സ്വന്തമായുള്ള നാലുസെന്റിൽ ഷെഡ് കെട്ടിപ്പോലും താമസിക്കാന്‍ അനുവാദമില്ല: കുടിയൊഴിപ്പിക്കലിനു പിന്നിൽ പ്രദേശത്തെ മുതലാളിയും കോൺ​ഗ്രസ് നേതാവും; ആത്മഹത്യാ കുറിപ്പിനു തുല്യമായ പരാതിയുമായി

വില കൊടുത്തു വാങ്ങിയ നാലു സെന്റ് സ്ഥലത്ത് ഒരു ഷെഡ് കെട്ടി താമസിക്കാനുള്ള ആഗ്രഹവുമായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിക്കും മറ്റും അയച്ച പരാതിയില്‍ 'ഏപ്രില്‍ 30 കഴിഞ്ഞാല്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് ' ഒരു ആത്മഹത്യാ കുറിപ്പു പോലെ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ല. നാളെ ഗതികേട് കൊണ്ട് ഈ കുടുംബം ആത്മഹത്യ ചെയ്താലും മറ്റെല്ലാ കൂട്ട ആത്മഹത്യയിലും കണ്ടെത്തുന്ന കാരണം പോലെ കുടുംബം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു ഒറ്റ വാചകത്തില്‍ മരണ കാരണം ഒതുക്കപ്പെടും.

സ്വന്തമായുള്ള നാലുസെന്റിൽ ഷെഡ് കെട്ടിപ്പോലും താമസിക്കാന്‍ അനുവാദമില്ല: കുടിയൊഴിപ്പിക്കലിനു പിന്നിൽ പ്രദേശത്തെ മുതലാളിയും കോൺ​ഗ്രസ് നേതാവും; ആത്മഹത്യാ കുറിപ്പിനു തുല്യമായ പരാതിയുമായി

രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ രോഗിയായ അഞ്ജു മാത്യുവും ഭര്‍ത്താവും മക്കളും അച്ഛനും അമ്മയുമടങ്ങുന്ന പത്തംഗ കുടുംബത്തിന് കിടപ്പാടം ഇല്ലാതാകും. ഏപ്രില്‍ 30ന് അവര്‍ ഇപ്പോള്‍ താമസിക്കുന്ന ജപ്തി കയറി വിറ്റ എറണാകുളത്തെ വീട് ഒഴിഞ്ഞുകൊടുക്കണം. വീട് ഒഴിഞ്ഞു കൊടുത്ത ശേഷം തലചായ്ക്കാന്‍ ഒരു ഷെഡ് കെട്ടാനായി പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്ക് വണ്ടാഴി വില്ലേജില്‍ നാലു സെന്റ് സ്ഥലം വാങ്ങിയതാണ്. പക്ഷെ അവിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ കൊടി നാട്ടി. ഒരു മുളക്കമ്പ് പോലും കുഴിച്ചിടാന്‍ ശ്രമിക്കാത്ത പറമ്പില്‍ അനധികൃത നിര്‍മാണം നടക്കുന്നുവെന്നാരോപിച്ച് പുലര്‍ച്ചെ ആറുമണിക്ക് തന്നെ തഹസില്‍ദാരുടെ സ്റ്റോപ്പ്‌ മെമ്മോ.

കോടികള്‍ മുടക്കി നിര്‍മിച്ച സ്വന്തം മണിമാളികയ്ക്കു മുന്നിലായി റോഡരികില്‍ ഈ 'ഗതികെട്ടവരുടെ' ഷെഡ് വന്നാല്‍ അതുണ്ടാക്കുന്ന നാണക്കേടോര്‍ത്ത് വിഷമിക്കുന്ന ഒരു 'പാവം' മുതലാളിയുടേയും അയാളുടെ പിണിയാളായ കോണ്‍ഗ്രസ് നേതാവിന്റേയും ചില ഉദ്യോഗസ്ഥരുടേയും ചട്ടുകമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറിയതോടെയാണ് സ്വന്തമായുള്ള നാലു സെന്റ് സ്ഥലത്ത് ഒരു ഷെഡ് വച്ചുകെട്ടിയെങ്കിലും താമസിക്കാനുള്ള നിര്‍ധന കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നത്. ഇതോടെ ഈ കുടുംബം പെരുവഴിയിലായി.

