കന്നുകാലി കശാപ്പ് ഉത്തരവ്: കേരളത്തിലെ അറുപതോളം കാലിച്ചന്തകള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ; വാഹനങ്ങളിൽ കൊണ്ടു വരുന്ന കാലികളെ മൃഗപീഡനത്തിന്റെ പേരില്‍ ഗോശാലകളിലേക്കു തട്ടിക്കൊണ്ടു പോകുന്നു

നമ്മുടെ നാട്ടില്‍ അനാഥലയങ്ങളുടെ പേരില്‍ വിദേശത്തു നിന്ന് കോടികളുടെ ഫണ്ട് ഏറ്റു വാങ്ങുന്ന ചില സംഘടനകളെ പോലെയാണു ഗോശാലകൾ പ്രവര്‍ത്തിക്കുന്നത്. ഗോക്കള്‍ കൂടുന്നതിന് അനുസരിച്ച് ഫണ്ടും കൂടും. ഈ ഫണ്ട് തട്ടിയെടുക്കുന്നതിനാണു വാഹനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന കന്നുകാലികളെ മൃഗപീഡനത്തിന്റെ പേരില്‍ ഗോശാലകളിലേക്ക് തട്ടിക്കൊണ്ടു പോകുന്നത്.

കന്നുകാലി കശാപ്പ് ഉത്തരവ്: കേരളത്തിലെ അറുപതോളം കാലിച്ചന്തകള്‍ അടച്ചുപൂട്ടൽ ഭീഷണിയിൽ; വാഹനങ്ങളിൽ കൊണ്ടു വരുന്ന കാലികളെ മൃഗപീഡനത്തിന്റെ പേരില്‍ ഗോശാലകളിലേക്കു തട്ടിക്കൊണ്ടു പോകുന്നു

കശാപ്പിനുള്ള കാലിവിൽപ്പന നിരോധന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി നടപ്പിലാക്കിയാല്‍ കേരളത്തിലെ അറുപതോളം കന്നുകാലി ചന്തകള്‍ അടച്ചു പൂട്ടേണ്ടി വരും. കേരളത്തില്‍ നിയമം കര്‍ശനമാക്കാതെ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഇളവു കിട്ടിയാലും കേരളത്തിലെ ചന്തകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കന്നുകാലികളെ കൊണ്ടു വരാനാവാത്ത സാഹചര്യമാണുള്ളത്.

കേരളത്തിലെ ഏറ്റവും വലിയ കാലിച്ചന്തകളായ വാണിയംകുളം, പെരുമ്പിലാവ്, കുഴല്‍മന്ദം, തുടങ്ങിയ ചന്തകള്‍ അടച്ചു പൂട്ടിയാല്‍ തന്നെ കേരളത്തില്‍ ബീഫ് കിട്ടാന്‍ വിഷമിക്കുന്ന അവസ്ഥയുണ്ട്. രണ്ടു വര്‍ഷം മുമ്പ് കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നത് അന്യ സംസ്ഥാനങ്ങളില്‍ വച്ച് ഗോരക്ഷാ പ്രവര്‍ത്തരും മറ്റും തടയുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കന്നുകാലി വ്യാപാര സംഘടനകള്‍ പണി മുടക്കിയിരുന്നു.

ഒരു മാസത്തിലേറെ നീണ്ടു നിന്ന സമരത്തില്‍ കേരളത്തിലേക്ക് കന്നുകാലികള്‍ വരുന്നത് ഇല്ലാതായതോടെ കന്നുകാലി ചന്തകള്‍ അടഞ്ഞു കിടന്നു. ഇറച്ചിക്ക് ആവശ്യമായ കന്നുകളെ കിട്ടാത്തതു കൊണ്ട് പലയിടത്തും ബീഫ് കിട്ടാത്ത സ്ഥിതിയുണ്ടായി. തുടര്‍ന്ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് തമിഴ്‌നാട് സര്‍ക്കാറുമായി ചര്‍ച്ച നടത്തിയത് കൊണ്ടാണ് സമരം പിന്‍വലിച്ച് വീണ്ടും കന്നുകാലികളെ കേരളത്തിലേക്കു കൊണ്ടു വരാന്‍ കഴിഞ്ഞത്.

