ഹർത്താൽ അക്രമം: 1369 സംഘപരിവാറുകാർ അറസ്റ്റിൽ; കണ്ടാലറിയാവുന്ന 5000ഓളം പേര്‍ പ്രതികൾ

'ബ്രോക്കൺ വിൻഡോ' എന്ന പേരിൽ ഓപറേഷൻ ആവിഷ്കരിച്ചാണ് അക്രമസംഭവങ്ങളിൽ പ്രതികളായവരെ പൊലീസ് പിടികൂടിയത്.

ഹർത്താൽ അക്രമം: 1369 സംഘപരിവാറുകാർ അറസ്റ്റിൽ; കണ്ടാലറിയാവുന്ന 5000ഓളം പേര്‍ പ്രതികൾ

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുണയോടെ സം​ഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 1369 പേര്‍ അറസ്​റ്റിൽ. ഇതുവരെ 801കേസുകളാണ് ഹര്‍ത്താല്‍ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത്രയും കേസുകളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 5000ഓളം പേര്‍ പ്രതികളെന്നാണ് കണക്കുകൂട്ടല്‍. 717 പേര്‍ കരുതല്‍ തടങ്കലിലുണ്ടെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

ബ്രോക്കൺ വിൻഡോ എന്ന പേരിൽ ഓപറേഷൻ ആവിഷ്കരിച്ചാണ് അക്രമസംഭവങ്ങളിൽ പ്രതികളായവരെ പൊലീസ് പിടികൂടിയത്. ഇതു പ്രകാരം ഓരോ പൊലീസ് സ്റ്റേഷനിലും നാലു പൊലീസുകാരടങ്ങുന്ന പ്രത്യേകസംഘത്തെ പ്രതികളെ തിരിച്ചറിയാനും അറസ്​റ്റിനും വേണ്ടി നിയോഗിച്ചിട്ടുണ്ട്​.

ജില്ലാ തലത്തില്‍ എസ്​പിയുടെ നേതൃത്വത്തിലും പ്രത്യേക സംഘമുണ്ട്. വരും ദിവസങ്ങളിലായി കൂടുതൽ അറസ്​റ്റുണ്ടാകുമെന്നാണ്​ സൂചന. ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളില്‍ ജില്ലാ പൊലീസ് മേധാവികളോട് ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു.

പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് പൊലീസ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഹർത്താലിൽ അക്രമം നടത്തുന്നവരെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.

മുമ്പ് ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമല പരിസരത്തു നടത്തിയ കലാപവുമായി ബന്ധപ്പെട്ടാണ് വ്യാപകമായ അറസ്റ്റുണ്ടായത്. അന്ന് 3500ഓളം സംഘപരിവാർ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ബിജെപി സംസ്ഥാന നേതാക്കളടക്കം ഉണ്ടായിരുന്നു.