ഇതിനു പരിഹാരമാവശ്യപ്പെട്ട് ഇവര്‍ മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിക്കും മറ്റും അയച്ച പരാതിയില്‍ 'ഏപ്രില്‍ 30 കഴിഞ്ഞാല്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് ' ഒരു ആത്മഹത്യ കുറിപ്പു പോലെ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ല. നാളെ ഗതികേട് കൊണ്ട് ഈ കുടുംബം ആത്മഹത്യ ചെയ്താലും മറ്റെല്ലാ കൂട്ട ആത്മഹത്യയിലും കണ്ടെത്തുന്ന കാരണം പോലെ കുടുംബം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു ഒറ്റ വാചകത്തില്‍ കാരണം ഒതുക്കപ്പെടും.

റോഡില്‍ നിന്നു നോക്കിയാല്‍ പാടത്തിനു നടുക്കെന്ന പോലെ മുതലാളിയുടെ വീട്; വീട്ടിലേക്ക് പാത നിര്‍മിച്ചത് പാടം നികത്തിയിട്ട്

ആലത്തൂര്‍ താലൂക്കില്‍ വണ്ടാഴി രണ്ട് വില്ലേജില്‍ ഉള്‍പ്പെട്ട കറാംകുളം എന്ന സ്ഥലത്തു ചെന്നാല്‍ പാടം നികത്തി വീടു വെച്ച നിരവധി വീടുകള്‍ കാണാം. ഇവിടെ നെല്‍വയലുകള്‍ക്ക് നടുവിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ പാടം നികത്തി അനധികൃതമായി ഉണ്ടാക്കിയ നൂറു മീറ്ററോളം വരുന്ന റോഡ് ചെന്നുചേരുന്നത് അവറാച്ചന്റേയും മറ്റു രണ്ടു വീടുകളിലേക്കുമാണ്. റോഡില്‍ നിന്നു നോക്കിയാല്‍ പാടത്തിന്റെ നടുക്ക് നിലം നികത്തി നിര്‍മിച്ച മാളികയാണ് അവറാച്ചന്റേതെന്ന് തോന്നും.


പാടങ്ങള്‍ക്കു നടുവില്‍, പാടം നികത്തിയുള്ള അവറാച്ചന്‍ മുതലാളിയുടെ പത്രാസ് റോഡും മാളികയുമെല്ലാം ഒരു ഒന്നൊന്നര കാഴ്ച്ചയാണ്. അവിടെ ആ കാഴ്ച്ചകള്‍ക്ക് അലോസരമുണ്ടാക്കുന്ന ഒരു ഷെഡ് വരുന്നത് തടയാനാണ് ഈ നാടകമെല്ലാം. പിന്നെ ആ റോഡിനോടു ചേര്‍ന്നുള്ള ആ സ്ഥലം കിട്ടിയാല്‍ ഭാവിയില്‍ ഒരു ഒന്നാന്തരം ഷോപ്പിങ് കോംപ്ലക്‌സ് പടുത്തുയര്‍കയും ആകാം.

ഈ വീടിന്റെ മുന്നില്‍ പാടത്തിനോടു ചേര്‍ന്ന് പത്തുവര്‍ഷമായി ഒരു പ്രവൃത്തിയും ചെയ്യാതെ പാതി നികത്തി കിടന്നിരുന്ന നാലു സെന്റ് സ്ഥലമാണ് അഞ്ജു മാത്യു ഇതൊന്നുമറിയാതെ വാങ്ങിയത്. ഇതിനോടു ചേര്‍ന്ന് അഞ്ചു സെന്റ് സ്ഥലം സഹോദരിയുടെ പേരിലും വാങ്ങിയിരുന്നു. അവറാച്ചന്റെ വീടിനു സമീപത്തായി റോഡോട് ചേര്‍ന്ന സ്ഥലമാണ് ഇവര്‍ വാങ്ങിയത്. ഈ നാലു സെന്റില്‍ വീട് വയ്ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സിന്റെ കൊടി നാട്ടലിലും സ്‌റ്റോപ്പ് മെമ്മോയിലും മുടങ്ങി നില്‍ക്കുന്നത്.

