ആരോപണം അസ്വാഭാവികം; രാജി വെച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനെന്ന് എ കെ ശശീന്ദ്രന്‍

ലൈംഗികചുവയോടെ ഫോണില്‍ സംസാരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണരായി വിജയനെ കണ്ടു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു

ആരോപണം അസ്വാഭാവികം; രാജി വെച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനെന്ന് എ കെ ശശീന്ദ്രന്‍

മംഗളം ടെലിവിഷന്‍ പുറത്തുവിട്ട ഫോണ്‍ ശബ്ദരേഖ വിവാദത്തില്‍ രാജിവെച്ച മന്ത്രി എ കെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മന്ത്രിസ്ഥാനമല്ല, നിരപരാധിത്വം തെളിയിക്കലാണ് പ്രധാനം. രാജിവച്ചതു നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനാണെന്നും മുഖ്യമന്ത്രിയെ കണ്ട ശേഷം എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു ആ വാക്കൊഴിവാക്കി അസ്വാഭാവികതയെന്ന ശശീന്ദ്രന്റെ പ്രതികരണം. ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. അന്വേഷണം എങ്ങനെയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. നിര്‍ദ്ദേശങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും പുതിയ മന്ത്രിയെ പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഇപ്പോള്‍ ഇങ്ങനെയൊന്നുണ്ടായി. ആ സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത് ഉചിതമല്ല. രാജിവയ്ക്കുന്നതു നല്ല കീഴ്‌വഴക്കം സൃഷ്ടിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനത്ത് എത്തിയപ്പോല്‍ പോലും അതിനൊരു പ്രത്യേകതയുള്ളതായിട്ട് തോന്നിയിട്ടില്ലെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.