കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഒരേ ഇലയില്‍ പങ്കിട്ടത് അന്നം മാത്രമല്ല

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ പ്രസാദ് യാചകനും മാനസികരോഗിയുമായ വൃദ്ധനുമൊത്ത് തന്റെ പൊതിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യം ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഒരേ ഇലയില്‍ പങ്കിട്ടത് അന്നം മാത്രമല്ല

പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരേയും അതിനായി പൈസ കൊടുക്കുന്നവരേയും നാം ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം തെരുവില്‍ അലയുന്ന മാനസികരോഗിക്കൊപ്പമിരുന്ന് കഴിക്കാനുള്ള മനസ്സ് അധികമാര്‍ക്കും ഉണ്ടാവില്ല. എന്നാല്‍ അക്കാര്യത്തില്‍ നമ്മുടെ എല്ലാ നീചബോധങ്ങളേയും അയിത്തങ്ങളേയും തകര്‍ത്തിരിക്കുകയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം അംഗമായ പ്രസാദ് എന്നയാള്‍.

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ പ്രസാദ് യാചകനും മാനസികരോഗിയുമായ വൃദ്ധനുമൊത്ത് തന്റെ പൊതിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യം ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിക്കഴിഞ്ഞു. ആനന്ദ് ബെനഡിക്ട് എന്നയാളാണ് ഇതുസംബന്ധിച്ച പോസ്റ്റ്് ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രസാദിന്റെ സ്ഥലമോ മറ്റു വിവരങ്ങളോ ലഭ്യമല്ല. യാത്രക്കിടയില്‍ കഴിക്കാനായി വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി തുടങ്ങിയപ്പോള്‍ അടുത്തിരുന്ന മാനസികരോഗിയും കൈനീട്ടുകയായിരുന്നു.വിശപ്പിന്റെ വേദന അറിയാവുന്ന പ്രസാദ് ആ യാചകനുമൊത്ത് ഒരേ ഇലയില്‍ നിന്നും കഴിച്ചു. കൂടെയുണ്ടായിരുന്ന മകനും ഇതേ പൊതിയില്‍ നിന്നാണ് കഴിച്ചതെന്ന് പോസ്റ്റില്‍ പറയുന്നു. ഇങ്ങനെ എത്ര ആളുകള്‍ ഉണ്ടാവാം കേരളത്തില്‍ എന്നു ചോദിക്കുന്ന പോസ്റ്റ് ഇത്തരക്കാരെ സമൂഹം അറിയട്ടെയെന്നും പറയുന്നു. അന്നദാനം ചെയ്യേണ്ടത് ആരാധനാലയങ്ങള്‍ വഴിയുള്ള വഴിപാടായല്ല. മറിച്ച് വിശക്കുന്നവനും വിശപ്പറിയുന്നവനും സ്വന്തം കൈകൊണ്ടു തന്നെ ഒരു നേരത്തെ അന്നം കൊടുക്കുന്നതാണെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

പ്രസാദിന്റെ ഈ മനസ്സിനെ അനുകൂലിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രസാദിന്റെ ഈ മനസ്സ് കുട്ടിക്ക് വലിയ മാതൃകയാണെന്ന് ചിലര്‍ പറയുമ്പോള്‍ ഇതിനെ എതിര്‍ക്കുന്നവരും ഉണ്ട്. യാചകര്‍ക്കൊപ്പമിരുന്ന് കഴിക്കേണ്ടതില്ല, മറിച്ച് അവര്‍ക്ക് വേണ്ടമെങ്കില്‍ വാങ്ങിക്കൊടുക്കുകയോ പണം കൊടുക്കുകയോ വെവ്വേറെ കഴിക്കുകയോ ചെയ്യാമെന്നാണ് ഒരാളുടെ അഭിപ്രായം. ശുചിത്വം ഒരു പ്രധാന സംഗതിയാണെന്നാണ് അയാള്‍ പറയുന്നത്. എന്തായാലും സമൂഹത്തില്‍ എല്ലാവരും അവജ്ഞയോടെ കാണുന്ന യാചകര്‍ക്കൊപ്പമിരുന്ന്, സ്വന്തം പൊതിയില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ താല്‍പര്യപ്പെട്ട പ്രസാദ് എല്ലാവര്‍ക്കും ഒരു മാതൃകയാണ്.


Read More >>