കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു

പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് എസ്പി തള്ളിയിരുന്നു. കുട്ടിയുടെ മരണം ആത്മഹത്യയാണെന്നു എഴുതിത്തള്ളിയ കൊട്ടാരക്കര ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിലയിരുത്തിയാണ് റൂറല്‍ എസ്പി റിപ്പോര്‍ട്ട് തള്ളിയത്. ഇതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ തീരുമാനമുണ്ടായത്.

കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു

കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ഉന്നത പോലീസ് നേതൃത്വത്തിനിടയില്‍ ധാരണയായി. നിലവിലെ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ കണക്കിലെടുത്താണ് നടപടി.

പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് എസ്പി തള്ളിയിരുന്നു. കുട്ടിയുടെ മരണം ആത്മഹത്യയാണെന്നു എഴുതിത്തള്ളിയ കൊട്ടാരക്കര ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് വിലയിരുത്തിയാണ് റൂറല്‍ എസ്പി റിപ്പോര്‍ട്ട് തള്ളിയത്.

കുട്ടിയുടെ മരണത്തില്‍ പ്രതിയെന്നു കണ്ടെത്തിയ വിക്ടറിനേയും മകനേയും സംശയിക്കാനുള്ള കാരണങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്നും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നും ഡിവൈഎസ്പി ബി കൃഷ്ണകുമാറിനോട് എസ്പി ആവശ്യപ്പെട്ടു.

മരിച്ച കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും അയല്‍വാസികളുടെയും മൊഴിയെടുത്താണ് വിക്ടറും മകനും സംഭവത്തില്‍ ഉള്‍പ്പെട്ടതായി ഡിവൈഎസ്പി കണ്ടെത്തിയിരുന്നത്. ഇതില്‍ വ്യക്തതയില്ലെന്നാണ് റൂറല്‍ എസ്പി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയാല്‍ നേരത്തെ ലോക്കല്‍ പൊലീസ് മരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഉള്‍പ്പെടെ പരിശോധിക്കപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അന്വേഷണസംഘത്തെ ഉടന്‍ പ്രഖ്യാപിക്കും.

അതേസമയം, കുണ്ടറ പീഡനക്കേസിലെ പ്രതിയായ വിക്ടറിന്റെ ഭാര്യ ലതാമേരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ പീഡനത്തിന് ഒത്താശ ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.