങിയ മര്‍ദ്ദനം പലപ്പോഴും പതിവായിരുന്നു. തല്ലുന്നതിന്റെ കാരണം അറിയില്ലായിരുന്നു. അത് നമ്മള്‍ തന്നെ കണ്ടുപിടിക്കണമായിരുന്നു. രണ്ടര വയസുകാരന്റെ ബുദ്ധി മാത്രമാണ് ഭര്‍ത്താവായ റസലിന് ഉണ്ടായത്. പ്രായത്തില്‍ എന്നെക്കാള്‍ രണ്ട് വയസ് കൂടുതല്‍ ഉണ്ടെങ്കിലും എല്ലാ പ്രവ്യത്തികളും രണ്ടര വയസുകരാന്റെ തന്നെ. പലപ്പോഴും നഗ്നനായാണ് നടക്കുക. വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ നഗ്നനായി ഓടിചെല്ലും. അത് കാണുമ്പോള്‍ അമ്മായിയമ്മ എന്നെ ഞാന്‍ നോക്കിയില്ലെന്ന് പറഞ്ഞ് എന്നെ തല്ലും. കിടക്കയിലും മറ്റും മലമൂത്ര വിസര്‍ജ്ജനം നടത്തും. അതെടുത്ത് തലയിലും ചുമരിലും എല്ലാം തേയ്ക്കല്‍ പതിവാണ്. ഹല്‍വയെന്ന് പറഞ്ഞ് സോപ്പെടുത്ത് തിന്നും. ജ്യൂസെന്ന് പറഞ്ഞ് ഫിനോയില്‍ എടുത്ത് കുടിക്കാന്‍ നോക്കും. നമ്മള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ പാത്രം തട്ടിമറിച്ചിട്ട് ഓടും. എന്റെ ജോലി ചെറിയ കുഞ്ഞിനെ പോലെ ഭര്‍ത്താവിനെ നോക്കുക, കുളിക്കാന്‍ അറിയാത്തത് കൊണ്ട് കുളിപ്പിച്ച് ഒരുക്കുക, പാന്റ്‌സ് ഇട്ടുകൊടുക്കുക, ബട്ടന്‍സ് ഇട്ടുകൊടുക്കുക, നേരത്തിന് മരുന്നും ഗുളികയും എടുത്ത് കൊടുത്തില്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരികയും ചെയ്യും. ഭര്‍ത്താവിനെ പരിചരിച്ചും ഒമ്പത് വര്‍ഷമാണ് ആ വീടിനകത്ത് കഴിഞ്ഞത്.

ഇതിനിടയില്‍ മാസത്തില്‍ ചില മണിക്കൂറുകള്‍ മാത്രമേ ഒരു പുരുഷന്റെ സ്വഭാവത്തില്‍ കാണു. അങ്ങിനെയാണ് ഞാന്‍ ഗര്‍ഭിണിയായതും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും. ഭര്‍ത്താവിനേയും കുഞ്ഞിനേയും ഒരു പോലെ പരിചരിക്കേണ്ടി വന്നതോടെ ഞാനാകെ തകര്‍ന്നു പോയി. ഇതിന്നിടയില്‍ ഫോണ്‍ വഴി ഞാന്‍ ചിലരില്‍ നിന്ന് എന്റെ ഉപ്പയുടെ നമ്പറെടുത്ത് വിളിച്ചു. നാലു വയസില്‍ ഞാന്‍ അവസാനമായി കണ്ട ഉപ്പയുടെ സ്വരം പിന്നീട് 24 വയസില്‍ ഞാന്‍ കേട്ടു. ഉപ്പ ആ സമയത്ത് ഗള്‍ഫിലായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഉപ്പ മലപ്പുറത്തെ എന്റെ വീട്ടിലേക്ക് കുറച്ച് ബേക്കറി സാധനങ്ങളും കുട്ടിക്കും മറ്റുമുള്ള ഡ്രസ്സുമായി വന്നു. പക്ഷെ അതൊന്നും വാങ്ങാന്‍ അമ്മായിയമ്മ സമ്മതിച്ചില്ല. അവര്‍ വസ്ത്രങ്ങള്‍ തീയിട്ടു കളഞ്ഞു. ബേക്കറി സാധനങ്ങള്‍ ഞാന്‍ അടുത്ത വീട്ടുകാര്‍ക്ക് കൊടുത്തു. കഴിക്കാന്‍ സമ്മതിച്ചില്ല. ഉപ്പയുടെ മുന്നിലേക്കും നഗ്നനായി ഓടി വന്ന എന്റെ ഭര്‍ത്താവിനെ കണ്ട് ഉപ്പ തകര്‍ന്നു പോയി. നമുക്ക് ഇതിന് പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞാണ് ഉപ്പ പോയത്. പക്ഷെ ഉപ്പ പോയി രണ്ട് മണിക്കൂറിനകം തന്നെ അവര്‍ എന്നേയും കൂട്ടി ആലപ്പുഴയിലെ ഒരു മതപഠനശാലയില്‍ കൊണ്ടു ചെന്നാക്കി. കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിനായിരുന്നു ഇത്. മൂന്ന് മാസം ഖുര്‍ആന്‍ കോഴ്‌സ് ഉണ്ടെന്നും പറഞ്ഞാണ് കൊണ്ടു ചെന്നാക്കിയത്. പക്ഷെ വീട്ടിലുള്ള പൂച്ചക്കുട്ടികളേയും മറ്റും ഉപേക്ഷിക്കുന്ന പോലെ ദൂരെയുള്ള ഒരു സ്ഥലത്ത് കൊണ്ടു ചെന്നാക്കി ഉപേക്ഷിച്ചു പോകുകയാണ് അവര്‍ ചെയ്തത്.

