22 ഫീമെയില്‍ കോട്ടയം മോഡല്‍ തിരുവനന്തപുരത്തും; ലൈംഗിക അതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു

കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു പേട്ടയിലാണ് സംഭവം.

22 ഫീമെയില്‍ കോട്ടയം മോഡല്‍ തിരുവനന്തപുരത്തും; ലൈംഗിക അതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു

22 ഫീമെയില്‍ കോട്ടയം സിനിമാ മോഡല്‍ സംഭവം തിരുവനന്തപുരത്തും. ലൈംഗികാതിക്രമത്തിനു ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം നിയമ വിദ്യാര്‍ത്ഥിനി മുറിച്ചെടുത്തു. തിരുവനന്തപുരത്തു പേട്ടയിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാമിക്ക് 54 വയസ്സ് പ്രായമുണ്ട്.

തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് 23-കാരിയായ യുവതി പൊലീസിനു മൊഴി നല്‍കിയതായാണ് അറിയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

ഇന്നലെ രാത്രി ഗംഗേശാനന്ദ തീര്‍ത്ഥപാദം വീട്ടിലെത്തുമെന്നറിഞ്ഞ യുവതി തന്നെ ഉപദ്രവിച്ചാല്‍ നേരിടാന്‍ കത്തി കൈയില്‍ കരുതിയിരുന്നതായും പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണ്. യുവതിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തുന്നതെന്നും പൊലീസ് അറിയിച്ചു. ഹരിസ്വാമിയെന്നറിയപ്പെടുന്ന ശ്രീഹരിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവതിക്കെതിരെ ഇതുവരെ കേസൊന്നും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഹരി പൊലീസ് നിരീക്ഷണത്തിലാണ് ആശുപത്രിയില്‍ കഴിയുന്നത്.

ഇതിനിടെ ജനനേന്ദ്രിയം മുറിഞ്ഞു തൂങ്ങിയ നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് 54 വയസുകാരനെ ജനനേന്ദ്രിയം 90 ശതമാനവും മുറിഞ്ഞ് തൂങ്ങിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നത്. തിരിച്ച് തുന്നിച്ചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു എങ്കിലും മൂത്രം പോകുന്നതിനും രക്തസ്രാവം നിയന്ത്രിക്കുന്നതിനുമായി പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടേയും യൂറോളജി വിദഗ്ധരുടേയും നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.