ജിഷ്ണു പ്രണോയിയുടെ മരണം; പ്രതികള്‍ക്കും പൊലീസിനും എതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ഹരജി

ജിഷ്ണുവിന്റേത് കൊലപാതകമാണെന്നും തെളിവ് മറക്കാന്‍ പൊലീസ് കൂട്ടുനിന്നതായും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതികളായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, രണ്ടാം പ്രതി പിആര്‍ഒ സഞ്ജിത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ പ്രവീണ്‍, അധ്യാപകന്‍ വിപിന്‍, പഴയന്നൂര്‍ എസ്ഐ, ചേലക്കര സിഐ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം

ജിഷ്ണു പ്രണോയിയുടെ മരണം; പ്രതികള്‍ക്കും പൊലീസിനും എതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ഹരജി

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കും കുറ്റക്കാരെ സംരക്ഷിക്കാന്‍ കൂട്ടു നില്‍ക്കുന്ന പൊലീസിനെതിരേയും കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ ഹരജി. ത്യശൂര്‍ തിരൂര്‍ സ്വദേശിയായ പി ഡി ജോസഫാണ് ഇതു സംബന്ധിച്ച ഹര്‍ജി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.

ജിഷ്ണുവിന്റേത് കൊലപാതകമാണെന്നും തെളിവ് മറക്കാന്‍ പൊലീസ് കൂട്ടുനിന്നതായും ഹരജിക്കാരന്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതികളായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, രണ്ടാം പ്രതി പിആര്‍ഒ സഞ്ജിത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ഇന്‍വിജിലേറ്റര്‍ പ്രവീണ്‍, അധ്യാപകന്‍ വിപിന്‍, പഴയന്നൂര്‍ എസ്ഐ, ചേലക്കര സിഐ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ഈ മാസം 28നു കേസ് വീണ്ടും കോടതി പരിഗണിക്കും. എന്നാല്‍ വരുന്ന തിങ്കളാഴ്ച്ച തന്നെ മുന്‍കൂര്‍ പെറ്റീഷന്‍ നല്‍കി കേസ് വീണ്ടും പരിഗണനക്ക് എടുപ്പിക്കുമെന്ന് ഹരജിക്കാരനായ ജോസഫ് നാരദ ന്യൂസിനോട് പറഞ്ഞു. ഐജിയായിരുന്ന ടോമിന്‍ തച്ചങ്കരിക്ക് എതിരെ സിംഗപ്പൂരില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ കടത്തിയതിനും, അനധികൃത സ്വത്തു സമ്പാദനം തുടങ്ങി കേസുകള്‍ നല്‍കിയ വ്യക്തിയാണ് ഈ കേസില്‍ ഹരജിക്കാരനായ ജോസഫ്. ടോമിന്‍ തച്ചങ്കരിക്ക് എതിരെയുള്ള കേസുകള്‍ ഇപ്പോള്‍ മൂവാറ്റുപ്പുഴ കോടതിയില്‍ നടന്നുവരുന്നുണ്ട്.

കളമശ്ശേരി ബസ് കത്തിച്ച കേസില്‍ ജോസഫിന്റെ ഹരജിയെ തുടര്‍ന്നായിരുന്നു മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിക്കെതിരെ കേസെടുത്തത്. പ്രമാദമായ ദല്‍ഹി തന്തൂരി കേസില്‍ പ്രതി അന്യായമായി ചെന്നൈ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയെന്നാരോപിച്ച് പ്രതിക്കെതിരെ ചെന്നൈ കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കിയതും ജോസഫിന്റെ ഹരജിയിലാണ്.