നാലാമത്തെ മാസം മുതല്‍ അവിടുത്തെ അടിച്ചു തളിക്കാരിയാക്കി വെച്ചു കൊള്ളാന്‍ സമ്മതം കൊടുത്താണ് എന്റെ അമ്മായിയമ്മ പോയതെന്ന് ഞാന്‍ വൈകിയാണ് മനസിലാക്കിയത്. ഞാന്‍ അവിടത്തെ ഉസ്താദുമാരോട് വിവരം പറഞ്ഞു. ഞാന്‍ അവിടെ നിന്ന് ചാടിപ്പോയെന്നും അടിയന്തിരമായി അവിടേയ്ക്ക് വരാനും ആലപ്പുഴയിലുള്ളവര്‍ ഫോണില്‍ വിളിച്ചു അമ്മായിയമ്മയോട് നുണ പറഞ്ഞു. അല്ലെങ്കില്‍ അവര്‍ വരില്ലായിരുന്നു. വിവരം അറിഞ്ഞ് അവര്‍ ഭയന്ന് ആലപ്പുഴയിലെത്തി. അന്നു തന്നെ എന്നെ ഒരു കാറില്‍ കയറ്റി അമ്മായിയമ്മയും മറ്റും ചെര്‍പ്പുളശേരി കച്ചേരിക്കുന്നില്‍ ഞാന്‍ അന്ന് നിക്കാഹിന് വസ്ത്രം മാറ്റിയ വീട്ടിന് മുന്നില്‍ റോഡില്‍ ഇറക്കി വിട്ടുപോയി. കഴിഞ്ഞ മെയ് 3 നാണ് അവര്‍ ഇത് ചെയ്തത്. 25 വര്‍ഷത്തിന് ശേഷം ഞാന്‍ തിരഞ്ഞ് പിടിച്ച് വീടെത്തിയപ്പോള്‍ മാലിന്യം നിറഞ്ഞ ഒരു കൂരയായിരുന്നു അത്. ഉമ്മ റോഡില്‍ നിന്നും മറ്റും പെറുക്കി കൂട്ടിയ സാധനങ്ങള്‍. ഒരു പെട്ടിയുടെ മുകളില്‍ കിടന്നാണ് അന്ന് രാത്രി കഴിച്ചത്. ഇതിനിടയില്‍ എന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയതായും പറയുന്നുണ്ട്. ശരിയാണോയെന്ന് അറിയില്ല. ഇപ്പോള്‍ ആറുവയസുള്ള എന്റെ മകളെ ഒരു വര്‍ഷമായി കണ്ടിട്ടില്ല. എനിക്ക് ഇവരില്‍ നിന്ന് നീതി കിട്ടാന്‍ ഞാനെന്താണ് ചെയ്യേണ്ടത്..പലരോടും ഇക്കാര്യം ചോദിച്ചു ചെന്നെങ്കിലും ആരും സഹായിക്കാന്‍ വന്നിട്ടില്ല.''അന്ന് നിക്കാഹിന് വസ്ത്രം മാറിയതും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊണ്ടിറക്കി വിട്ടതും ഇവരുടെ വീടിന് അടുത്തുള്ള സ്ത്രീയുടെ വീടിന് മുന്നിലാണ്. നേരത്തെ പഞ്ചായത്ത് മെമ്പറായിരുന്ന ആ സ്ത്രീ ഇപ്പോള്‍ ടീച്ചറാണ്. ഇവരുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് ഈ യുവതിയും ഉമ്മയും ഇപ്പോള്‍ ജീവിക്കുന്നത്. ഇവരുടെ എല്ലാ കാര്യവും അധ്യാപിക കണ്ടറിഞ്ഞ് ചെയ്യുന്നുണ്ട്. ബന്ധുവായി വന്ന സ്ത്രീയും പള്ളികമ്മിറ്റിയിലെ ചിലരും ചേര്‍ന്ന് തന്നെ ഓട്ടിസം ബാധിച്ചയാളുടെ ഭാര്യയാക്കാൻ കൊടുക്കാന്‍ അവരില്‍ നിന്ന് വലിയ തുക തന്നെ വാങ്ങിയിട്ടുണ്ടെന്നാണ് ഈ യുവതി പറയുന്നത്.Read More >>