മൂന്നു വര്‍ഷത്തേയ്ക്ക് കൂലി 570 രൂപ മാത്രം; ബംഗാളി പെണ്‍കുട്ടിയെ അടിമയാക്കി വീട്ടുജോലി ചെയ്യിപ്പിച്ച കൊച്ചിയിലെ വീട്ടമ്മ കുടുങ്ങി

വീട്ടുവേലക്കാരി വീട്ടമ്മയേയും മകളേയും പൂട്ടിയിട്ട് 30 പവന്‍ ആഭരണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു എന്ന പരാതി അന്വേഷിച്ചു പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കഥ; പരാതിക്കാരിയായ റോഷ്ണി നായരുടെ പീഡനത്തിനെതിരെ പൊലീസ് കേസെടുത്തു.

മൂന്നു വര്‍ഷത്തേയ്ക്ക് കൂലി 570 രൂപ മാത്രം; ബംഗാളി പെണ്‍കുട്ടിയെ അടിമയാക്കി വീട്ടുജോലി ചെയ്യിപ്പിച്ച കൊച്ചിയിലെ വീട്ടമ്മ കുടുങ്ങി

വീട്ടുവേലക്കാരിയെ എന്തും ചെയ്യാമെന്നു കരുതുന്ന വിഢികള്‍ക്കുള്ള ഗുണപാഠമാണ് മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ കൊച്ചിയില്‍ പുറത്തു വന്നത്. തുച്ഛമായ ശമ്പളത്തില്‍ വീട്ടുവേലയ്ക്ക് നില്‍ക്കുന്ന ഭൂരിഭാഗം സ്ത്രീകളും ഇന്ന് അനുഭവിക്കേണ്ടി വരുന്ന കാര്യമാണ് സമ്പന്നരായ വീട്ടുടമകളുടെ ഭാഗത്തുനിന്നുള്ള പീഡനങ്ങളും മോഷണം നടത്തിയെന്നു പറഞ്ഞുള്ള കള്ള കേസുകളും. പണത്തിന്റെ സ്വാധീനത്താല്‍ അത് പുറംലോകം അറിയാതെ പോകുന്ന സാഹചര്യമാണ് എപ്പോഴും. പൊലീസ് കാശുള്ളവരുടെ കൂടെ നില്‍ക്കും എന്ന ആരോപണം വേറെ. എന്നാല്‍ അതിനു വിപരീതമായി വീട്ടമ്മയുടെ കള്ളകളി പൊലീസ് കണ്ടെത്തിയിരിക്കുകയാണ് കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍.

വര്‍ഷങ്ങളായി കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ഐശ്വര്യയില്‍ റോഷ്‌നി നായരുടെ വീട്ടില്‍ വേലചെയ്യുന്ന ബംഗാള്‍ സ്വദേശിനിയാണ് യുവതി. തൊഴില്‍ പ്രശ്‌നം മൂലം സ്വന്തം നാട്ടില്‍ നിന്നും കേരളത്തിലേക്ക് വീട്ടുവേലയ്ക്ക് വരുമ്പോള്‍ യുവതി ഓര്‍ത്തിരുന്നില്ല. ഇനി അനുഭവിക്കാന്‍ പോകുന്നത് വീട്ടമ്മയുടെ വക ശാരിരിക പീഡനങ്ങളും കള്ളകേസുകളും ആണെന്ന്.

ചെയ്യുന്ന ജോലിക്ക് കുറ്റം ചുമത്തുക. ജോലി ചെയ്യില്ലാ എന്ന് പറഞ്ഞുള്ള നിരന്തര പീഡനം തുടങ്ങിയവയാണ് വര്‍ഷങ്ങളായി ഈ യുവതി നേരിട്ടിരുന്നത്. നിരന്തര പീഢനം തുടര്‍ന്നപ്പോള്‍ അവിടെ നിന്നും ജീവനും വാരിയെടുത്ത് അവസാനം ഇറങ്ങുകയായിരുന്നു. എങ്ങോട്ട് പോകണമെന്ന് അറിയാതെ അലഞ്ഞു തിരിഞ്ഞ് അവസാനം പാതിരാത്രി ചെന്നെത്തിയത് കിലോമീറ്ററുകള്‍ അകലെ ഞാറയ്ക്കലിലെ ഒരു വീട്ടില്‍. അവശനിലയില്‍ ദാഹജലത്തിനായി കേണ യുവനതിയെ വീട്ടുകാര്‍ സഹായിക്കുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്.

ചങ്ങമ്പുഴ നഗറിലെ വീട്ടില്‍ നിന്നും തന്നേയും മകളെയും പൂട്ടിയിട്ട് വേലക്കാരി 30 പവന്‍ ആഭരണങ്ങളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച് കടന്നു കളഞ്ഞു എന്ന് റോഷ്ണി നായകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. പൊലീസെത്തി ബംഗാളി യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ കേസ് നേരെ തിരഞ്ഞു. പൊലീസ് നേരെ റോഷ്ണിയുടെ വീട്ടിലെത്തി. മുറികള്‍ പരിശോധിച്ചപ്പോള്‍, കാണാതായെന്നു പറയുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അതോടെ സ്വര്‍ണ്ണ മോഷണ കഥ പൊളിഞ്ഞു.

മൂന്നുവര്‍ഷമായി പെണ്‍കുട്ടി ചങ്ങമ്പുഴ നഗറിലെ വീട്ടില്‍ വേലയ്ക്കു നില്‍ക്കുകയായിരുന്നു. ശമ്പളമായി ആകെ നല്‍കിയത് 570 രൂപ മാത്രം. പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടും മറ്റും വീട്ടമ്മ മര്‍ദ്ദിക്കുമായിരുന്നു. മുടി മുറിച്ചു കളഞ്ഞു.പെണ്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. സഹികെട്ട് വീടുവിട്ടുപോകാന്‍ തുനിഞ്ഞപ്പോള്‍ പൊലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്ന് വീട്ടമ്മ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.അതുകൊണ്ടാണ് വീടുവിട്ടുപോയപ്പോള്‍ വീട്ടുകാരുടെ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോയത്- യുവതി പൊലീസിനോട് പറഞ്ഞു.

പൊലീസെത്തി പെണ്‍കുട്ടിയെ ഏറ്റുവാങ്ങി കളമശ്ശേരിയിലേക്കു കൊണ്ടുവന്നു. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിനും കള്ളപ്പരാതി നല്‍കിയതിനും ചങ്ങമ്പുഴ ഐശ്വര്യയില്‍ റോഷ്‌നി നായര്‍ക്കെതിരെ കേസെടുത്തതായി സിഐ എസ് ജയകൃഷ്ണന്‍ നാരദ ന്യുസിനോട് പറഞ്ഞു.