രാധാമണിയുടേത് ഏറ്റവും പഴക്കമുള്ള ചായക്കട: കാലം നീട്ടിയടിച്ചത് കടുപ്പത്തില്‍ 70 വര്‍ഷം

കൊച്ചി കുമ്പളങ്ങിയിലെ രാധാമണി ചേച്ചിയുടെ ചായക്കടയില്‍ ഒന്നു പോകണം- നാടന്‍ ചായക്കടയുടെ 70 വര്‍ഷത്തെ കഥയ്‌ക്കൊപ്പം രുചികരമായ നാടന്‍ പലഹാരങ്ങളും കഴിക്കാം

രാധാമണിയുടേത് ഏറ്റവും പഴക്കമുള്ള ചായക്കട: കാലം നീട്ടിയടിച്ചത് കടുപ്പത്തില്‍ 70 വര്‍ഷം

എല്ലാവരും മനസ്സില്‍ കരുതും ഭംഗിയായി കെട്ടിയുയര്‍ത്തിയ കെട്ടിടവും മുന്നില്‍ ആരെയും ആകര്‍ഷിക്കാന്‍ തക്കമുള്ള ബോര്‍ഡുകളും എല്ലാം തികഞ്ഞ ഹോട്ടല്‍ ആണെന്ന്. എന്നാല്‍ രാധാമണി ചേച്ചിയുടെ കട അതില്‍ നിന്നും വ്യത്യസ്തമാണ്. മൂന്ന് തലമുറകളായി കൈമാറി വന്ന ഒരു പഴയ ചായക്കട. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്കവണ്ണമുള്ള അലങ്കാരങ്ങളോ മറ്റ സൗകര്യങ്ങളോ ഇവിടെ ഇല്ല. ഇഷ്ടികകൊണ്ട് പണിതുയര്‍ത്തിയ ചെറിയ കെട്ടിടം അതിന്റെ പുറകിലായി ചായ്പ്പും .ഒരു കലണ്ടര്‍, അജന്താ ക്ലോക്ക്, ഒരു വശത്ത് മുരുകന്റെ ഫോട്ടോയും കുഞ്ഞുവിളക്കും. കേറി വരുമ്പോള്‍ കാണാന്‍ കഴിയുന്നതും ഇതാണ്. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് ആസ്വദിക്കാന്‍ പാട്ടുകള്‍ ഇല്ല. ആകെയുള്ളത് കൈപുണ്യം നിറഞ്ഞ ഭക്ഷണം വയറുനിറയെ കഴിക്കാം. മനസ്സ്‌നിറയ്ക്കുന്ന രാധാമണി ചേച്ചിയുടെ ചെറുപുഞ്ചിരിയും കാണാം.

1947 ഏപ്രില്‍ 24 നാണ് കുളക്കടവില്‍ അയ്യക്കോയ ചായകട തുടങ്ങുന്നത്. 80 ാം വയസ്സില്‍ അയ്യക്കോയ മരിച്ചപ്പോള്‍ മകന്‍ കുഞ്ഞപ്പന്‍ കടയുടെ ചുമതല ഏറ്റെടുത്തു. 1992 ല്‍ കുഞ്ഞപ്പന്റെ മരണശേഷം ഭാര്യ സരള കട മുന്നോട്ട് കൊണ്ടുപോയി. ഇപ്പോള്‍ അവരുടെ മൂന്നാം തലമുറയിലെ രാധാമണിയാണ് കടയില്‍ പലഹാരം ഉണ്ടാക്കുന്നതും ചായ കൊടുക്കുന്നതും. സഹായത്തിനായി സഹോദരന്‍ ശശികുമാറും രാധാമണിയോടൊപ്പം ഉണ്ട്. പ്രായത്തിന്റെ അവശതകള്‍ രാധാമണി ചേച്ചിയ്ക്കുണ്ട്. കൂടാതെ ചെറുപ്പത്തില്‍ ഉണ്ടായ ചെറിയ അപകടത്തില്‍ നട്ടെല്ലിന് പരിക്ക് പറ്റിയിരുന്നു. അതിന്റെ ബുദ്ധിമുട്ടുകള്‍ ഇപ്പോഴും രാധാമണിയെ അലട്ടുന്നുണ്ട്. സഹോദരന്‍ ശശികുമാര്‍ സഹായത്തിനുള്ളതിനാല്‍ കട ഇപ്പോഴും നല്ല നിലയില്‍ നടത്തുകയാണ്.

