സര്‍ക്കാര്‍ പരസ്യം: രേഖകള്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി

പ്രത്യേക വിജിലന്‍സ് കോടതിയാണ് പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പരസ്യത്തിന്റെ ആവശ്യകത ചോദ്യം ചെയ്ത് കോടതിയില്‍ വന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.

സര്‍ക്കാര്‍ പരസ്യം: രേഖകള്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി

സര്‍ക്കാര്‍ പരസ്യങ്ങള്‍ പിആര്‍ഡി വഴി നല്‍ക്കുന്നതിന്റെ നിയമവും മാനദണ്ഡവും സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജിഷ്ണു കേസിലെ സർക്കാർ-പൊലീസ് നടപടികൾ എടുത്തുകാട്ടിയും ഡിജിപി ഓഫീസിനു മുന്നിലെ മഹിജയുടേയും ബന്ധുക്കളുടേയും സമരത്തിനെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ചും പരസ്യം നല്‍കിയതിന്റെ ആവശ്യകത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.

മഹിജയെയും ബന്ധുക്കളേയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടി വിശദീകരിക്കാന്‍ പത്രങ്ങളില്‍ സര്‍ക്കാര്‍ നൽകിയ പരസ്യം പൊതു ഖജനാവില്‍നിന്നുള്ള ധൂര്‍ത്താണെന്നും ഇതിനായി ഒരു കോടി രൂപ ചെലവാക്കിയെന്നും ആരോപിച്ച് പൊതുപ്രവർത്തകൻ പായിച്ചറ നവാസാണ് ഹരജി നല്‍കിയത്.

പ്രത്യേക വിജിലന്‍സ് കോടതിയാണ് പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ പരസ്യം നല്‍കിയത് നിയമാനുസൃതമാണോ, ഇത്തരമൊരു പരസ്യം നല്‍കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ, പൊതു ഖജാനാവില്‍ നിന്നും ധൂര്‍ത്തടിച്ചതല്ലേ ഒരു കോടി രൂപ ചെലവഴിച്ച് പരസ്യം നൽകിയത് തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.

എന്നാല്‍ പരസ്യം നല്‍കാന്‍ സര്‍ക്കാരിന് നിയമപരമായി അധികാരം ഉണ്ടെന്ന് വിജിലന്‍സ് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ വാക്കാല്‍ മറുപടി വേണ്ടെന്നും ഇതിന്റെ രേഖകള്‍ ഹാജരാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. കേസ് അടുത്ത മാസം രണ്ടിനു പരിഗണിക്കും.

Read More >>