യാത്രാമധ്യേ കപ്പലില്‍ നിന്നു മലയാളി യുവാവിനെ കാണാതായിട്ട് ഏഴുദിവസം; ഉത്തരമില്ലാതെ സോഹന്‍ റോയിയുടെ ഏരിസ്

ചരക്കു കപ്പല്‍ കടലിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ കൊല്ലം പെരുമ്പുഴ വഞ്ചിമുക്ക് അഭിനന്ദിനെയാണ് കാണാതായത്. സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ സോഹന്‍ റോയിയുടെ ഏരീസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു, ഈ യുവാവ്. ഏരീസും അഭിനന്ദിന് എന്തു സംഭവിച്ചു എന്നു പറയുന്നില്ല.

യാത്രാമധ്യേ കപ്പലില്‍ നിന്നു മലയാളി യുവാവിനെ കാണാതായിട്ട് ഏഴുദിവസം; ഉത്തരമില്ലാതെ സോഹന്‍ റോയിയുടെ ഏരിസ്

ഈജിപ്തില്‍ നിന്നു ജിദ്ദയിലേക്കു പോയ ചരക്കുകപ്പലില്‍ നിന്നു മലയാളി യുവാവിനെ കാണാതായിട്ട് ഏഴുദിവസം പിന്നിട്ടു. വിഷയത്തില്‍ കൃത്യമായ ഉത്തരം നല്‍കാതെ സംവിധായകനും നിര്‍മ്മാതാവുമായ സോഹന്‍ റോയി ഉടമസ്ഥനായ ഏരിസ് മറൈന്‍ കമ്പനി ഇരുട്ടില്‍ തപ്പുന്നു. കൊല്ലം പെരുമ്പുഴ വഞ്ചിമുക്ക് ജറുസലേം കോട്ടേജില്‍ യേശുദാസന്റെ മകന്‍ അഭിനന്ദിനെയാണ് കാണാതായത്.


ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് മറൈന്‍ കമ്പനിയുടെ ചരക്കുക്കപ്പലിലെ ടാങ്ക് ക്ലീനറായി ജോലി നോക്കുകയായിരുന്നു കൊല്ലം പെരുമ്പുഴ വഞ്ചിമുക്ക് ജറുസലേം വീട്ടില്‍ അഭിനന്ദ് (22). കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് അഭിനന്ദിനെ കാണാതായതായി കമ്പനി അധികൃതര്‍ അറിയിക്കുന്നത്.

കൊല്ലം ജില്ലയിലുള്ള സോഹന്‍ റോയി എന്നയാളുടെ കമ്പനിയിലേക്കാണ് അനിയന്‍ ജോലിക്ക് പോയത്. ഡിസംബര്‍ 22 നാണ് അനിയന്‍ ജോലിക്ക് പോകുന്നത്. ഐടിസി കഴിഞ്ഞ് പൈപ്പ് ഫിറ്ററുടെ ജോലിക്കായാണ് അവന്‍ പോയത്'- സഹോദരന്‍ അഭിലാഷ് പറഞ്ഞു- 'ഫെബ്രുവരിയില്‍ ജോലിയുടെ ഭാഗമായി തുര്‍ക്കിയിലേക്ക് പോകുന്നുവെന്ന് വിളിച്ചു പറഞ്ഞു. മാര്‍ച്ച് 17 തുര്‍ക്കിയില്‍ വച്ചും അഭിനന്ദ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴും അവന്‍ ഹാപ്പിയായിരുന്നു. പെങ്ങള്‍ക്ക് ലാപ്‌ടോപ്പ് കൊണ്ടുവരാമെന്നും ആ ഫോണ്‍ കോളില്‍ പറഞ്ഞിരുന്നു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുണ്ടെന്നു പറഞ്ഞാണ് അന്നവന്‍ കോള്‍ കട്ട് ചെയ്തു പോയത്'

'പിന്നെ 22-ാം തിയതിയാണ് അഭിനന്ദിനെ കാണാനില്ലെന്നു ഷാര്‍ജയില്‍ നിന്നും സന്തോഷ് കുമാര്‍ എന്ന മാനേജര്‍ വിളിച്ചു പറയുന്നത്. അവര്‍ തുര്‍ക്കിയില്‍ നിന്ന് ഈജിപ്തില്‍ വന്നുവെന്നും അവിടെ നിന്നും സൗദി അറേബ്യയിലേക്കുള്ള യാത്രയില്‍ കപ്പലില്‍ വച്ച് അവനെ കാണാതാകുകയായിരുന്നുവെന്നുമാണ് അയാള്‍ പറഞ്ഞത്. അവനെ നഷ്ടപ്പെട്ടുവെന്ന് അവര്‍ കരുതുന്ന സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. ഈജിപ്ഷ്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും നടത്തിയ തിരച്ചിലില്‍ അഭിനന്ദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കപ്പല്‍ സൗദി തുറമുഖത്ത് അടുപ്പിച്ച് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല'

