മംഗളം വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ? തലസ്ഥാനത്ത് ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്നത് വന്‍ ഗൂഡാലോചനയാണെന്നു സൂചനകള്‍

അശ്ലീലസംപ്രേഷണം, സ്വകാര്യതയിലേക്കുള്ള ഒളിച്ചുനോട്ടം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗം, അപകീര്‍ത്തിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ രേഖകളില്‍ കൃത്രിമംകാണിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമം 294-ബി, 506 (2) 509, കേരള പൊലീസ് ആക്ട് 120, ബ്രോഡ്കാസ്റ്റിങ് റൂള്‍-69, ഐപിസി 120-ബി, 420, 427 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം ഗുരുതരമായ കുറ്റങ്ങളാണ് ചാനല്‍ മാനേജ്‌മെന്റ് ചെയ്തിരിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

മംഗളം വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ? തലസ്ഥാനത്ത് ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്നത് വന്‍ ഗൂഡാലോചനയാണെന്നു സൂചനകള്‍

അശ്ലീല സംഭാഷണം ചോര്‍ന്നതിന്‍െ പേരില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവച്ച സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക്. സംഭാഷണം പുറത്തുവിട്ട ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള മംഗളം ടെലിവിഷന്‍ തങ്ങളുടെ ജീവനക്കാരിയെ ഉപയോഗിച്ചു മന്ത്രിയെ ഹണിട്രാപ്പ് ചെയ്തുവെന്ന വിവരങ്ങളാണ് പ്രചരിക്കുന്നതെന്നു ദേശാഭിമാനി ദിനപത്രം ചൂണ്ടിക്കാണിക്കുന്നു. വലിയ എഡിറ്റിങ് നടത്തിയശേഷമാണ് ചാനല്‍ സംഭാഷണം പുറത്തുവിട്ടതെന്നുള്ളതും സംഭാഷണത്തില്‍ വെട്ടലും തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ടെന്നുള്ളതുമൊക്കെയാണ് ഈ വാദത്തിനു ശക്തി പകരുന്നത്. മാത്രമല്ല മന്ത്രിയുടെ ശബ്ദമാകട്ടെ തിരിച്ചറിയാന്‍ കഴിയാത്തവിധം പലപ്പോഴും അവ്യക്തവുമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

തങ്ങളുടെ ജീവനക്കാരിയെ ഉപയോഗിച്ച് മന്ത്രിയെ ഫോണില്‍ വിളിച്ചു ശബ്ദരേഖ തയ്യാറാക്കിയ മംഗളം ചാനല്‍ അതു പരാതിയുമായി എത്തിയ വീട്ടമ്മയുടെതാണെന്നു സമര്‍ത്ഥിക്കാന്‍ ശ്രമിച്ചതായും ദേശാഭിമാനി റിപ്പോര്‍ട്ടു ശചയ്യുന്നു. ചാനല്‍ റേറ്റിങ് കൂട്ടാന്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ മംഗളം ചാനല്‍ മാനേജ്‌മെന്റ് ലൈംഗികവിഷയങ്ങള്‍ക്കിരയാക്കകയായിരുന്നുവെന്നാണ് മന്ത്രിയുടെ രാജിയെ തുടര്‍ന്നു പിന്നാലെ ഉയരുന്ന ആരോപണം. വാര്‍ത്ത സ്റ്റിങ് ഓപ്പറേഷന്‍ അല്ലെന്നും പരാതിക്കാരി ഉണ്ടെന്നും മംഗളം സിഇഒ ആര്‍ അജിത്് കുമാര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ആവശ്യം വരികയാണെങ്കില്‍ പരാതിക്കാരി രംഗത്തുവരുമെന്നും അജിത്കുമാര്‍ പറഞ്ഞിരുന്നു.

