മുലയൂട്ടി മാറിടം മറയ്ക്കാത്ത കവർ ​ഗേൾ മലയാളത്തിലുണ്ട് ; ആറു പതിറ്റാണ്ടു മുൻപ് അർദ്ധന​ഗ്നയായ ആ സുന്ദരിയെ മുഖചിത്രമാക്കിയത് മാതൃഭൂമി

കെ.പി കേശവമേനോൻ പത്രാധിപരായിരുന്ന കാലത്താണ് ഈ ചിത്രം മുഖചിത്രമാകുന്നത്. ഫോട്ടോ​ഗ്രാഫർ നമ്പീശനാണ് ചിത്രം പകർത്തിയത്. മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. തൊഴിലാളിയായ ഒരു ആദിവാസി സ്ത്രീ എന്ന് മാത്രമേ അവർക്കറിയൂ

മുലയൂട്ടി മാറിടം മറയ്ക്കാത്ത കവർ ​ഗേൾ മലയാളത്തിലുണ്ട് ; ആറു പതിറ്റാണ്ടു മുൻപ് അർദ്ധന​ഗ്നയായ ആ സുന്ദരിയെ മുഖചിത്രമാക്കിയത് മാതൃഭൂമി

മാതൃത്വമെന്ന വിഷയവുമായി ബന്ധപ്പെട്ടാണെങ്കിലും മലയാളത്തിൽ ഒരുപക്ഷേ വിനോദപരമല്ലാതെ ഒരു മാ​ഗസിന്റെ കവറിൽ സ്ത്രീയുടെ അർദ്ധന​ഗ്നത അച്ചടിക്കപ്പെടുന്നത് 2018 ലായിരിക്കും. എന്തായാലും മാതൃഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ​ഗൃഹലക്ഷ്മിയുടെ കവറിൽ മുലയൂട്ടുന്ന യുവതിയുടെ മാറിടം ഭാ​ഗികമായി അനാവൃതമായ ചിത്രം അച്ചടിക്കപ്പെടുന്നതിന് അറുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പിന്റെ കവറിൽ ഒരു പെൺകുട്ടിയുടെ മാറിടങ്ങൾ പൂർണ്ണമായും അനാവൃതമായ അർദ്ധന​ഗ്ന ചിത്രം അച്ചടിക്കപ്പെട്ടിരുന്നു. തൊഴിലാളിയായ ഒരു ആദിവാസി പെൺകുട്ടി വലിയ വെട്ടുകല്ലും തലയിലേറ്റി നിൽക്കുന്ന ചിത്രമാണ് 1957 ജൂലൈ 7 ലെ പതിപ്പിൽ അച്ചടിക്കപ്പെട്ടത്.കെ.പി കേശവമേനോൻ പത്രാധിപരായിരുന്ന കാലത്താണ് ഈ ചിത്രം മുഖചിത്രമാകുന്നത്. ഫോട്ടോ​ഗ്രാഫർ നമ്പീശനാണ് ചിത്രം പകർത്തിയത്. മോഡലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. തൊഴിലാളിയായ ഒരു ആദിവാസി സ്ത്രീ എന്ന് മാത്രമേ അവർക്കറിയൂ. വൈലോപ്പിള്ളി, സിനിക്ക്, മിസിസ് എംപി പോൾ എന്നിവരടക്കം അക്കാലത്തെ നിരവധി പ്രമുഖരുടെ രചനകളും ആദിവാസി പെൺകുട്ടിയുടെ സുന്ദര രൂപം അനാവൃത മാറിടങ്ങളോടെ കവറായി പ്രസിദ്ധീകരിക്കപ്പെട്ട പതിപ്പിന്റെ ഉള്ളടക്കത്തിലുണ്ട്. നെഞ്ചിൽ നിന്നും നിണം വാർന്നിടുമ്പോഴും /പുഞ്ചിരിക്കൊണ്ടു നിൽക്കും പ്രകാശമേ/ നാകത്തിന്റെ വിശുദ്ധ സന്താനമേ/ എന്നീ വരികളാണ് മുഖചിത്രത്തിന് ഒപ്പം നൽകിയിരിക്കുന്നത്.

