അന്താരാഷ്ട്ര മോഷ്ടാവിനെ മുംബൈയില്‍നിന്ന് നെടുമ്പാശേരി പൊലീസ് പിടികൂടി

ഒരാഴ്ചമുന്‍പ് കൊച്ചിയില്‍നിന്ന് 34ലക്ഷം രൂപ അപഹരിച്ചു മുംബൈയിലേക്ക് കടന്ന ഇയാളെ നെടുമ്പാശ്ശേരി പൊലീസ് ബുദ്ധിപൂര്‍വമായ നീക്കത്തിനൊടുവില്‍ ഇന്ന് ദാദറില്‍ വച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്താരാഷ്ട്ര മോഷ്ടാവിനെ മുംബൈയില്‍നിന്ന് നെടുമ്പാശേരി പൊലീസ് പിടികൂടി

കഴിഞ്ഞ അഞ്ചു വര്‍ഷമായി നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് ഹൈടെക്ക് മോഷണം നടത്തി വന്നിരുന്ന മഹാരാഷ്ട്ര സ്വദേശി കമറുദ്ദീന്‍ ഷെയ്ക്ക് കേരളാ പൊലീസിന്റെ പിടിയിലായി. ഒരാഴ്ചമുന്‍പ് കൊച്ചിയില്‍നിന്ന് 34ലക്ഷം രൂപ അപഹരിച്ചു മുംബൈയിലേക്ക് കടന്ന ഇയാളെ നെടുമ്പാശ്ശേരി പൊലീസ് ബുദ്ധിപൂര്‍വമായ നീക്കത്തിനൊടുവില്‍ ഇന്ന് ദാദറില്‍ വച്ചു അറസ്റ്റ് ചെയ്യുകയായിരുന്നു.

മാന്യമായ വേഷം ധരിച്ചെത്തുന്ന കമറുദ്ദീന്‍ ആദ്യം മികച്ച ഹോട്ടലുകളില്‍ വ്യാജ മേല്‍വിലാസത്തില്‍ മുറിയെടുക്കുകയും തുടര്‍ന്ന് സാഹചര്യങ്ങള്‍ നിരീക്ഷിച്ചു ഹോട്ടലിലെ മറ്റു മുറികളില്‍ മോഷണം നടത്തുകയുമായിരുന്നു പതിവ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനു സമീപമുള്ള ക്വാളിറ്റി ഇന്നില്‍ നിന്ന് 4 ലക്ഷം രൂപ, ലോട്ടസ് ഹോട്ടലില്‍ നിന്ന് ഏകദേശം 10 ലക്ഷം രൂപ, കളമശ്ശേരിയിലെ ഒരു ഹോട്ടലില്‍ നിന്ന് സ്വര്‍ണ്ണം ഉള്‍പ്പെടെ 20 ലക്ഷം രൂപയുടെ മുതലും ഈ മാസം അപഹരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ആളെ തിരിച്ചറിഞ്ഞു.

പൊലീസ് എത്തിയപ്പോഴേക്കും ഹോട്ടലില്‍ നിന്നും കമറുദ്ദീന്‍ ചെക്ക് ഔട്ട് ചെയ്തു പോയിരുന്നു.ഊബര്‍ ടാക്‌സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തി നിലവിലുണ്ടായിരുന്ന പ്രാദേശികവിമാനത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് ഊബറില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്തു കേരളാ പൊലീസ് മുംബൈയില്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നെടുമ്പാശ്ശേരി സി.ഐ കെ.വി.ബൈജു, എസ്.ഐ. സോണി മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഈ ഹൈടെക്ക് മോഷ്ടാവിനെ ദിവസങ്ങള്‍ക്കം വലയിലാക്കിയത്. ദുബായ്, സൗദി അറേബ്യ, മസ്‌കറ്റ് തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. പലപ്പോഴും മലയാളികളുടെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാകും ഇയാള്‍ മോഷണം നടത്തുക. ദുബായില്‍ വച്ചു പരിചയപ്പെട്ട ഒരു മലയാളിയുമായുള്ള ബന്ധമാണ് മോഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ കാരണമായത്.കമറുദ്ദീനെ ഇന്ന് കേരളത്തില്‍ എത്തിച്ചു കോടതി നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ്, നാരദാന്യൂസിനോട് പറഞ്ഞു.