സര്‍ക്കാരിന് അഭിമാനിക്കാം; ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പുതുതായി എത്തിയത് ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍

തസ്തിക നഷ്ടപ്പെടുന്ന അവസ്ഥയില്‍നിന്നാണ് തസ്തിക സൃഷ്ടിക്കുന്നതിലേക്ക് വിദ്യാലയങ്ങള്‍ എത്തിയതെന്നുള്ളത് അഭിമാനകരമായ നേട്ടം തന്നെയാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ജനസംഖ്യാ നിരക്ക് കുറഞ്ഞു തുടങ്ങിയശേഷം സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ വന്‍ വര്‍ധന ഇത് ആദ്യമാണെന്നുള്ളതും ശുഭ സൂചനയാണ് തരുന്നത്...

സര്‍ക്കാരിന് അഭിമാനിക്കാം; ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പുതുതായി എത്തിയത് ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍

ഈ അധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഒന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ സര്‍ക്കാര്‍ സ്‌കൂള്‍ തേടിയെത്തിയത്. സ്വകാര്യ വിദ്യാലയങ്ങള്‍ കുട്ടികള്‍ക്കായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിനിടയിലാണ് അഭിമാനകരമായ നേട്ടവുമായി സര്‍ക്കാര്‍ സ്‌കൂളുകള്‍ മുന്‍പന്തിയില്‍ എത്തിയത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷനായി ഒരുക്കിയ 'സമ്പൂര്‍ണ' ഓണ്‍ലൈനിലെ കണക്കു പ്രകാരമാണണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ വര്‍ഷം ഒന്നരലക്ഷം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനയുണ്ടായെന്ന വിവരം പുറത്തുവരുന്നത്. സംസ്ഥാനത്തെ അണ്‍എയിഡഡ് സ്‌കൂളുകളില്‍ നിന്നടക്കം പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ളാസുകളില്‍ ആകെ 32 ലക്ഷം കുട്ടികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 33.5 ലക്ഷമായി ഉയരുകയായിരുന്നു.

കുട്ടികളുടെ എണ്ണം കൂടിയതനനുസരിച്ച് അധ്യാപക നിയനത്തിലും മാറ്റങ്ങളുണ്ടാകുമെ്‌നാണ് സൂചനകള്‍. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പുതുതായി ആറായിരം തസ്തിക സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം ജൂലൈ 15നകം പൂര്‍ത്തിയാകും. എല്‍പി 1:30, യുപി 1:35, ഹൈസ്‌കൂള്‍ 1:45 എന്നീ അധ്യാപകവിദ്യാര്‍ഥി അനുപാതത്തിലായിരിക്കും തസ്തിക നിര്‍ണയം.

തസ്തിക നഷ്ടപ്പെടുന്ന അവസ്ഥയില്‍നിന്നാണ് തസ്തിക സൃഷ്ടിക്കുന്നതിലേക്ക് വിദ്യാലയങ്ങള്‍ എത്തിയതെന്നുള്ളത് അഭിമാനകരമായ നേട്ടം തന്നെയാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ജനസംഖ്യാ നിരക്ക് കുറഞ്ഞു തുടങ്ങിയശേഷം സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ വന്‍ വര്‍ധന ഇത് ആദ്യമാണെന്നുള്ളതും ശുഭ സൂചനയാണ് തരുന്നത്. കാലങ്ങളായി ഒന്നാം ക്ളാസില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയായിരുന്നുവെ്‌നനുള്ളതാണ് വാസ്തവം.

ഒന്നാംക്ലാസിലേക്ക് കഴിഞ്ഞ തവണ 2,49,533 കുട്ടികളാണ് എത്തിയത്. അവിടേക്ക് ഇത്തവണ 3000 കുട്ടികള്‍ കൂടുതലായി എത്തിയിട്ടുണ്ട്. മാത്രമല്ല സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളുകളിലേ്ക് വിദ്യാര്‍ത്ഥികള്‍ മാറിയെത്തുകയും ചെയ്തു. ഈ നിരക്ക് ഇനിയും കൂടാമെന്ന് അധികൃതര്‍ പറയുന്നു. 2017 മുതല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നിര്‍ദേശിക്കുന്നതിനാല്‍ മാറിവരുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.