"അന്ന് ഇത്രമാത്രം സദാചാരമൊന്നും ഇല്ല. ആരും തുറിച്ചു നോക്കുകയുമില്ല. ആ കാലഘട്ടമൊക്കെ അവസാനിച്ചിട്ട് ഒരുപാടായിട്ടൊന്നുമില്ല . അതെല്ലാം മാറി ഇന്നുള്ള പോലൊരു സമ്പ്രദായം വരുന്ന സമയത്ത് ഗൃഹലക്ഷ്മിയുടെ കവർ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ കാണുമ്പോൾ ഒന്നും ഒട്ടു പ്രോഗ്രസ്സിവ് ആയ രീതിയിലുള്ള മാറ്റങ്ങൾ അല്ല സംഭവിക്കുന്നതായി കാണുന്നത്. ചർച്ചകളൊക്കെ ഭയങ്കര പ്രതിലോമകരമായ രീതിയിലാണ് നടക്കുന്നത്. 1957 എന്നൊക്കെ പറയുന്നത് നവോത്ഥാന ഏറ്റവും പ്രധാനമായ മാറ്റങ്ങൾ നടക്കുന്ന കാലഘട്ടമാണ്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭാ അധികാരത്തിൽ വരികയാണ്. മാറ് മറക്കാത്ത സ്ത്രീകൾ സാധാരണ കാഴ്ചകളാണ്. അത്തരമൊരു കാലഘട്ടത്തിലാണ് ഇങ്ങനെയൊരു ചിത്രം മാതൃഭൂമി കവർ ഫോട്ടോ ആക്കുന്നത്. " മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്കർ പറയുന്നു.

2018 ൽ ഒരു വിനോദേതരദ്വൈവാരികയുടെ, പ്രത്യേകിച്ചും മധ്യവർ​ഗ ജനവിഭാ​ഗത്തിന്റെ സമ്മതിയുള്ള പ്രസിദ്ധീകരണങ്ങളിലൊന്നിന്റെ കവറിൽ ഒരു അർദ്ധന​ഗ്നചിത്രം അച്ചടിക്കപ്പെടുന്നത് മാത‍ൃത്വത്തോട് ചേർത്തുകെട്ടി സദാചാരപരമായ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടാണെന്നതാണ് ശ്രദ്ധേയം. 61 വർഷങ്ങൾക്ക് മുൻപ് തീർത്തും ​ഗൗരവമുള്ളതെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു മാ​ഗസിന്റെ കവറിൽ ആദിവാസി പെൺകുട്ടിയുടെ അനാവൃതമാറിടം അച്ചടിക്കാൻ ഒരുതരം മുൻകരുതലും എടുക്കേണ്ടിവന്നില്ലെന്നതും ശ്രദ്ധേയമായി.

''1957 ലെ സമൂഹം കുറച്ചു കൂടി ലിബറൽ ആയിരുന്നു. ഒന്നാമത് കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ഇടം. അതിന്റേതായ ഒരു സ്പേസും പ്രോഗ്രസ്സും നമുക്കുണ്ടായിരുന്നു. പിന്നീട് ആ തലമുറ ഇല്ലാതായല്ലോ. ഞങ്ങൾക്ക് കവറുകൾ നൽകാൻ വലിയ സ്വാതന്ത്ര്യമായിരുന്നു. ഞങ്ങളുടെ ചിന്തകൾക്കും സർഗ്ഗാത്മകതക്കും വലിയ സ്ഥാനമായിരുന്നു. എന്ന് കേരളം കണ്ട മികവുറ്റ പത്രാധിപരിലൊരാളായ എസ് ജയചന്ദ്രൻനായർ പറയുന്നു. അന്ന് ഞാൻ പത്രത്തിലായിരുന്നു, പിന്നെയാണ് ആഴ്ചപ്പതിപ്പിലേക്ക് പോവുന്നത്. യാഥാസ്തികമായ സമൂഹത്തിനെതിരെ അതിശക്തമായ സമൂഹമുണ്ടായിരുന്നു അന്ന് പേടിയേ ഇല്ലായിരുന്നു എന്നും ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയുടെ എഡിറ്ററായിരുന്ന ജയചന്ദ്രൻ നായർ പറഞ്ഞു.


Read More >>