മാസങ്ങള്‍ നീണ്ട ബലാത്സംഗം: 13 വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; പീഡനം തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടത്തില്‍

സ്‌കൂള്‍ വാര്‍ഷികത്തിന് കൊണ്ടുപോകാത്തതിന്റെ വിഷമത്തില്‍ ജീവിതം അവസാനിപ്പിച്ചതാകാമെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. പിറ്റേന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി നിരവധി തവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായത്.

മാസങ്ങള്‍ നീണ്ട ബലാത്സംഗം: 13 വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; പീഡനം തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടത്തില്‍

പുനലൂരില്‍ 13 വയസുള്ള ആണ്‍കുട്ടി തുങ്ങി മരിച്ച നിലയില്‍. എട്ടാംക്ലാസ് വിദ്യാര്‍ത്ഥി പീഡനത്തിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 19നാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 13 വയസ്സുകാരനെ വീട്ടില്‍ തനിച്ചാക്കി സഹോദരിയുടെ സ്‌കൂളിലെ വാര്‍ഷിക പരിപാടികള്‍ കാണാന്‍ കുടുംബം പോവുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്‌കൂള്‍ വാര്‍ഷികത്തിന് കൊണ്ടുപോകാത്തതിന്റെ വിഷമത്തില്‍ ജീവിതം അവസാനിച്ചതാകാമെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. പിറ്റേന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി നിരവധി തവണ മലദ്വാരത്തിലൂടെ ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായത്. തുടര്‍ന്ന് പോലീസ് കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം നടത്തി വരികയാണെന്ന് പുനലൂര്‍ എസ്.ഐ അറിയിച്ചു. അഞ്ചല്‍ സി.ഐക്കാണ് അന്വേഷണ ചുമതല.

സുഹൃത്തുക്കള്‍, സഹപാഠികള്‍, അയല്‍വാസികള്‍, ബന്ധുക്കള്‍ എന്നിവരെയെല്ലാം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.വിരലടയാള വിദഗ്ധരും സയന്റിഫിക് ഓഫീസറും സ്ഥലത്ത് എത്തിയ ശേഷമാണ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയത്. തൊട്ടടുത്ത ദിവസം തന്നെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് കൈപ്പറ്റി. പോസ്റ്റ് മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ. വല്‍സലയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. മരണത്തിന് മുന്‍പ് പല തവണ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. സംശയമുള്ള എല്ലാവരെയും പോലീസ് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കി വരികയാണ്. സഹോദരിയുടെ സ്‌കൂളിലെ പരിപാടിക്ക് കൊണ്ട് പോകാത്ത മാനസിക വിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്തു എന്നാണ് വീട്ടുകാര്‍ പറയുന്നത്. കുടുംബത്തിലെ എല്ലാവരും പരിപാടിക്ക് പോയപ്പോള്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

കുണ്ടറയില്‍ പത്ത് വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നെങ്കിലും പോലീസ് അന്വേഷണത്തില്‍ വീഴ്ച്ച ഉണ്ടായത് വലിയ വിവാദമായിരുന്നു. സമാനമായ സാഹചര്യത്തില്‍ കുട്ടി മരിച്ച സംഭവത്തില്‍ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ചുറ്റും റബ്ബര്‍ കാടുകളും മലയിടുക്കുകളുമുള്ള ഒഴിഞ്ഞ പ്രദേശമാണ്. ഒറ്റപ്പെട്ട വീടുകളാണ്. ഇത്തരം സാഹചര്യത്തില്‍ പീഡനം നടത്തിയവരിലേയ്ക്ക് വേഗത്തില്‍ എത്താന്‍ സാധിക്കുന്നില്ല. മരിച്ച ദിവസം പീഡനം നടന്നിട്ടുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.