തൊട്ടടുത്ത് ശരിയായ കൃഷി നടക്കുന്ന നാലു സെന്റിലധികം പാടം നികത്തി റോഡ് നിര്‍മിച്ചതും തൊട്ടടുത്ത ഏക്കര്‍ കണക്കിനു നെല്‍വയൽ കമ്പിവേലി കൊണ്ട് വളച്ചുകെട്ടി കുഴല്‍ക്കിണര്‍ കുഴിച്ച് ഹൗസ് പ്ലോട്ടുകളാക്കി വില്‍ക്കാന്‍ ഇട്ടിരിക്കുന്നതും നാലു സെന്റില്‍ ഷെഡ് കെട്ടുന്നത് തടയാന്‍ വന്ന ആലത്തൂര്‍ തഹസില്‍ദാര്‍ എം കെ അനില്‍കുമാറും സംഘവും കണ്ടതുമില്ല.

കൈയിലുള്ളതെല്ലാം സ്ഥലത്തിനു കൊടുത്തു

അഞ്ജു മാത്യുവും ഡ്രൈവറായ ഭര്‍ത്താവ് ഉല്ലാസും രണ്ട് മക്കളും അഞ്ജു മാത്യുവിന്റെ സഹോദരിയും മൂന്നു മക്കളും ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്നുള്ള പത്തംഗ കുടുംബം എറണാകുളത്ത് ഇടപ്പള്ളിയിലാണ് താമസിച്ചു വന്നിരുന്നത്. കുട്ടികളുടെയെല്ലാം പ്രായം പത്തും വയസും താഴെയുമാണ്. SLE LUPS എന്ന രോഗത്തിന് അടിമ കൂടിയാണ് 33 കാരിയായ അഞ്ജു മാത്യു. ബാങ്കില്‍ നിന്ന് ലോണെടുത്ത് ജപ്തി നടപടികള്‍ വന്നതു മൂലം ഇടപ്പള്ളിയിലെ വീട് കിട്ടിയ വിലയ്ക്കു വിറ്റു ബാങ്കിലെ കടം വീട്ടി. ബാക്കി കിട്ടിയ 13 ലക്ഷം രൂപയുമായി ഭര്‍ത്താവിന്റെ നാടായ വടക്കുഞ്ചേരി വന്ന് വീട് വെക്കാന്‍ സ്ഥലം അന്വേഷിക്കാന്‍ തുടങ്ങി.

ഒന്നര മാസത്തെ അലച്ചിലിനു ശേഷമാണ് ഇപ്പോഴത്തെ സ്ഥലം കണ്ടെത്തിയത്. കുറെ വര്‍ഷങ്ങളായി കൃഷി ചെയ്യാത്തതും കൃഷിക്ക് അനുയോജ്യവുമല്ലാത്ത സ്ഥലം നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇവിടെ സര്‍ക്കാര്‍ കണക്കു പ്രകാരമുള്ള വില കണക്കാക്കിയാണ് സ്ഥലം രജിസ്ട്രര്‍ ചെയ്തു വാങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ കണക്കിനെക്കാള്‍ ഉയര്‍ന്ന തുക സെന്റിന് ഒരു ലക്ഷം നല്‍കിയാണ് മാര്‍ച്ച് 15 ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രജിസ്‌ട്രേഷനും മറ്റുമായി പത്തു ലക്ഷം രൂപ ചെലവായി. ബാക്കി മൂന്നു ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് കൈയില്‍ ഉണ്ടായിരുന്നത്. ഇതിനു വീട് വെക്കാന്‍ കഴിയാത്തതിനാല്‍ സ്ഥലത്ത് ഒരു കിണര്‍ കുഴിച്ച് ഷെഡ് കെട്ടി താമസിക്കാന്‍ തീരുമാനിക്കുന്നു. ഏപ്രില്‍ 30 നകം ഇപ്പോള്‍ താമസിക്കുന്ന വീട് ഒഴിഞ്ഞു കൊടുക്കേണ്ടതിനാല്‍ പ്രവൃത്തികള്‍ക്ക് വേഗം കൂട്ടാന്‍ തീരുമാനിച്ചു.

