വരള്‍ച്ച വില്ലനായി: വയനാട് വന്യജീവി സങ്കേതത്തില്‍ നാലു മാസത്തിനിടെ ചരിഞ്ഞത് 18 കാട്ടാനകള്‍; കടുവയുമായുള്ള 'ജലയുദ്ധ'ത്തിൽ മാത്രം കൊല്ലപ്പെട്ടത് ആറ് ആനകൾ

14 പ്രായപൂര്‍ത്തിയായ ആനകളും നാലു കുട്ടിയാനകളുമാണ് വനത്തില്‍ മതിയായ വെള്ളവും ഭക്ഷണവുമില്ലാതെ ചരിഞ്ഞത്. ആറ് ആനകള്‍ വെള്ളത്തിനു വേണ്ടി കടുവയുമായി ഏറ്റുമുട്ടിയാണ് ചരിഞ്ഞതെന്നാണ് വയനാട് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറയുന്നത്. വേനല്‍ കടുത്ത വനത്തിനകത്ത് ജലസ്രോതസ്സുകള്‍ ഏറെക്കുറെ വറ്റിവരണ്ടിരുന്നു.

വരള്‍ച്ച വില്ലനായി: വയനാട് വന്യജീവി സങ്കേതത്തില്‍ നാലു മാസത്തിനിടെ ചരിഞ്ഞത് 18 കാട്ടാനകള്‍; കടുവയുമായുള്ള ജലയുദ്ധത്തിൽ മാത്രം കൊല്ലപ്പെട്ടത് ആറ് ആനകൾ

ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കു വയനാട് നീങ്ങുമ്പോള്‍ നാലു മാസത്തിനിടെ വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം 18 കാട്ടാനകള്‍ ചരിഞ്ഞതായി കണക്ക്. 2017 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്. 14 പ്രായപൂര്‍ത്തിയായ ആനകളും നാലു കുട്ടിയാനകളുമാണ് വനത്തില്‍ മതിയായ വെള്ളവും ഭക്ഷണവുമില്ലാതെ ചരിഞ്ഞത്. ആറ് ആനകള്‍ വെള്ളത്തിനു വേണ്ടി കടുവയുമായി ഏറ്റുമുട്ടിയാണ് ചരിഞ്ഞതെന്നാണ് വയനാട് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറയുന്നത്. വേനല്‍ കടുത്ത വനത്തിനകത്ത് ജലസ്രോതസ്സുകള്‍ ഏറെക്കുറെ വറ്റിവരണ്ടിരുന്നു.

ആനകളുടെ ഭക്ഷണമായ മുളങ്കാടുകളും ഉണങ്ങിയമര്‍ന്ന നിലയിലാണ്. ഇതോടെയാണ് ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്കു പലായനം തുടരുന്നത്. അതേസമയം മുതുമല, ബന്ദിപ്പൂര്‍ കടുവാ സങ്കേതങ്ങളില്‍ നിന്ന് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്കു കുടിയേറിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ് കുമാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. വന്യമൃഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു പ്രധാന കാരണവും ഇതാണ്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിലാണ് കേരള, തമിഴ്‌നാട്, കര്‍ണ്ണാടക ഭാഗങ്ങളിലെ ടൈഗര്‍ റിസര്‍വുകളും വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളും സ്ഥിതി ചെയ്യുന്നത്. തുടര്‍ച്ചയായാണ് ഓരോ സങ്കേതങ്ങളും ഉള്ളത്. ബന്ദിപ്പൂരില്‍ കാട്ടുതീയുണ്ടായ വേളയില്‍ മൃഗങ്ങള്‍ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്കു കുടിയേറിയിരുന്നു. മുതുമലയിലും ഇതു തന്നെയാണ് അവസ്ഥ.

പൊതുവെ ആന, കാട്ടുപോത്ത് എന്നിവയുടെ ശരീരത്തില്‍ ഊഷ്മാവ് കൂടുതലാണ്. ഉഷ്ണം അസഹ്യമാകുന്ന വേളയില്‍ വെള്ളത്തിലിറങ്ങിയോ മണ്ണു കോരി ശരീരത്തിലിട്ടോയാണ് ആനകള്‍ പ്രതിരോധിക്കാറ്. എന്നാൽ ഇത്തവണത്തെ വരള്‍ച്ചയില്‍ കാട്ടരുവികളും വനത്തിനകത്തെ കുളങ്ങളുമെല്ലാം ഉണങ്ങി വരണ്ട അവസ്ഥയാണ്. ടാങ്കറില്‍ വെള്ളമെത്തിച്ച് കുളങ്ങള്‍ നിറയ്ക്കുന്ന പദ്ധതി വനംവകുപ്പ് തുടരുന്നതിനാലാണ് മരണമടയുന്ന ആനകളുടെ കണക്ക് 18 ആയെങ്കിലും കുറഞ്ഞത്. അല്ലാത്ത പക്ഷം കുത്തനെ വര്‍ധിക്കുമായിരുന്നു. ചൂട് അസഹ്യമാകുന്നതോടെ ബാക്ടീരിയയുടെ ആക്രമണത്തില്‍ ആനകളുടെ ശരീരത്തില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നതായി വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നു. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് തമിഴ്‌നാട്, കര്‍ണാടക വനങ്ങളില്‍ നിന്ന് ഇങ്ങോട്ട് ആനകളുടെ പലായനം വേനലിന്റെ തുടക്കത്തിലേ തുടങ്ങിയതായി വനപാലകര്‍ ചൂണ്ടിക്കാട്ടുന്നു.

2007ല്‍ കടുത്ത വരള്‍ച്ചയിലും വെള്ളം ലഭിക്കാതെയും ശരീരത്തില്‍ ഊഷ്മാവ് വര്‍ധിച്ചും 25 കാട്ടാനകളാണ് വയനാട് വന്യജീവിസങ്കേതത്തില്‍ ചരിഞ്ഞത്. 2016ല്‍ ഇത് 12 ആയിരുന്നു. വരള്‍ച്ചയെത്തുടര്‍ന്ന് 18 ആനകള്‍ ചരിഞ്ഞത് ഈ വര്‍ഷത്തെ കേരളത്തിലെ ഏറ്റവും വലിയ കണക്കാണ്. അതേസമയം, വനാതിര്‍ത്തികളോടു ചേര്‍ന്ന ഗ്രാമങ്ങളിലേക്ക് കാട്ടാനകളുടെ പലായനം വര്‍ധിച്ചതോടെ ജനജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. രാപ്പകലില്ലാതെ ഗ്രാമങ്ങളില്‍ കാട്ടാനകളുടെ സ്വൈരവിഹാരമാണ്. നാട്ടിന്‍പുറങ്ങളിലെ ചക്കയും മാങ്ങയും ലക്ഷ്യമിട്ടാണ് കാട്ടാനകളുടെ പലായനം. കരിവീരന്‍മാര്‍ കാടിറങ്ങുന്നതോടെ വന്‍ കൃഷിനാശമാണ് വയനാട്ടിലെ മലയോര മേഖലയില്‍ ഉണ്ടാകുന്നത്.

Read More >>