കന്നുകാലികളെ കൊണ്ടുവരാന്‍ ഒരു നിയമ തടസവും ഇല്ലാത്ത സമയത്ത് തന്നെ അയല്‍ സംസ്ഥാനങ്ങളില്‍ വച്ച് കേരളത്തിലേക്കുള്ള കന്നുകാലി ലോറികള്‍ തടഞ്ഞു തട്ടിക്കൊണ്ടുപോകല്‍ പതിവായിരുന്നു. നേരത്തെ ജന്തുദ്രോഹത്തിന്റെ പേരിലാണു സംഘപരിവാര്‍ സംഘടനകള്‍ വാഹനം തടഞ്ഞിരുതെങ്കില്‍ പിന്നീടു മറ്റു സംസ്ഥാനങ്ങളിലെ ബീഫ് നിരോധനത്തിന്റെ പേരിലായി വണ്ടി തടയല്‍. ഇനി ഇതു പുതിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പേരിലാകും എന്ന ഭയത്തിലാണു കന്നുകാലി കച്ചവടക്കാര്‍.

കന്നുകാലികളെ വാഹനങ്ങളടക്കം തട്ടിക്കൊണ്ടു പോകുന്ന അവസ്ഥ ഇപ്പോഴും ഉണ്ട്. പുതിയ നിയമത്തിന്റെ പേരില്‍ ചില സംഘപരിവാര്‍ സംഘടനകള്‍ പഴയ പോലെ കന്നുകാലികളെ തട്ടിക്കൊണ്ടു പോകാന്‍ രംഗത്തിറങ്ങിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന ഭീതി കച്ചവടക്കാര്‍ക്കുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണു കന്നുകാലികളെ കയറ്റിക്കൊണ്ടുവരുന്ന ലോറികളെ ഒന്നടങ്കം വഴിയില്‍ വച്ചു തട്ടിക്കൊണ്ടുപോകുന്ന പ്രവണതയ്ക്കു തുടക്കം കുറിച്ചത്. ചില സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം നടപ്പിലാക്കിയതോടെ ഇതിന് ആക്കം കൂടി. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു കൊണ്ടു വരുന്ന കന്നുകാലി വാഹനങ്ങളെ ഒരു സംഘം തടയുകയും കാലികളെ വാഹനത്തില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകുകയുമാണ് പതിവ്. 'സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പോയിട്ടും വിശേഷമില്ല. ഒരു നടപടിയും ഉണ്ടാവില്ല.'- ഇതാണു കന്നുകാലി കച്ചവടക്കാരുടെ പരാതി.

കോടതിയില്‍ പോയി കന്നുകാലികളെ വിട്ടുകിട്ടാന്‍ ഉത്തരവുണ്ടായാലും കാര്യമില്ല. ഒരു കന്നിനു ദിവസം 500 രൂപ എങ്കിലും നോക്കു കൂലി കൊടുത്താലെ വിട്ടു കിട്ടൂ. കേസും നടപടിയുമൊക്കെ കഴിയുമ്പോഴേക്കും രണ്ടു മാസത്തോളമാവും. ഒരു കന്നിനു മാത്രം പതിനായിരം രൂപയോളം അടയ്ക്കേണ്ടി വരും. ഇങ്ങനെ ഒരു ലോറിയില്‍ ഉള്ള കന്നുകള്‍ക്കെല്ലാം ചേര്‍ത്തു ലക്ഷങ്ങള്‍ നോക്കുകൂലി കൊടുക്കേണ്ടി വരും. അതിനാല്‍ ഇവയെ ഉപേക്ഷിച്ചു പോരേണ്ട അവസ്ഥയിലാകും, കന്നുകാലി കച്ചവടക്കാര്‍. പലതവണ ഇത് ആവർത്തിച്ചപ്പോഴാണു കന്നുകാലി കച്ചവടക്കാര്‍ സമരത്തിലേക്കു തിരിഞ്ഞത്.

