പൊലീസിന് പിഴച്ചു; 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപി

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചുമത്തിയ 162 കേസുകള്‍ പുനപരിശോധിച്ചപ്പോഴാണ് 42 എണ്ണത്തില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. എഴുത്തുകാരന്‍ കമല്‍സി ചവറക്കെതിരായ കേസിലും യുഎപിഎ നിലനില്‍ക്കില്ല.

പൊലീസിന് പിഴച്ചു; 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപി

സംസ്ഥാനത്ത് 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചുമത്തിയ 162 കേസുകള്‍ പുനപരിശോധിച്ചപ്പോഴാണ് 42 എണ്ണത്തില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയെ ഡിജിപി അറിയിച്ചു. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളിലാണ് പൊലീസ് ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. എഴുത്തുകാരന്‍ കമല്‍സി ചവറക്കെതിരായ കേസിലും യുഎപിഎ നിലനില്‍ക്കില്ല.

രജീഷ് കൊല്ലക്കണ്ടി, കമല്‍സി ചവറ തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കേസുകള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ സംഘം കേസുകള്‍ പരിശോധിച്ചിരുന്നു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യുഎപിഎ നിലനില്‍ക്കാത്ത കേസുകള്‍ ഏറ്റവുംകൂടുതലുള്ളത്. ജില്ലാ പോലീസ് മേധാവിമാരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.

യുഎപിഎ ചുമത്തിയ 99 ശതമാനം കേസുകളിലും അറസ്റ്റ് നടന്നിട്ടില്ലെന്ന് ഡിജിപി പറഞ്ഞു. പല കേസുകളിലും വിചാരണ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പലരും ജയിലിലുമാണ്. യുഎപിഎ ചുമത്തിയ കേസുകളില്‍ ആറുമാസക്കാലത്തേക്ക് ജാമ്യം കിട്ടില്ല. ഇപ്പോള്‍ അന്വേഷണം നടക്കുന്ന കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് പൊലീസ്, കോടതിയില്‍ അറിയിക്കും. യുഎപിഎ ഒഴിവാക്കിയുള്ള അന്വേഷണം ഈ കേസുകളില്‍ തുടരും.

അതേസമയം തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കമല്‍സി ചവറ പറഞ്ഞു. തന്നെ കസ്റ്റഡിയിലെടുത്ത കഴിഞ്ഞ ഡിസംബറില്‍ത്തന്നെ കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഡിജിപി പറഞ്ഞിരുന്നു. പക്ഷെ നടപടിക്രമങ്ങള്‍ തന്റെ ജീവിതത്തെ വലിയതോതില്‍ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താനിപ്പോഴും രേഖകളില്‍ രാജ്യദ്രോഹിയായ കുറ്റവാളിയാണ്. പോലീസിന് സംഭവിച്ച തെറ്റു തിരുത്താന്‍ താനിത്രയും കാലം കുറ്റക്കാരനായി കഴിയേണ്ടു വന്നു. ഇതില്‍ പ്രതിഷേധവും ദുഖവുമുണ്ടെന്ന് കമല്‍സി ചവറ പ്രതികരിച്ചു.

Read More >>