കാസര്‍കോട് മദ്രസ അധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡോ. ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കാസര്‍കോട് മദ്രസ അധ്യാപകനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട് മദ്രസ അധ്യാപകനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അജേഷ് എന്ന അപ്പു, നിധിന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. വര്‍ഗീയ വിരോധമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുള്ളതായി പൊലീസിനു സംശയമുണ്ട്.

അതേസമയം, കാസര്‍ഗോഡ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്റ് ചെയ്തു.സൈബര്‍ സെല്‍, ഫോറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതികളെ കുടുക്കിയത്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ.എ.ശ്രീനിവാസ്, മാനന്തവാടി ജോയിന്റ് എസ്പി ജി ജയദേവ്, മലപ്പുറം ഡിഡിആര്‍ബി ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ നായര്‍, തളിപ്പറമ്പ് സിഐ പി കെ സുധാകരന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

നേരത്തെ, കേസ് അന്വേഷിച്ച കാസര്‍ഗോഡ് ഡിവൈഎസ്പി എം വി സുകുമാരന്‍, സിഐ അബ്ദുല്‍ റഹീം, എസ്‌ഐ അജിത്കുമാര്‍ എന്നിവരുടെ സഹായവും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. കൊലയ്ക്കു ശേഷം പ്രതികള്‍ ഇവിടെനിന്നും മുങ്ങിയിരുന്നു. ഇതാണ് ഇവരെ പെട്ടെന്നു തിരിച്ചറിയാന്‍ പൊലീസിനു സഹായകമായത്.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് താമസസ്ഥലത്തുവച്ച് റിയാസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. റിയാസ് പളളിയോട് ചേര്‍ന്നുളള മുറിയിലാണ് കിടന്ന് ഉറങ്ങിയിരുന്നത്. തൊട്ടടുത്ത മുറിയില്‍ പളളി ഖത്തീബാണ് താമസിക്കുന്നത്. അര്‍ദ്ധ രാത്രി ശബ്ദം കേട്ടെത്തിയ ഖത്തീബ് മുറി തുറന്നപ്പോള്‍ കല്ലേറ് ഉണ്ടായി. തുടര്‍ന്ന് ഖത്തീബ് മൈക്കിലൂടെ അപകടം സംഭവിച്ച കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ സംഘടിച്ചെത്തി പരിശോധിച്ചപ്പോഴാണ് കഴുത്തറുത്ത നിലയില്‍ റിയാസിനെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിയാസിന്റെ ജീവന്‍ രക്ഷഇക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡോ. ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.