സംസ്ഥാനപാതകളെ ജില്ലാപാതകളാക്കി; ഹൈക്കോടതി ഉത്തരവോടെ ശബരിമല പാതയില്‍ തുറന്നത് അഞ്ചുബാറുകള്‍

ബാറുകള്‍ക്ക് സമീപത്തെ സംസ്ഥാനപാതകള്‍ ജില്ലാറോഡുകളായിരുന്നപ്പോഴത്തെ രേഖകളുപയോഗിച്ചാണ് ബാറുടമകള്‍ അനുകൂല വിധി സമ്പാദിച്ചത്. സര്‍ക്കാര്‍ രേഖകളിലും വെബ്‌സൈറ്റിലും ഇവ ഇപ്പോഴും സംസ്ഥാനപാതകളാണ്.

സംസ്ഥാനപാതകളെ ജില്ലാപാതകളാക്കി; ഹൈക്കോടതി ഉത്തരവോടെ ശബരിമല പാതയില്‍ തുറന്നത് അഞ്ചുബാറുകള്‍

സുപ്രിംകോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കണ്ണടച്ചപ്പോള്‍ ശബരിമല പാതയിലെ തൊടുപുഴയില്‍ അഞ്ചു ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പൊതുമരാമത്തു വകുപ്പിന്റെ രേഖകളില്‍ സംസ്ഥാനപാത എന്നു രേഖപ്പെടുത്തിയിരിക്കുന്ന റോഡിലുള്ള സിസിലിയ, ജോയന്‍സ്, അമ്പാടി, മൂണ്‍ലൈറ്റ്, ഇടശേരി എന്നീ ബാറുകളാണ് കോടതി അനുമതിയോടെ തുറന്നത്. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് ഇവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഹൈക്കോടതി വിധി പ്രസ്താവിച്ചത്.


തൊടുപുഴയിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ജില്ലാ റോഡുകളാണെന്നായിരുന്നു ബാറുടമകളുടെ വാദം. ഈ വാദം സര്‍ക്കാര്‍ അഭിഭാഷകന്‍ ഖണ്ഡിച്ചില്ല. ഇവ ജില്ലാ റോഡുകളാണെന്ന് തെളിയിക്കാന്‍ പതിനേഴു വര്‍ഷം മുമ്പുള്ള സര്‍ക്കാര്‍ വിജ്ഞാപനവും ബാറുടമകള്‍ ഹാജരാക്കി.

7-4-2000 തിയതിയിലെ സര്‍ക്കാര്‍ ഗസറ്റ് തെളിവായി സ്വീകരിച്ച കോടതി ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റിലും രേഖകളിലും ഈ റോഡുകള്‍ സംസ്ഥാനപാതകളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ റോഡുകള്‍ ഇപ്പോള്‍ സംസ്ഥാനപാതകളാണെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഉറപ്പിച്ചുപറയുന്നു. സംസ്ഥാനപാതകളായ 8, 33, 40 എന്നിവയുടെ സമീപത്താണ് ഈ ബാറുകളെന്ന് പൊതുമരാമത്ത് വകുപ്പിന്റെ മാപ്പിലും വ്യക്തമാണ്. ഈ രേഖകള്‍ കോടതിയില്‍ ഹാജരാക്കാനോ ബാറുകള്‍ സംസ്ഥാനപാതകള്‍ക്ക് സമീപത്താണുള്ളതെന്ന് സ്ഥാപിക്കാനോ സര്‍ക്കാര്‍ വിഭാഗം അഭിഭാഷകന്‍ ശ്രമിച്ചിരുന്നെങ്കില്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ സാധിക്കുമായിരുന്നില്ലെന്ന് ഹൈക്കോടതിയിലെ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

തൊടുപുഴ നഗരത്തിലെ സിസിലിയ ബാറുടമ മാത്യു കെജെയാണ് പ്രവര്‍ത്തനാനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മറ്റു ബാറുടമകളും കേസില്‍ കക്ഷിചേര്‍ന്നു.