'അനിയന്റെ കൂടെ ജോലി ചെയ്യുന്നവരുമായി സംസാരിച്ചു. അവരും അവനെ കണ്ടില്ലെന്നാണ് പറയുന്നത്. അവന്റെ കൂടെ ജോലി ചെയ്യുന്ന സൂപ്പര്‍വൈസറെ ഞങ്ങൾക്കു സംശയമുണ്ട്. അയാള്‍ പലപ്പോഴും മോശമായിട്ടാണ് പെരുമാറുന്നതെന്ന് അനിയന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഒരു തവണ വിളിച്ചപ്പോള്‍ അവന്റെ മുഖത്ത് മുറിവിന്റെയൊ ചതവിന്റെയൊ പാടുണ്ടായിരുന്നു. മുഖത്തിന്റെ ഒരുവശം പൊത്തിയാണ് അവന്‍ സംസാരിച്ചത്. അതുകൊണ്ട് വ്യക്തമായി കാണാന്‍ പറ്റിയില്ല. കവിളിലെന്താ പറ്റിയതെന്ന് അമ്മയും സഹോദരിയും ചോദിച്ചപ്പോള്‍ അവന്‍ മുന്‍ ക്യാമറ ഓഫാക്കിയാണ് സംസാരിച്ചത്. അവനെ അവസാനം കാണുന്നതും ഈ സൂപ്പര്‍വൈസറാണ്'

'കഴിഞ്ഞ ദിവസം ദുബൈ പോര്‍ട്ടില്‍ കപ്പലടുപ്പിച്ചപ്പോള്‍ സോഹന്‍ റോയിയുടെ ഫോണിലൂടെ ഈ സൂപ്പര്‍വൈസറുമായി ഞങ്ങള്‍ സംസാരിച്ചു. അയാളെ ഞങ്ങള്‍ക്കു സംശയമുണ്ട്. സംസാരിച്ചു നിന്ന ശേഷം കപ്പലിന്റെ മുകള്‍ ഭാഗത്തേക്ക് കയറിപ്പോയെന്നും പിന്നീട് അവനെ കണ്ടില്ലെന്നുമാണ് സൂപ്പര്‍വൈസര്‍ പറഞ്ഞത്. എവിടെ പരാതി നല്‍കണമെന്നും എന്തു ചെയ്യണമെന്നും അറിയാത്ത അവസ്ഥയിലാണു കുടുംബം. മുഖ്യമന്ത്രി, ജില്ലാകളക്ടര്‍, എംപിമാരായ സുരേഷ് ഗോപി, കൊടിക്കുന്നില്‍ സുരേഷ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കു പരാതി നല്‍കിയെങ്കിലും ആരും നടപടി എടുത്തിട്ടില്ലെ'ന്നും സഹോദരന്‍ അഭിലാഷ് പറഞ്ഞു.

കപ്പലിന്റെ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കാണ് അഭിനന്ദ് നിയോഗിക്കപ്പെട്ടത്. എന്നാല്‍ മതിയായ ട്രെയിനിംഗ് നല്‍കാതെയായിരിക്കാം കമ്പനി അഭിനന്ദിനെ ജോലി ഏല്‍പ്പിച്ചന്നു തൃശൂര്‍ സ്വദേശിയായ രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്ത് ഏഴു വര്‍ഷമായി ഈ മേഖലിയില്‍ ജോലി ചെയ്യുന്നയാളാണ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കപ്പലിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്ന് രഞ്ജിത്ത് പറയുന്നു. അരക്ഷിതാവസ്ഥയും പേടിയും ചേര്‍ന്നൊരു അന്തരീക്ഷം. അതുകൂടാതെ കപ്പലിന്റെ ടാങ്കില്‍ ജോലി ചെയ്യുന്ന സമയത്തെ കൊടുംചൂട്. എല്ലാംകൊണ്ടും ഏതുനിമിഷവും തകര്‍ന്നു പോകാവുന്ന മാനസികാവസ്ഥയിലെത്തും. ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചു പോകുന്നവരുണ്ട്. ചിലര്‍ അകാരണമായി ദേഷ്യപ്പെടും.


ഇത്തരം ജോലികളിലേക്കു യാതൊരു ട്രെയിനിംഗുമില്ലാതെയാണ് ചെറിയ കുട്ടികളെ ഏജന്‍സികള്‍ കയറ്റിവിടുന്നത്. ഇവര്‍ക്ക് നല്‍കുന്ന ശമ്പളവും കുറവായിരിക്കും. അഭിനന്ദിനെ കണ്ടെത്താന്‍ നടപടിയുണ്ടാകണമെന്നും രഞ്ജിത്ത് പറഞ്ഞു.