സ്ഥലത്ത് ആദ്യം യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടല്‍

ആദ്യം കിണര്‍ കുഴിക്കാനായിരുന്നു തീരുമാനിച്ചത്. അതിനായി സ്ഥലം നിര്‍ണയിക്കാന്‍ ആശാരിയെ കൊണ്ടു വന്നു. കാടു മൂടി കിടക്കുന്ന സ്ഥലത്ത് കിണറിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് അയാള്‍ മടങ്ങി. കാടുവെട്ടി വൃത്തിയാക്കിയാല്‍ വരാമെന്നും പറഞ്ഞിരുന്നു. കാടും പരിസരവും വെട്ടി പറമ്പില്‍ ഇട്ടുതന്നെ കത്തിച്ചു. വീണ്ടും ആശാരിയെ കിണറിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ കൊണ്ടുവന്നപ്പോള്‍ സ്ഥലത്തെ ചാരം തടസമായി. ചാരം കിടക്കുന്ന സ്ഥലത്ത് കിണര്‍ നിര്‍ണയം നടത്തുന്നതെന്ന് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് ആശാരി പിന്നേയും മടങ്ങി. സ്ഥലത്ത് കൂടിക്കിടക്കുന്ന മണ്ണെടുത്ത് ചിതറി കിടന്നിരുന്ന ചാരത്തിനു മുകളില്‍ വിതറി ആശാരിയുടെ അടുത്ത തീയതിയും വാങ്ങി ഇവര്‍ എറണാകുളത്തേക്ക് മടങ്ങി.

പിറ്റേന്ന് പത്രത്തില്‍ വന്ന വാര്‍ത്ത ചിലര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് പാടം നികത്തി കെട്ടിട നിര്‍മാണം എന്നു ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ സ്ഥലത്ത് കൊടി നാട്ടിയ കാര്യം ഇവരറിയുന്നത്. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു കൊടി കുത്തല്‍ സമരം നടത്തിയത്. രജിസ്‌ട്രേഷന്‍ നടന്ന ഉടൻ തന്നെയായിരുന്നു കൊടി കുത്തലെല്ലാം നടത്തിയത്. പിന്നീട് ഈ കൊടി മാറ്റി കിട്ടാന്‍ കോണ്‍ഗ്രസിലെ തന്നെ ചിലരുടെ കാലു തന്നെ പിടിക്കേണ്ടി വന്നുവെന്ന് അഞ്ജുവിന്റെ ഭര്‍ത്താവ് ഉല്ലാസ് പറഞ്ഞു.

കൊടി മാറ്റിയപ്പോള്‍ സ്‌റ്റോപ്പ് മെമ്മോ പുലര്‍ച്ചെ ആറിന്

കൊടി മാറ്റിയതു കൊണ്ട് കിണര്‍ പണി അടുത്ത ദിവസങ്ങളില്‍ ചെയ്യണമെന്നു കരുതിയിരിക്കുമ്പോഴാണ് മാര്‍ച്ച് 24ന് പാലക്കാട് കലക്ടറേറ്റില്‍ നിന്ന് പുലര്‍ച്ചെ ആറുമണിയോടെ എറണാകുളത്തുള്ള ഉല്ലാസിനു ഫോണ്‍ വരുന്നത്. വേണ്ടവര്‍ വിചാരിച്ചാല്‍ എത്ര പുലര്‍ച്ചയും ഏത് സര്‍ക്കാര്‍ ഓഫീസ് വേണമെങ്കിലും പ്രവര്‍ത്തിക്കുമെന്നതിന്റെ തെളിവായിരുന്നു അത്. 'നിങ്ങള്‍ സ്ഥലത്ത് നടത്തുന്ന അനധികൃത കെട്ടിട നിര്‍മാണം തടയുകയാണെന്നും ഇതറിയിച്ച് കൊണ്ടുള്ള സ്‌റ്റോപ്പ്‌ മെമ്മോ വന്ന് കൈപ്പറ്റാനുമായിരുന്നു ഫോണില്‍ പറഞ്ഞത്. ഏഴുമണിയോടെ തഹസില്‍ദാറും വിളിച്ചു ഇക്കാര്യം പറഞ്ഞു.

എറണാകുളത്തു നിന്നു രാവിലെ പത്തോടെ ഉല്ലാസും ഭാര്യയും എത്തിയപ്പോള്‍ സ്ഥലത്ത് തഹസില്‍ദാറും സംഘവും ഉണ്ടായിരുന്നു. ഒരു ലോഡിന്റെ കാല്‍ഭാഗത്തോളം വരുന്ന കരിങ്കല്ലും സ്ഥലത്ത് ഇറക്കിയ നിലയില്‍ കണ്ടു. കരിങ്കല്ല് തലേന്ന് രാത്രി ആരോ കൊണ്ടു വന്നിറക്കിയതാണെന്നു നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. ഒരു കുഴിപോലും എടുക്കാത്ത സ്ഥലത്ത് ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും കല്ല് തങ്ങള്‍ ഇറക്കിയതല്ലെന്നും പറഞ്ഞെങ്കിലും തഹസില്‍ദാര്‍ തീയതിയോ ഫയല്‍ നമ്പറോ ഇടാത്ത സ്‌റ്റോപ്പ്‌ മെമ്മോ നല്‍കി.


