മറ്റുള്ളവർ ഉപേക്ഷിച്ച സാരി ഉടുത്ത്‌ വാസുകി ഐഎഎസ്; പ്രചരണ ലക്ഷ്യം വ്യക്തമാക്കി കളക്ടർ സിസ്

മറ്റാരോ ഉപയോഗിച്ച് ഉപേക്ഷിച്ച ഈ പഴയ സാരി ഉടുത്താണ് വർക്കലയിൽ ഇന്ന് നടക്കുന്ന ഗ്രീൻ പ്രോട്ടോക്കോൾ യോഗത്തിലും തിരുവനന്തപുരം കളക്ടർ എത്തുക.

മറ്റുള്ളവർ ഉപേക്ഷിച്ച സാരി ഉടുത്ത്‌ വാസുകി ഐഎഎസ്; പ്രചരണ ലക്ഷ്യം വ്യക്തമാക്കി കളക്ടർ സിസ്

പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിന് പുതുമാതൃകയുമായി കളക്ടർ സിസ് വാസുകി ഐഎഎസ്. വിഭവങ്ങളുടെ പുനരുപയോഗത്തെ പ്രോത്സാഹിപ്പിക്കാൻ മറ്റാരോ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുത്ത്‌ ജോലിക്കെത്തിയിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ.

തദ്ദേശ സ്വയമഭരണ വകുപ്പിന്റെ മാലിന്യ സംസ്കരണ പദ്ധതിക്കു കീഴിലെ പുനരുപയോഗ പദ്ധതിയായ റിസോഴ്സ്‌ റിക്കവറി ഫെസിലിറ്റി (ആർആർഎഫ്)ന്റെ വർക്കല മുൻസിപ്പാലിറ്റി ബസ് സ്റ്റാൻഡ് യൂണിറ്റിൽ നിന്നും രണ്ടു മാസം മുമ്പ് മേടിച്ച സാരികളാണ് ഇപ്പോൾ വാസുകി ഐഎഎസ് ഉപയോഗിക്കുന്നത്. വിഭവങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി.

സാരി മേടിച്ചപ്പോൾ ആർആർഎഫിലെ ജോലിക്കാർക്ക് നൽകിയ വാഗ്ദാനം അനുസരിച്ചു കളക്ടർ സാരി ഉടുത്ത്‌ അവരെ കാണാൻ എത്തുകയും ചെയ്തു. കളക്ടർ തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്.

ആരോ ഉപയോഗിച്ച് ഉപേക്ഷിച്ച ഈ പഴയ സാരി ഉടുത്താണ് വർക്കലയിൽ ഇന്നു നടക്കുന്ന ഗ്രീൻ പ്രോട്ടോക്കോൾ യോഗത്തിലും തിരുവനന്തപുരം കളക്ടർ എത്തുക.

"പുനരുപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഈ ഒരു മാതൃക. വേറൊരാൾ ഉപയോഗിച്ച ഒരു സാരി, ഉടുത്ത സാരി ഉടുത്താൽ എനിക്ക് യാതൊരു അപമാനമോ സങ്കോചമോ ഇല്ല. എനിക്ക് പരിസ്ഥിതിയാണ് പ്രധാനം"- കളക്ടർ തന്റെ നിലപാട് വ്യക്തമാക്കുന്നു.

സാരികൾ മിക്കതും ഒരു രീതിയിൽ പ്ലാസ്റ്റിക് ആണ്. അത് ഉപേക്ഷിച്ചാൽ പരിസ്ഥിതിക്ക് ദോഷം ചെയ്യും. അതിനാൽ അങ്ങനെ ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലത് അത് പുനരുപയോഗിക്കുന്നതാണെന്നും കളക്ടർ പറയുന്നു. ഈ സാരി ഇനിയും കുറെ വർഷങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വാസുകി ഐഎഎസ് ചൂണ്ടിക്കാട്ടുന്നു.

പ്രളയത്തിനും മുമ്പേ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഉദ്യോഗസ്ഥയാണ് തമിഴ്നാട് സ്വദേശിയായ തിരുവന്തപുരം ജില്ലാ കളക്ടർ കെ വാസുകി. മലയാളിയല്ലെങ്കിലും കേരളത്തെ നെഞ്ചോടു ചേർത്തു, കേരളം തിരിച്ചും.

സുനാമി ദുരന്തം കണ്ട് മനസു മടുത്ത്, മെഡിക്കൽ രംഗത്തെ കരിയർ നേട്ടങ്ങളെല്ലാം വേണ്ടെന്നു വെച്ച് ജനസേവനത്തിനിറങ്ങിയ ആളാണ് വാസുകി ഐഎഎസ്. ജനങ്ങൾക്കൊപ്പം നിൽക്കുന്ന അവരുടെ നിലപാടുകൾ എന്നും അഭിനന്ദിക്കപ്പെട്ടിരുന്നു. വനിതാ മതിലില്‍ സ്ത്രീകളെ അണിനിരത്താനും വാസുകി മുൻപന്തിയിലുണ്ടായിരുന്നു.

ആണ്‍മക്കളില്ലാത്ത കുടുംബത്തിൽ പിതാവിന്റെ അന്ത്യകർമങ്ങൾ സ്വയമേറ്റെടുത്തും വാസുകി വാർത്തകളിൽ ഇടം നേടിയിരുന്നു. ആചാരപ്രകാരം പെൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യാറില്ലെങ്കിലും പ്രിയപ്പെട്ട അച്ഛനു വേണ്ടി മുതിർന്നവരുടെ അനുവാദപ്രകാരം വാസുകിയും സഹോദരി കലൈവാണിയും ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

കുടുംബത്തിലുമുണ്ട് ഐഎഎസ് ബന്ധം. കൊല്ലം ജില്ലാ കളക്ടറാണ് ഭര്‍ത്താവ് കാര്‍ത്തികേയൻ.

Read More >>