തട്ടിക്കൊണ്ടു പോകുന്ന കന്നുകാലികള്‍ എത്തിച്ചേരുന്നതു ഗോശാലയിലേക്കാണ്. ഒരു ഗോശാലയില്‍ അഞ്ഞൂറിനും രണ്ടായിരത്തിനുമിടയ്ക്കു കന്നുകാലികള്‍ ഉണ്ടാവും. ഗോക്കള്‍ എന്നാണു പറയുന്നതെങ്കിലും മൂരിയും പോത്തും എരുമയുമാണ് അധികവും. ഇത്തരം ഗോശാലകളില്‍ പശുക്കളെ പരിപാലിക്കുന്നതിനും വളര്‍ത്തുന്നതിനും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ഉള്ളതിനാല്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്നു വലിയ തുക ഫണ്ടായി കിട്ടും.

നമ്മുടെ നാട്ടില്‍ അനാഥാലയങ്ങളുടെ പേരില്‍ വിദേശത്തു നിന്നു കോടികളുടെ ഫണ്ട് ഏറ്റു വാങ്ങുന്ന ചില സംഘടനകളെ പോലെയാണു ഗോശാലകൾ പ്രവര്‍ത്തിക്കുന്നത്. ഗോക്കള്‍ കൂടുന്നതിന് അനുസരിച്ചു ഫണ്ടും കൂടും. ഈ ഫണ്ട് തട്ടിയെടുക്കുന്നതിനാണു വാഹനങ്ങളില്‍ കേരളത്തിലേക്കു വരുന്ന കന്നുകാലികളെ മൃഗപീഡനത്തിന്റെ പേരില്‍ ഗോശാലകളിലേക്കു തട്ടിക്കൊണ്ടു പോകുന്നത്. മൃഗക്ഷേമം ഉറപ്പാക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്നതിനാല്‍ സമീപത്തെ പൊലീസും ഇതില്‍ ഇടപെടില്ല.

ഇതിലേക്കു കന്നുകാലികള്‍ നിറയണമെങ്കില്‍ തട്ടിക്കൊണ്ടു പോകലേ നിവൃത്തിയുള്ളു. ഉത്തരേന്ത്യയിലും മറ്റും നിന്നാണ് ഇന്ത്യയില്‍ നിന്നു കൂടുതല്‍ ബീഫ് വിദേശത്തേക്കു കയറ്റി അയക്കുന്നത്. ഇന്ത്യ ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്താണ്. ബീഫ് നിരോധനം മൂലം കന്നുകാലികളെ വിലയൊന്നും നല്‍കാതെ തന്നെ ഇത്തരം കമ്പനികള്‍ക്കു കിട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. വലിയ രീതിയില്‍ നടക്കുന്ന ഗോശാലകളുടെ സമീപത്തേക്കു പരിചയമില്ലാത്തവര്‍ക്കോ മറ്റോ കടക്കാന്‍ സാധിക്കില്ല. പൊലീസും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ഇതിനു പിന്തുണ നല്‍കുന്നുമുണ്ട്.

കരുത്താര്‍ജിച്ച ഈ സംഘമാണു കന്നുകാലി തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുന്നതോടെ ഗോശാലകള്‍ നിറഞ്ഞു കവിയും. പുതിയ ഗോശാലകള്‍ തുടങ്ങാനും സാധിക്കും എന്നതാണ് അവസ്ഥ. ഗോശാലകളിലേക്കു കന്നുകാലികളെ തട്ടിക്കൊണ്ടു പോകുന്നതിനു നിയമ പരിരക്ഷയുമാകും.

അതേ സമയം കന്നുകാലികള്‍ക്കായുള്ള പുതിയ ഉത്തരവിലൂടെ സംസ്ഥാനത്തു ലക്ഷക്കണക്കിനു പേര്‍ക്കു തൊഴില്‍ നഷ്ടമാവുമെന്ന് ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ നാരദാ ന്യൂസിനോടു പറഞ്ഞു. കന്നുകാലി വ്യാപാരികള്‍, ഇറച്ചി, എല്ല്, തോല്‍ വ്യാപാരികളെ ഇതു ബാധിക്കുമെന്ന് അവര്‍ പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ ചെറുക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി ഉമ്മര്‍ പറഞ്ഞു.