കൂടാതെ എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആരോ കൊണ്ടു വന്നിട്ട മണ്ണ് നീക്കം ചെയ്യാനും ഉത്തരവിട്ടു. പരാതി ഉള്ളതുകൊണ്ടാണ് തങ്ങള്‍ ഇത് ചെയ്തതെന്നും തഹസില്‍ദാര്‍ പറഞ്ഞു. അതേ സ്ഥലത്തോട് ചേര്‍ന്ന പാടം നികത്തി പുറകിലെ മൂന്നു വീടുകളിലേക്ക് അനധികൃത റോഡ് ഉണ്ടാക്കിയതും തൊട്ട് മുന്‍ഭാഗത്തെ വയലുകള്‍ കമ്പി വേലി കൊണ്ടുകെട്ടി കുഴല്‍ കിണര്‍ കുഴിച്ച് പ്ലോട്ടാക്കി വില്‍ക്കാനിട്ടതും ചൂണ്ടിക്കാണിച്ചപ്പോള്‍ അതിലൊന്നും ആര്‍ക്കും പരാതി ഇല്ലെന്നത്രെ തഹസില്‍ദാര്‍ മറുപടി നല്‍കിയത്. സ്ഥലത്ത് ആരോ ഇറക്കിയ കരിങ്കല്ലിന് സഹിതം നിന്ന് തഹസില്‍ദാറും സംഘവും സ്‌റ്റോപ്പ്‌ മെമ്മോ നല്‍കുന്ന ചിത്രം തഹസില്‍ദാറുടെ ഡ്രൈവര്‍ എടുത്തു. പിറ്റേന്നത്രെ പത്രങ്ങളില്‍ പ്രാദേശിക പേജില്‍ അതൊരു വലിയ വാര്‍ത്തയായി. മുടപ്പല്ലൂര്‍ കറാംപാടത്തെ നിലം നികത്തലിന് സ്റ്റോപ്പ് മെമ്മോ എന്ന തലക്കെട്ടില്‍.

മുഖ്യമന്ത്രിയല്ല, അവന്റെ അപ്പന്‍ വന്നിട്ടും കാര്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

സംഗതി ഇത്രത്തോളം എത്തിയപ്പോഴാണ് അഞ്ജു മാത്യു മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ആലത്തൂര്‍ സിഐ ഓഫീസില്‍ വെച്ച് പരാതിക്കാരനായ പാളയം പ്രദീപിനേയും അഞ്ജു മാത്യുവിനേയും കുടുംബത്തേയും വിളിച്ച് പൊലിസ് പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടത്തി. "മുഖ്യമന്ത്രിയല്ല അവന്റെ അപ്പന്‍ വിചാരിച്ചാലും ആ സ്ഥലത്ത് ഷെഡ് കെട്ടാന്‍ അനുവദിക്കില്ല" എന്ന് പൊലിസ് സ്റ്റേഷനില്‍ വെച്ച് പരാതിക്കാരനായ നേതാവ് ഭീഷണി മുഴക്കിയെന്ന് ഉല്ലാസ് പറഞ്ഞു.

വര്‍ഷങ്ങളായി കൃഷിയൊന്നും നടത്താത്ത സ്ഥലത്ത് നിര്‍മാണ പ്രവൃത്തികള്‍ ഒന്നും നടത്തുന്നില്ലെന്നും എപ്പോള്‍ വേണമെങ്കിലും അഴിച്ചെടുക്കുന്ന ഷെഡാണ് നിര്‍മിക്കുന്നതെന്നും പൊലീസ് പറഞ്ഞിട്ടും അയാള്‍ പരാതിയില്‍ ഉറച്ചുനിന്നു. കെഎല്‍യു എടുത്തിട്ട് വേണമെങ്കില്‍ അവര്‍ കെട്ടിക്കോട്ടെ, അല്ലെങ്കില്‍ ഞാന്‍ പൊളിപ്പിക്കും എന്നായിരുന്നു ഭീഷണി. കെഎല്‍യു അനുവദിച്ചു കിട്ടേണ്ട കാര്യത്തിന് കൃഷി ഓഫീസില്‍ അപേക്ഷ കൊടുത്തിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും അപേക്ഷ തന്ന കാര്യം അറിയില്ലെന്നാണ് വണ്ടാഴി കൃഷി ഓഫീസറുടെ മറുപടി.

