ബധിരനും മൂകനുമായ യുവാവിനെ തല്ലിച്ചതച്ചവരെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം;അജിത്കുമാറിന് വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങുന്നു

കോഴിക്കോട് എടക്കാട് സ്വദേശിയായ നമ്പൂരിശ്ശേരി അജിത്കുമാറിനെ ഏപ്രില്‍ 12നാണ് വീട്ടിലേക്ക് പോകുന്നതിനിടെ മൂന്നംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്. അടിയും തൊഴിയുമേറ്റ് കരയാന്‍ പോലും ത്രാണിയില്ലാത്ത നിസ്സഹായനായ മനുഷ്യന്റെ ഞരക്കം കേട്ടാണ് അയല്‍വാസികള്‍ ഓടിക്കൂടിയത്. കണ്ണിനും മുഖത്തുമായിരുന്നു ഏറെ പരിക്കേറ്റിരുന്നത്. എടക്കാട് സ്വദേശികളായ സനല്‍, സജില്‍, അഭിലാഷ് തുടങ്ങിയവര്‍ അജിത് കുമാറിനെ മര്‍ദ്ദിക്കുന്നത് പ്രദേശവാസികള്‍ നേരിട്ടുകാണുകയും ചെയ്തു. ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന അജിത്തിന് ഇപ്പോഴും ഇടതു കണ്ണിന് നീര്‍ക്കെട്ടുണ്ട്

ബധിരനും മൂകനുമായ യുവാവിനെ  തല്ലിച്ചതച്ചവരെ പോലീസ്  സംരക്ഷിക്കുന്നുവെന്ന് ആരോപണം;അജിത്കുമാറിന് വേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങുന്നു

ചെറിയൊരു സ്ഥല തര്‍ക്കത്തിന്റെ പേരില്‍ ബധിരനും മൂകനുമായ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചവരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് എടക്കാട്ട് വ്യാപക പ്രതിഷേധം. എടക്കാട് സ്വദേശിയായ നമ്പൂരിശ്ശേരി അജിത് കുമാറിനെ (43) ഏപ്രില്‍ 12നാണ് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രിയില്‍ മൂന്നംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്. അടിയും തൊഴിയുമേറ്റ് കരയാന്‍ പോലും ത്രാണിയില്ലാത്ത നിസ്സഹായനായ മനുഷ്യന്റെ ഞരക്കം കേട്ടാണ് അയല്‍വാസികള്‍ ഓടിക്കൂടിയത്. കണ്ണിനും മുഖത്തുമായിരുന്നു ഏറെ പരിക്കേറ്റിരുന്നത്.

എടക്കാട് സ്വദേശികളായ സഹോദരങ്ങള്‍ സനല്‍, സജില്‍, അഭിലാഷ് തുടങ്ങിയവര്‍ അജിത് കുമാറിനെ മര്‍ദ്ദിക്കുന്നത് പ്രദേശവാസികള്‍ നേരിട്ടുകാണുകയും ചെയ്തു. ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന അജിത്തിന് ഇപ്പോഴും ഇടതു കണ്ണിന് നീര്‍ക്കെട്ടുണ്ട്. എടക്കാട്, അജിത്തിന്റെ അഞ്ച് സെന്റ് സ്ഥലത്തോട് ചേര്‍ന്നാണ് പ്രതികളുടെ ജോലിക്കാര്‍ താമസിക്കുന്നത്. ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനം. മാതാപിതാക്കള്‍ മരിച്ചതിനാല്‍ അവിവാഹിതനായ അജിത് കുമാർ ബന്ധുവിനൊപ്പമാണ് താമസം.

എടക്കാട്ടെ പ്രധാന ബില്‍ഡേഴ്‌സ് ഉടമകളാണ് പ്രതികള്‍. "എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിയും പണമെറിഞ്ഞും നിലയ്ക്ക് നിര്‍ത്താന്‍ പ്രതികള്‍ക്കു സ്വാധീനമുണ്ട്. അതിനാൽ പ്രതികള്‍ മുങ്ങിയെന്ന് പറഞ്ഞ് പൊലീസ് കൈമലര്‍ത്തുകയാണ്" - നാട്ടുകാര്‍ ആരോപിക്കുന്നു. അജിത്തിന് നേരെ ആക്രമണം നടന്ന് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. എടക്കാട് ആന്റീ കറപ്ഷന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി.

"എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആക്ഷന്‍ കമ്മിറ്റിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടും പോലീസ് മാത്രം അനങ്ങാപ്പാറ നയം തുടരുകയാണ്. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ സമരം ശക്തമാക്കും" -നിരാഹാരത്തിന് നേതൃത്വം നല്‍കിയ എം സി സുദേഷ് കുമാര്‍ നാരദാന്യൂസിനോട് പറഞ്ഞു.