അശ്ലീലസംപ്രേഷണം, സ്വകാര്യതയിലേക്കുള്ള ഒളിച്ചുനോട്ടം, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുരുപയോഗം, അപകീര്‍ത്തിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ രേഖകളില്‍ കൃത്രിമംകാണിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമം 294-ബി, 506 (2) 509, കേരള പൊലീസ് ആക്ട് 120, ബ്രോഡ്കാസ്റ്റിങ് റൂള്‍-69, ഐപിസി 120-ബി, 420, 427 ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരം ഗുരുതരമായ കുറ്റങ്ങളാണ് ചാനല്‍ മാനേജ്‌മെന്റ് ചെയ്തിരിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്നത്. ചാനല്‍ മാനേജ്‌മെന്റിന്റെ പ്രവൃത്തി കടുത്ത നിയമലംഘനമായി കണക്കാക്കുന്നുവെന്നു നിയമവിദഗ്ദര്‍ അഭിപ്രായപ്പെടുന്നുവെന്നും ദേശാഭിമാനി പറയുന്നു.

ഇതിനിടെ എ കെ ശശീന്ദ്രനെ ടെലിഫോണ്‍ സംഭാഷണത്തിലൂടെ കുടുക്കാന്‍ ശ്രമിച്ച വനിതാ മാധ്യമപ്രവര്‍ത്തകയെ മാനേജ്‌മെന്റ് സംസ്ഥാനത്തിനു വെളിയിലുള്ള അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ ഫേസ്ബുക്ക് അക്കൌണ്ട് ഡിആക്ടിവേറ്റ് ചെയ്തതായും ശശീന്ദ്രനെ വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ പ്രവര്‍ത്തനരഹിതമാക്കിയതായും സൂചനകളുണ്ട്. ഈ മാധ്യമപ്രവര്‍ത്തകയെ ശശീന്ദ്രന്‍ അങ്ങോട്ടു വിളിച്ചതല്ലെന്നും മാധ്യമപ്രവര്‍ത്തക ശശീന്ദ്രനെ വിളിച്ചതാണെന്നും വ്യക്തമായതായും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

ജനുവരി മധ്യത്തോടെയാണ് ഈ മാധ്യമപ്രവര്‍ത്തക അടങ്ങുന്ന സംഘം അഭിമുഖത്തിനെന്നപേരില്‍ ശശീന്ദ്രനെ സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം അഭിമുഖം നീണ്ടു. രണ്ട് ദിവസം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തക നേരില്‍ക്കാണാന്‍ അനുമതിതേടി വീണ്ടും വിളിച്ചു. അന്ന് വാര്‍ത്താകാര്യങ്ങള്‍ക്കുപരി തന്റെ കുടുംബകാര്യങ്ങളും പ്രയാസങ്ങളുമൊക്കെയാണ് മാധ്യമപ്രവര്‍ത്തക പങ്കുവച്ചത്. പിന്നീടുള്ള ദിവസങ്ങളിലും വിളിച്ച് സൌഹൃദം ദൃഢമാക്കി. ചാനല്‍ പുറത്തുവിട്ട ശബ്ദശകലത്തില്‍ ചൂണ്ടിക്കാട്ടുന്ന ദിവസവും മാധ്യമപ്രവര്‍ത്തക ശശീന്ദ്രനെ വിളിച്ചിരുന്നു. ശശീന്ദ്രനെ കുടുക്കുന്നതിന് ഫോണ്‍ സംഭാഷണം ടാപ്പ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ചാനല്‍ അധികൃതര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നു ഈ വിളിയെന്നും ദേശാഭിമാനി പറയുന്നു.

മംഗളം ചാനല്‍ ശശീന്ദ്രനോട് സംസാരിച്ച യുവതിയെ കൂടാതെ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകമാരെ കൂടി ഇതുപോലെ പ്രമുഖരുമായി ഇടപഴകാന്‍ നിയോഗിച്ചിരുന്നുവെന്നും പല പ്രമുഖരെയും സമാനമായ രീതിയില്‍ കാണുകയും കുടുക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ മനംമടുത്ത് ഒരു മാധ്യമപ്രവര്‍ത്തക ചാനലില്‍ നിന്ന് രാജിവച്ചതായും മറ്റൊരു മാധ്യമപ്രവര്‍ത്തക അവധിയില്‍ പ്രവേശിച്ചതായും സൂചനകളുണ്ട്.