മുതലാളിയുടെ കാലു പിടിച്ചിട്ടും കാര്യം നടന്നില്ല

തങ്ങളുടെ സ്ഥലത്തില്‍ കണ്ണുവച്ച് വീടിനു പുറകിലെ അവറാച്ചന്‍ മുതലാളിയുടെ കൂടെ ചേര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് ഇതൊക്കെ ചെയ്യുന്നതെന്ന് ഇവര്‍ വൈകിയാണ് അറിഞ്ഞത്. അതിനെ തുടര്‍ന്ന് അവറാച്ചന്‍ മുതലാളിയോടു പോയി സംസാരിച്ചെങ്കിലും അയാളും വഴങ്ങിയില്ല. തുടര്‍ന്ന് നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും സമീപിച്ചു.

സ്വന്തം സ്ഥലത്ത് നാലു തൂണ്‍ മണ്ണില്‍ കുഴിച്ചിട്ട് ഒരു ഷെഡ് വലിച്ചുകെട്ടി താമസിക്കാന്‍ ഒരു വകുപ്പിന്റേയും അനുമതി ആവശ്യമില്ലാത്തതാണ്. എന്നാല്‍ ഷെഡ് കെട്ടിയാല്‍ പൊളിപ്പിക്കും എന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ നിലപാട്. 'നിങ്ങളു പോയി ധൈര്യമായി ഷെഡ് കെട്ടി താമസിച്ചോളൂ എന്ന് സ്ഥലം എംഎല്‍എ കെ ബാബു പറഞ്ഞിട്ടുണ്ടെങ്കിലും സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ല. ഷെഡ് കെട്ടിയത് പൊളിക്കാന്‍ ആരെങ്കിലും വന്നാല്‍ തടുക്കാന്‍ ഇവര്‍ക്കാവില്ല. അഞ്ജുവിന്റെ ഭര്‍ത്താവ് ഉല്ലാസിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി ഒമ്പതംഗ കുടുംബത്തില്‍ വൃദ്ധരും രോഗിയും കുട്ടികളും മാത്രമാണ് ഉള്ളത്.

ഏപ്രില്‍ 30നു ശേഷം എന്തു ചെയ്യും?

ഒന്നര വര്‍ഷം മുമ്പാണ് രോഗിയായ ഭാര്യക്കു സഞ്ചരിക്കാന്‍ വേണ്ടി ഉല്ലാസ് ഒന്നര ലക്ഷം മുടക്കി ഒരു പഴയ സ്‌കോർപ്പിയോ കാര്‍ വാങ്ങിയത്. വെയില്‍ കൊണ്ടാല്‍ രോഗം വര്‍ധിക്കുമെന്നതിനാല്‍ കാര്‍ അത്യാവശ്യമായിരുന്നു. ഏപ്രില്‍ 30 ന് ശേഷം മക്കളും ഭാര്യയും അവളുടെ മാതാപിതാക്കളേയും എല്ലാം കൂട്ടി ഈ പഴയ കാറില്‍ ഏതെങ്കിലും പാതയോരത്ത് അന്തിയുറങ്ങേണ്ടി വരുന്ന അവസ്ഥയാണെന്ന് ഉല്ലാസ് പറഞ്ഞു. അല്ലെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്യണം. വാടക വീടുകള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും കുറഞ്ഞ വാടകയ്ക്ക് ഒന്നും കിട്ടുന്നില്ല. തല്‍ക്കാലം ഉയര്‍ന്ന വാടക കൊടുത്ത് രണ്ടോ മൂന്നോ മാസം വാടക വീട്ടില്‍ താമസിച്ചാലും ഉടന്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ തങ്ങള്‍ പെരുവഴിയിലാകുമെന്ന് ഉല്ലാസ് പറഞ്ഞു.