രാവിലെ അഞ്ച് മുതല്‍ വൈകിട്ട് ഏഴുവരെയാണ് കടയുടെ പ്രവര്‍ത്തനം.കൂടുതലും കര്‍ഷകര്‍ തന്നെയാണ് ഇവിടെ സ്ഥിരം വരുന്നത്. കാര്‍ഷിക മേഖലയിലെ തകര്‍ച്ചകള്‍ രാധാമണി ചേച്ചിയുടെ കടയെ സാരമായി ബാധിച്ചിട്ടുണ്ട്. പണ്ട് കൊയ്ത്ത് കാലമായാല്‍ ഇവിടെ ഉണ്ടാക്കുന്ന പലഹാരങ്ങള്‍ക്ക് നല്ല കച്ചവടം കിട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കച്ചവടം തീരെയില്ല.25 കിലോ അരിമാവില്‍ ഉണ്ടാക്കിയിരുന്ന ഭക്ഷണങ്ങള്‍ ഇപ്പോള്‍ മൂന്നു കിലോയായി കുറഞ്ഞിരിക്കുന്നു. കാരണം, കൃഷിയില്ല. എല്ലാവരും ഉന്നത ജോലികള്‍ക്കായി തിരിക്കിലേക്ക് പോകുമ്പോള്‍ അവര്‍ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്നു. നാട്ടിന്‍ പുറത്തേ കടകള്‍ ഇക്കാലത്ത് അന്യം നിന്നു പോകുന്ന കാഴ്ച്ചയാണ് കാണുന്നത്. ശശികുമാര്‍ പറഞ്ഞു.
ശുദ്ധമായ വെളിച്ചെണ്ണയില്‍ പാകപ്പെടുത്തിയ പലഹാരങ്ങളാണ് കടയില്‍ ഉള്ളത്. ബോണ്ട, സുഖിയന്‍, പഴംപൊരി, സവാളവട തുടങ്ങിയ പലഹാരങ്ങള്‍ക്കൊപ്പം അപ്പം, പുട്ട്, ഇഡല്ലി എന്നിവയും കടയില്‍ ഉണ്ട്. വിലക്കുറവാണ് മറ്റൊരു ആകര്‍ഷണം. കറികള്‍ക്ക് 15 രൂപയാണ്. രണ്ട് പുട്ടും കടലക്കറിയും കഴിച്ചാല്‍ ആകെ നല്‍കേണ്ടി വരുന്നത് 31 രൂപ മാത്രം. കുളക്കടവിലെ ചായക്കടയില്‍ സ്ഥിരം വരാറുള്ള നാണപ്പന്‍ ചേട്ടന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. വര്‍ഷങ്ങളായി ഞാന്‍ ഇവിടുന്നാണ് ഭക്ഷണം കഴിക്കുന്നത്. വളരെയേറെ സ്വാദുള്ള ഭക്ഷണമാണ് ഇവിടുന്ന് കിട്ടുന്നത്. പണി കഴിഞ്ഞുവന്നാല്‍ കുറേ നേരം തമാശകളും നാട്ടിലെ രാഷ്ട്രിയങ്ങളും പറഞ്ഞ് ഇരിക്കും കൂടെ നല്ല കടുപ്പമുള്ള ചായയും.

കാര്‍ഷിക മേഖലയുടെയും മത്സ്യമേഖലയുടെയും തകര്‍ച്ച ഇനിയും കൂടുതല്‍ ബാധിക്കുമെന്ന ആശങ്കയില്‍ നില്‍ക്കേ 70 വര്‍ഷം പിന്നിടുന്ന കുളക്കടവിലെ പൈതൃക സ്വത്ത് നാലാം തലമുറ ഏറ്റെടുക്കുമോ എന്ന് ഉറപ്പില്ല.


Read More >>